തിരുവനന്തപുരം- കാസർക്കോട് പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവം അതീവ ദൗർഭാഗ്യകരമാണെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി. മന്ത്രിസഭ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സാധാരണ പാർട്ടിയെ പറ്റി ബോധ്യമുള്ള ഒരാളും ഈയവസരത്തിൽ ഇത്തരത്തിൽ ഒരു നടപടിക്ക് മുതിരില്ലെന്നും പിണറായി വ്യക്തമാക്കി. കാസർക്കോട് ജില്ലയിൽ ഇടതുമുന്നണിയുടെ ജാഥ നടക്കുന്ന വേളയിൽ ആരും ഇങ്ങിനെ ചെയ്യില്ല. ഇത് സംബന്ധിച്ച് പാർട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാറിന് ചെയ്യാൻ പറ്റുന്നത് ചെയ്തിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ പ്രധാനവക്താവ് തന്നെ കൊലപാതകത്തിന് ഉത്തരവാദിയായി എന്നെ കുറ്റപ്പെടുത്താനാണ് ശ്രമിച്ചത്. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ പാർട്ടിയും നടപടി സ്വീകരിക്കും. അക്രമത്തിന് പ്രോത്സാഹനം നൽകുന്ന പാർട്ടിയല്ല സി.പി.എം. നിരവധി അക്രമങ്ങൾ നേരിട്ട പാർട്ടിയാണ് സി.പി.എം. ഒരുപാട് വേദന അനുഭവിക്കേണ്ടി വന്ന പാർട്ടി. ഒരാപാടുളകളുടെ ജീവൻ നഷ്ടപ്പെടേണ്ടി വന്നത് കടിച്ചമർത്തിയ വേദനയോടെ നോക്കിനിൽക്കേണ്ടി വന്ന പാർട്ടിയാണ് സി.പി.എം. അവർ ആരെയും കൊല്ലാൻ നിൽക്കുന്നവരല്ല. ജനങ്ങൾ എതിരാകുന്ന ഒരു നടപടിക്കും സി.പി.എം തയ്യാറാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികൻ വസന്തകുമാറിന്റെ കുടുംബത്തിന് സാമ്പത്തിക സഹായവും ഭാര്യയുടെ ജോലി സ്ഥിരപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 25 ലക്ഷം രൂപയുടെ സഹായമാണ് പ്രഖ്യാപിച്ചത്. 15 ലക്ഷം രൂപ ഭാര്യക്കും പത്തുലക്ഷം രൂപ അമ്മക്കും നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.