തലശേരി- എം.എസ്.എഫ് നേതാവ് അരിയിൽ ഷുക്കൂറിനെ കൊന്ന കേസിൽ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി രാജേഷ് എം.എൽ.എക്കും എതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സി.ബി.ഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രം തലശേരി സെഷൻസ് കോടതി മടക്കി. കുറ്റപത്രവുമായി സി.ബി.ഐക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും ഏത് കോടതിയാണ് കുറ്റപത്രം സ്വീകരിക്കേണ്ടത് എന്ന കാര്യം ഹൈക്കോടതിക്ക് തീരുമാനിക്കാമെന്നും തലശേരി കോടതി വ്യക്തമാക്കി. വിചാരണ കണ്ണൂർ കോടതിയിൽനിന്ന് എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റണമെന്ന് നേരത്തെ സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞവർഷം കൊച്ചി സി.ബി.ഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രം കോടതി മടക്കിയതിനെ തുടർന്നാണ് സി.ബി.ഐ തലശേരി കോടതിയിൽ സമർപ്പിച്ചത്. രണ്ട് അന്വേഷണ ഏജൻസികൾ, പ്രത്യേകിച്ച് സി.ബി.ഐ നടത്തിയ അന്വേഷണത്തിലെ വിചാരണ തലശേരി കോടതിക്ക് നടത്താനാകുമോ എന്ന സംശയം കോടതി ഉന്നയിച്ചു. പ്രത്യേക കോടതിക്ക് മാത്രമേ ഈ കേസ് പരിഗണിക്കാനാകൂ എന്ന് സി.ബി.ഐ വ്യക്തമാക്കി. അതേസമയം ഒരു സെഷൻസ് കോടതിക്ക് മറ്റൊരു സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റാൻ അനുവാദമില്ലാത്തതിനാൽ ഹൈക്കോടതിയുടെ പരിഗണനയിലേക്ക് മാറ്റുകയായിരുന്നു. ഉടൻ ഹൈക്കോടതിയെ സമീപിച്ച് വിചാരണക്കുള്ള ഉത്തരവ് നേടുമെന്ന് സി.ബി.ഐ അറിയിച്ചു.
അതേസമയം, കേസ് ദുർബലപ്പെട്ടുവെന്ന വാദം ശരിയല്ലെന്നും നടപടിക്രമങ്ങൾ മാത്രമാണ് കോടതി സ്വീകരിച്ചതെന്നും അഡ്വ. ലത്തീഫ് അറിയിച്ചു.