തിരൂർ- കടലോര മേഖലയിൽ വ്യാപകമായി കഞ്ചാവെത്തിച്ച് പണം കൊയ്ത പ്രതികളെ പോലീസ് വലയിലാക്കിയത് കഞ്ചാവിന്റെ ഇരകളെ ഉപയോഗിച്ചു തന്നെ. ലഹരിയിൽ നിന്നു വിമുക്തി തേടി കുടുംബത്തിന്റെയും പോലീസിന്റെയും സഹായത്തോടെ കൗൺസലിങിനു വിധേയരായവർ തന്നെയാണ് കഞ്ചാവ് മാഫിയയുടെ രഹസ്യ നീക്കങ്ങളെ പോലീസിനെ അറിയിച്ചത്. മുൻകാലങ്ങളിൽ പ്രതികൾ മുഖേന കഞ്ചാവ് വാങ്ങി ഉപയോഗിച്ചിരുന്ന യുവാക്കളാണ് ഒടുവിൽ ഇവർക്ക് തന്നെ കുരുക്കിട്ടത്.
ലഹരി വിപണനത്തിലൂടെ കിട്ടുന്ന ലക്ഷങ്ങൾ വാരിക്കോരി ചെലവഴിച്ച് ശീലിച്ച പ്രതികൾ കയ്യിൽ പണമില്ലാതായപ്പോൾ ആയിരം രൂപ ആവശ്യപ്പെട്ട് പൊന്നാനി സ്വദേശിയായ മുൻ കഞ്ചാവ് കസ്റ്റമറെ തേടിയെത്തിപ്പോഴാണ് നീക്കങ്ങൾ പോലീസ് മണത്തറിഞ്ഞത്. അങ്ങനെ മാസങ്ങളോളം അലഞ്ഞ പോലീസ് സംഘം തന്ത്രപരമായി കരുക്കൾ നീക്കുകയായിരുന്നു. ആന്ധയിലും വിശാഖപട്ടണത്തും മുംബൈയിലും ബംഗളൂരവിലും പ്രതികളുടെ പിറകെ നടന്ന അന്വേഷണ സംഘത്തിനു ഒടുവിൽ പൊന്നാനിയിൽ വെച്ച് കഞ്ചാവ് മാഫിയയെ വലയിലാക്കാനായത് മുൻകാലങ്ങളിൽ കഞ്ചാവ് ഉപയോഗിച്ച് അതിന്റെ വിപത്ത് തിരിച്ചറിഞ്ഞ വ്യക്തിയുടെ സഹായത്താലാണ്.
തീരദേശത്ത് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള യുവാക്കളും ചില കോേളജ്, സ്‌കൂൾ വിദ്യാർഥികളും ചില സ്ത്രീകളും ഇവർ മുഖേന കഞ്ചാവിന്റെ അടിമകളായിട്ടുണ്ടെന്ന് എസ്.ഐ സുമേഷ് സുധാകർ വ്യക്തമാക്കി. റെന്റ് എ കാർ മേഖലയിലെ അനധികൃത ഇടപാടുകൾക്കും ലഹരിക്കടത്തുമായി ബന്ധമുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. കഞ്ചാവ് ഉപയോഗത്തിന് അടിപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാനുള്ള പരിശ്രമങ്ങൾ വിജയം കണ്ടുവരുന്നതായും എസ്.ഐ സുമേഷ് സുധാകർ പറഞ്ഞു.
