Sorry, you need to enable JavaScript to visit this website.

തീവ്രവാദികളെ തുരത്താൻ സൗദിയും പാകിസ്ഥാനും കൈകോർക്കും

പാക് പ്രസിഡന്റുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചക്ക് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പാക് പ്രധാനമന്ത്രി ഇംറാൻ ഖാനൊപ്പം കുതിരവണ്ടിയിൽ  പ്രസിഡൻഷ്യൽ പാലസിൽ എത്തുന്നു.

റിയാദ് - തീവ്രവാദ, ഭീകരവാദ വിരുദ്ധ പോരാട്ടം തുടരുന്നതിന് സൗദി അറേബ്യയും പാക്കിസ്ഥാനും പ്രതിജ്ഞാബദ്ധമാണെന്ന് കിരീടാവകാശിയുടെ സന്ദർശനത്തിന്റെ സമാപനത്തിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവന പറഞ്ഞു. ഭീകര വിരുദ്ധ പോരാട്ട മേഖലയിൽ കൈവരിച്ച നേട്ടങ്ങളെയും ഈ രംഗത്ത് നടത്തിയ ബലിയർപ്പണങ്ങളെയും ഇരു രാജ്യങ്ങളും പ്രശംസിച്ചു. 
ആഗോള തലത്തിൽ സർവ ശേഷിയും പ്രയോജനപ്പെടുത്തി ഭീകര വിരുദ്ധ പോരാട്ടം നടത്തുന്നതിൽ അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം വഹിക്കണം. അറബ് സമാധാന പദ്ധതിക്കും യു.എൻ തീരുമാനങ്ങൾക്കും അനുസൃതമായി നീതിപൂർവവും ശാശ്വതവുമായ സമാധാനം പശ്ചിമേഷ്യയിൽ പുലർന്നു കാണണമെന്ന് സൗദി അറേബ്യയും പാക്കിസ്ഥാനും ആഗ്രഹിക്കുന്നതായും പ്രസ്താവന പറഞ്ഞു. 
ഇന്ത്യയുമായി ചർച്ചകൾ നടത്തുന്നതിനുള്ള പാക് പ്രധാനമന്ത്രിയുടെ തുറന്ന മനസ്സിനെയും ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ കാർട്ടാർപൂർ അതിർത്തി പോസ്റ്റ് തുറന്നതിനെയും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രശംസിച്ചു. 


ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ നിലവിലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനും മേഖലയിൽ സമാധാനവും സ്ഥിരതയുമുണ്ടാക്കുന്നതിനുമുള്ള ഏക പോംവഴി ഇരു രാജ്യങ്ങൾക്കുമിടയിലെ ചർച്ചകളാണെന്നും ഇംറാൻ ഖാനുമായി നടത്തിയ ചർച്ചക്കിടെ കിരീടാവകാശി പറഞ്ഞു. 
അയൽ രാജ്യങ്ങളിൽ കഴിയുന്ന ദശലക്ഷക്കണക്കിന് അഫ്ഗാൻ അഭയാർഥികൾക്ക് സ്വദേശത്തേക്ക് മടങ്ങുന്നതിന് സാധിക്കുന്നതിന് അഫ്ഗാനിസ്ഥാനിൽ സമാധാനവും സുരക്ഷാ ഭദ്രതയും ശക്തമാക്കണമെന്നും സൗദി അറേബ്യയും പാക്കിസ്ഥാനും ആവശ്യപ്പെട്ടു. സൗദി അറേബ്യയും പാക്കിസ്ഥാനും തമ്മിൽ എല്ലാ മേഖലകളിലുമുള്ള സഹകരണം ശക്തമാക്കുന്നതിന് ഉന്നതതല സംയുക്ത ഏകോപന സമിതി സ്ഥാപിക്കുന്നതിന് രണ്ടു രാജ്യങ്ങളും ധാരണയിലെത്തി. കൗൺസിലിൽ സൗദി ഭാഗത്തെ പ്രസിഡന്റ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും പാക് ഭാഗത്തെ പ്രസിഡന്റ് പ്രധാനമന്ത്രിയുമായിരിക്കുമെന്നും സംയുക്ത പ്രസ്താവന പറഞ്ഞു. 
ദ്വിദിന സന്ദർശനം പൂർത്തിയാക്കി കിരീടാവകാശി ഇന്നലെ പാക്കിസ്ഥാൻ വിട്ടു. ഇസ്‌ലാമാബാദ് ഖാൻ സൈനിക താവളത്തിലെ എയർപോർട്ടിൽ പാക് പ്രധാനമന്ത്രി ഇംറാൻ ഖാനും പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയും പാക്കിസ്ഥാനിലെ സൗദി അംബാസഡർ നവാഫ് അൽമാലികിയും സൗദിയിലെ പാക് അംബാസഡർ റജാ അലി ഖാനും ചേർന്ന് കിരീടാവകാശിയെ യാത്രയാക്കി. 
കിരീടാവകാശിയുമായി നടത്തിയ ചർച്ചക്കിടെ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെ പാക്കിസ്ഥാൻ സന്ദർശനത്തിന് പാക് പ്രസിഡന്റ് ക്ഷണിച്ചു.

 

 

Latest News