പാലക്കാട് - പത്തു കൊല്ലം മുമ്പാണ്. 2009 ലെ പൊതുതെരഞ്ഞെടുപ്പ് വേള. കേരളത്തിലെ രണ്ടു മണ്ഡലങ്ങളിലെ മൽസരം ശ്രദ്ധിക്കപ്പെട്ടത് സവിശേഷമായ ഒരു കാരണത്താലാണ്. സി.പി.എമ്മിലെ ചേരിപ്പോരിനെത്തുടർന്ന് ആ പാർട്ടിയിൽ നിന്നും പുറത്തായ ടി.പി. ചന്ദ്രശേഖരൻ വടകരയിലും എം.ആർ. മുരളി പാലക്കാട്ടും സ്ഥാനാർത്ഥികളായി എത്തിയത് ചർച്ചയായി. സി.പി.എം വിമതർ സംസ്ഥാന തലത്തിൽ രൂപം കൊടുത്ത ഇടതുപക്ഷ ഏകോപന സമിതി എന്ന സംവിധാനത്തിന്റെ സ്ഥാനാർത്ഥികളായിരുന്നു ഇരുവരും. സമിതിയുടെ അധ്യക്ഷനായിരുന്നു ടി.പി. ചന്ദ്രശേഖരൻ, മുരളി സെക്രട്ടറിയും. വടകരയിൽ സി.പി.എമ്മിന്റെ പരാജയം ടി.പി ഉറപ്പു വരുത്തിയപ്പോൾ പാലക്കാട്ട് എം.ബി. രാജേഷ് തലനാരിഴക്ക് രക്ഷപ്പെട്ടു. അപ്പോഴും ചർച്ചയായത് ഇരുമുന്നണികളേയും ബി.ജെ.പിയേയും ഒരുമിച്ച് എതിരിട്ട് മുരളി നേടിയ ഇരുപതിനായിരത്തിൽപരം വോട്ടുകളാണ്. രക്തസാക്ഷിത്വത്തിലൂടെ ടി.പി സി.പി.എമ്മിന്റെ എല്ലാക്കാലത്തേയും വലിയ തലവേദനയായി മാറിയത് പിൽക്കാല ചരിത്രം. എന്നാൽ എം.ആർ. മുരളിയെ കാത്തിരുന്നത് മറ്റൊരു നിയോഗമായിരുന്നു. ഷൊർണൂർ ഷോക്കിലൂടെ സി.പി.എമ്മിന്റെ സംഘടനാ സംവിധാനത്തിലെ പാളിച്ചകളെ തുറന്നു കാണിച്ച മുരളി ജില്ലാ കമ്മിറ്റി അംഗമായി പാർട്ടിയിൽ തിരിച്ചെത്തി. അതും ഒരു ചരിത്രമാണ്. സി.പി.എമ്മിലെ കീഴ്‌വഴക്കമനുസരിച്ച് പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് പുറത്താകുന്ന ഒരാൾ പുറത്താക്കപ്പെട്ട സ്ഥാനം തിരിച്ചു പിടിച്ച് തിരിച്ചെത്തുന്നത് അത്യപൂർവമാണ്. രണ്ട് വധശ്രമങ്ങൾ അതിജീവിച്ചതിനു ശേഷമാണ് മുരളിയുടെ മടങ്ങിവരവ്.
എം.ആർ. മുരളി ഇപ്പോഴും ഷൊർണൂരിൽ ഉണ്ട്. സി.പി.എമ്മിന്റെ അച്ചടക്കമുള്ള സമര ഭടനായി. പാർട്ടിയുടെ ജില്ലാ കമ്മിറ്റി അംഗമാണ്. രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം തന്റെ ഇഷ്ടമേഖലയായ സാംസ്‌കാരിക രംഗത്തും സജീവം. ഷൊർണൂർ കേന്ദ്രീകരിച്ച് അദ്ദേഹം രൂപം കൊടുത്ത പ്രഭാതം സാംസ്‌കാരിക വേദി വള്ളുവനാട്ടിലെ അത്തരത്തിലുള്ള പ്രധാന കൂട്ടായ്മകളിലൊന്നാണ്. വൃദ്ധസദനം പോലുള്ള സംരംഭങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകുന്നു. ഇടവേളക്കു ശേഷം സി.പി.എം പാലക്കാട് ജില്ലാ ഘടകത്തിൽ ചേരിപ്പോര് ആളിപ്പടരുമ്പോൾ അതിലൊന്നും താൽപര്യം കാണിക്കാതെ മാറിനിൽക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ ജില്ലയിലെ രണ്ട് മണ്ഡലങ്ങളിൽ പരിഗണിക്കപ്പെട്ടിരുന്നവരുടെ കൂട്ടത്തിൽ എം.ആർ. മുരളിയുടെ പേരും ഉയർന്നു കേട്ടതാണ്. ഒരു കാലത്ത് പിണറായി വിജയന്റെ പ്രഖ്യാപിത ശത്രുവായി വിശേഷിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹത്തിന് വിശ്വസ്തരുടെ കൂട്ടത്തിലാണ് ഇപ്പോഴത്തെ സ്ഥാനം. ഷൊർണൂർ മേഖലയിൽ പാർട്ടിയുടെ അവസാന വാക്ക്.
