റിയാദ്-ഉംറ തീർഥാടകർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാൻ ഉന്നതാധികൃതർ അനുമതി നൽകി. 90 ദിവസത്തിനകം നടപ്പാക്കാനാണ് തീരുമാനം. ഇതനുസരിച്ച് ഉംറ വിസ ലഭിക്കാൻ ആഗ്രഹിക്കുന്നവർ കാലാവധിയുള്ള ഹെൽത്ത് ഇൻഷുറൻസ് നേടൽ നിർബന്ധമാണ്. രോഗങ്ങൾക്കുളള ചികിത്സ, എമർജൻസി കേസുകൾ, ആംബുലൻസ് സേവനം എന്നിവക്കുളള ചെലവുകളെല്ലാം കവർ ചെയ്യുന്ന ഹെൽത്ത് ഇൻഷുറൻസാണ് നേടേണ്ടത്.
സൗദി എൻട്രി വിസ, വിസ നീട്ടൽ, ആശ്രിതർക്കുളള വിസ എന്നിവക്കെല്ലാം ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമായിരിക്കും. ഹജ് തീർഥാടകരേയും ചികിത്സക്കായി സൗദി അറേബ്യയിലേക്ക് വരുന്നവരെയും നയതന്ത്ര പാസ്‌പോർട്ടുള്ളവരെയും സർക്കാറിന്റെ അതിഥികളായി എത്തുന്നവരേയും ഈ വ്യവസ്ഥയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ നിർദേശം 90 ദിവസത്തിനകം നടപ്പാക്കുന്നതിന് ഹജ്, ഉംറ മന്ത്രാലയവുമായും ആരോഗ്യ മന്ത്രാലയവുമായും ഏകോപനം നടത്തി നടപടികൾ സ്വീകരിക്കുന്നതിന് കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസിന് നിർദേശം നൽകിയിട്ടുണ്ട് വിസക്കുള്ള ഹെൽത്ത് ഇൻഷുറൻസ് വ്യവസ്ഥ ഓൺലൈൻ വഴിയാണ് നടപ്പാക്കേണ്ടതെന്നും ഉന്നതാധികൃതർ നിർദേശിച്ചിട്ടുണ്ട്.