പറവണ്ണയിലെ വെട്ട് കേസും തീെവപ്പും:
കഞ്ചാവ് മാഫിയയിലെ നാലു പേർ അറസ്റ്റിൽ
തിരൂർ- പറവണ്ണയിൽ കാറിലെത്തി യുവാക്കളെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ കഞ്ചാവ് മാഫിയാ അംഗങ്ങളായ നാലു പേർ അറസ്റ്റിൽ. പറവണ്ണ സ്വദേശികളായ അരയന്റെപുരക്കൽ ഫെമീസ് (27), ചെറിയ കോയാമുവിന്റെ പുരക്കൽ സമീർ (23), പക്കിയമാക്കാനകത്ത് റാഫിഖ് മുഹമ്മദ് (24), കമ്മാക്കാന്റെ പുരക്കൽ അർഷാദ് (22) എന്നിവരെയാണ് തിരൂർ എസ്.ഐ സുമേഷ് സുധാകറിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. സ്‌പെഷൽ ബ്രാഞ്ച് ഓഫീസർ അബ്ദുൾ ഷുക്കൂറിന്റെ ബൈക്ക് തീയിട്ട് നശിപ്പിച്ച കേസിലെ പ്രതികളാണ് സമീറും അർഷാദും. മുഖംമൂടി ധാരികളായി വാഹനത്തിലെത്തി യുവാക്കളെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ സമീറും പ്രതിയാണ്. ഇവർക്ക് പുറമെയാണ് ഫമീസ്, റാഫിഖ് മുഹമ്മദ് എന്നിവർക്കെതിരെയും പോലീസ് നടപടിയുണ്ടായത്.
കഞ്ചാവ് കടത്ത് സംഘത്തിലെ മുഖ്യ കണ്ണികളായ സമീറും ഫെമീസും തീരദേശം കേന്ദ്രീകരിച്ചു വ്യാപകമായി കഞ്ചാവ് വിൽപന നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ഇവരുടെ കൂട്ടത്തിൽ നിന്നു ഏതാനും യുവാക്കൾ പിൻമാറിയത്. കഞ്ചാവ് ഇടപാടുകളെക്കുറിച്ചു സംഘത്തിൽ നിന്നു പിൻമാറിയവർ പോലീസിനു വിവരം നൽകിയെന്ന തോന്നലിനെ തുടർന്നാണ് സമീറും ഫെമീസും റാഫിഖ് മുഹമ്മദും യുവാക്കളെ ആയുധങ്ങളുമായി ആക്രമിച്ചത്. സംഭവത്തെ രാഷ്ട്രീയവൽക്കരിക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും പോലീസിന്റെയും രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും ഇടപെടൽ കാരണം പരാജയപ്പെടുകയായിരുന്നു. ആന്ധ്ര ഉൾപ്പെടെയുള്ള അന്യസംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കു കഞ്ചാവെത്തിക്കുന്ന പ്രതികൾ വരുമാനമായി ലഭിക്കുന്ന ലക്ഷക്കണക്കിനു രൂപ ഉപയോഗിച്ച് ആർഭാട ജീവിതമാണ് നയിച്ചിരുന്നത്.
ഇതിനിടെ കയ്യിൽ പണമില്ലാതായപ്പോൾ നേരത്തെ കഞ്ചാവ് ഉപയോഗിച്ചിരുന്ന പൊന്നാനി സ്വദേശിയെ തേടി പ്രതികൾ എത്തുകയും ഈ വിവരം പൊന്നാനി സ്വദേശി തിരൂർ പോലീസിനെ അറിയിക്കുകയും ചെയ്തതോടെ പ്രതികളെ അതിവിദ്ഗധമായി പിടികൂടുകയായിരുന്നു. കഞ്ചാവ് ഉപയോഗിച്ചു സമനില തെറ്റിയ പൊന്നാനി സ്വദേശിയായ യുവാവ് പോലീസ് സഹായത്തോടെ കൗൺസലിംഗിനു വിധേയനാണിപ്പോൾ. എന്നാൽ ഈ വിവരം പ്രതികൾക്കറിയില്ലായിരുന്നു. ഇതാണ് ആന്ധ, വിശാഖപട്ടണം, മുംബൈ, ബംഗളൂരു എന്നിവിടങ്ങളിൽ മാറി മാറി താമസിച്ച് സുഖിച്ച പ്രതികൾ പോലീസ് വിരിച്ച വലയിൽ അകപ്പെടാൻ ഇടയായത്. സമീർ ഇതിന് മുമ്പും നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് എസ്‌ഐ സുമേഷ് സുധാകർ പറഞ്ഞു. ഇവരുടെ അറസ്റ്റോടെ പറവണ്ണ തീവെപ്പ് ആക്രമണക്കേസുകളിൽ മുഴുവൻ പ്രതികളും പിടിയിലായി.