മുരളി പഴയ രൂപത്തിൽ പാർട്ടിയിൽ തിരിച്ചെത്തിയെങ്കിലും അദ്ദേഹം ഏൽപിച്ച ആഘാതത്തിൽ നിന്ന് ഷൊർണൂർ- ഒറ്റപ്പാലം മേഖലയിലെ സി.പി.എം സംഘടനാ സംവിധാനം മോചനം നേടിയിട്ടില്ല. പ്രദേശത്ത് ബി.ജെ.പിയുടെ വളർച്ചക്ക് സഹായകമായത് സി.പി.എമ്മിന് അകത്ത് ഉണ്ടായിരുന്ന വിഭാഗീയതയാണെന്ന നിരീക്ഷണം ഉണ്ട്. ഷൊർണൂർ നഗരസഭയിൽ എട്ട് സീറ്റുകൾ പിടിച്ചെടുത്ത സംഘ്പരിവാർ അത്ര തന്നെ വാർഡുകളിൽ രണ്ടാം സ്ഥാനം പിടിച്ചെടുത്തു. എം.ആർ. മുരളി എന്ന നേതാവ് വികാരമായി നിലനിന്നിരുന്ന മേഖലകളാണ് പിന്നീട് താമരക്ക് വളക്കൂറുള്ള മണ്ണായി മാറിയെന്നത് ശ്രദ്ധേയമാണ്. ഒറ്റപ്പാലം നഗരസഭയിലും വാണിയംകുളം പഞ്ചായത്തിലുമെല്ലാം ബി.ജെ.പി നിർണായക ശക്തിയായി മാറി. മുരളിക്കൊപ്പം സി.പി.എം വിട്ട അണികളിൽ വലിയൊരു ശതമാനം അദ്ദേഹത്തോടൊപ്പം പാർട്ടിയിലേക്ക് മടങ്ങാതെ സംഘ്പരിവാറിനൊപ്പം ചേർന്നു എന്ന് വിലയിരുത്തുന്നതിൽ തെറ്റില്ല.
പാർട്ടിയിലേക്ക് മടങ്ങാൻ തീരുമാനിച്ചതോടെ വാർത്താ മാധ്യമങ്ങൾ കൽപിച്ചു നൽകിയിരുന്ന താരപരിവേഷം എം.ആർ. മുരളിക്ക് നഷ്ടമായി. ഇടതുപക്ഷ ഏകോപന സമിതിയുടെ ഭാഗമായി കൂടെയുണ്ടായിരുന്ന പഴയ നിരവധി സുഹൃത്തുക്കളും വഴി പിരിഞ്ഞു. പിണറായി വിജയനുമായി അടുപ്പം സ്ഥാപിച്ചതോടെ വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെയുള്ളവരുമായും സ്വാഭാവികമായും അകന്നു.
പഴയ പ്രഖ്യാപിത ശത്രുക്കളിൽ പലരും മിത്രങ്ങളായി. മുരളിക്ക് പരാതിയില്ല ആരോടും. പാർട്ടി അച്ചടക്കം പാലിക്കുന്ന ഉത്തമ സമര ഭടനായി താൻ ഷൊർണൂരിലും പാലക്കാട്ടും എല്ലാം ഉണ്ടാകുമെന്നേ അദ്ദേഹത്തിന് എല്ലാവരോടും പറയാനുള്ളൂ.