കുവൈത്ത് സിറ്റി- അടുക്കളയുടെ ശുചിത്വവും പാചക രീതിയും ഉപഭോക്താവ് കൂടി മനസ്സിലാക്കാന്‍ റസ്റ്ററന്റുകളിലെയും കഫറ്റീരിയകളിലെയും അടുക്കളയില്‍ നിരീക്ഷണ ക്യാമറ നിര്‍ബന്ധമാക്കണമെന്ന് കുവൈത്ത്. സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാന്‍ തീരുമാനിക്കണമെന്ന് ഭക്ഷ്യപോഷകാഹാര അതോറിറ്റി ചെയര്‍മാന്‍ ഈസ അല്‍ കന്ദരി നിര്‍ദേശിച്ചു. ഭക്ഷണം പാചകം ചെയ്യുന്നത് ഉപഭോക്താവിന് കാണാവുന്ന വിധം സ്ക്രീനുകള്‍ ക്യാമറയുമായി ബന്ധിപ്പിക്കണം.
ഭക്ഷ്യ സുരക്ഷയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉറപ്പിക്കുന്നതിന് ഇത് സഹായിക്കുമെന്നും കന്ദരി പറഞ്ഞു. പല രാജ്യങ്ങളിലും ഈ സംവിധാനം നിലവിലുണ്ട്. ക്യാമറകള്‍ സ്ഥാപിക്കുന്നതിന് പുറമേ അടുക്കളയുടെ ചുമര്‍ ഗ്ലാസ് കൊണ്ടുള്ളതാക്കുന്നതും പരിഗണിക്കണം.