പാലക്കാട്- എല്ലാ തെരഞ്ഞെടുപ്പുകളിലും ഒരു പോലെ എടുത്ത് ഉപയോഗിക്കാവുന്ന ചില വിഷയങ്ങളുണ്ട് കേരളത്തിൽ. കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി എല്ലാവരും തലങ്ങും വിലങ്ങും ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് പാലക്കാട് റെയിൽവേ കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ. ഈ തെരഞ്ഞെടുപ്പിലും അതിന്റെ സാധ്യതകൾ തേടിയുള്ള നെട്ടോട്ടത്തിലാണ് പ്രധാന പാർട്ടികളെല്ലാം. കേരളത്തിൽ പൊതുവേയും പാലക്കാട്ട് വിശേഷിച്ചും റെയിൽവേ കോച്ച് ഫാക്ടറി വൈകാരിക വിഷയം തന്നെയാണ്. പ്രശ്‌നത്തിൽ സംസ്ഥാനം കബളിപ്പിക്കപ്പെട്ടു എന്ന കാര്യത്തിൽ സി.പി.എമ്മും കോൺഗ്രസും ബി.ജെ.പിയും എല്ലാം ഒറ്റക്കെട്ടാണ്. ആരാണ് കബളിപ്പിച്ചത് എന്ന കാര്യത്തിലേ തർക്കം ഉള്ളൂ. ആ തർക്കമാണ് വരും ദിവസങ്ങളിലും കേരളം കാണാനിരിക്കുന്നത്.
2006ൽ പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് സേലം ആസ്ഥാനമായി പുതിയ ഡിവിഷൻ രൂപീകരിച്ചതിനെതിരേ കേരളത്തിൽ പ്രതിഷേധം പടർന്നിരുന്നു. അത് തണുപ്പിക്കാനാണ് കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി അന്നത്തെ യു.പി.എ സർക്കാർ പ്രഖ്യാപിച്ചത്. പാലക്കാടിന്റെ മുഖച്ഛായ തന്നെ മാറ്റി മറിക്കുന്ന രീതിയിൽ വിഭാവനം ചെയ്യപ്പെട്ട പദ്ധതി സംസ്ഥാനത്തിന്റെ റെയിൽവേ വികസന ചരിത്രത്തിലെ നാഴികക്കല്ലായാണ് വിശേഷിക്കപ്പെട്ടത്. പദ്ധതി പ്രാവർത്തികമാക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തമ്മിൽ യോജിച്ചുള്ള പ്രവർത്തനത്തിനും ധാരണയിലെത്തി. അതനുസരിച്ച് പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുത്ത് കൈമാറേണ്ട ചുമതല സംസ്ഥാന സർക്കാരിനായിരുന്നു.
ഒരു വ്യാഴവട്ടത്തിനുശേഷം തിരിഞ്ഞു നോക്കുമ്പോൾ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പദ്ധതി എവിടേയും എത്താതെ നിൽക്കുന്നതു കാണാം. കോച്ച് ഫാക്ടറിക്കായി കേരളാ സർക്കാർ ഏറ്റെടുത്ത് റെയിൽവേക്ക് കൈമാറിയ 439 ഏക്കർ ഭൂമി കഞ്ചിക്കോട്ട് കാടുപിടിച്ചു കിടക്കുന്നുണ്ട്. ഭാഗികമായി ചുറ്റുമതിൽ കെട്ടിയതൊഴിച്ചാൽ ഒരു നിർമ്മാണ പ്രവർത്തനവും നടന്നിട്ടില്ല. ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന കാലത്ത് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ടു നടത്തിയ ചടങ്ങുമായി ബന്ധപ്പെട്ട ശിലാഫലകം അതിനിടയിൽ കാണാം. റെയിൽവേ പദ്ധതി ഉപേക്ഷിച്ചതായി റിപ്പോർട്ടുണ്ട്. അത് സ്ഥിരീകരിക്കാൻ അധികൃതർ തയാറായിട്ടില്ല. ആദ്യം വിഭാവനം ചെയ്തതിനേക്കാൾ ചെറിയ രീതിയിൽ പദ്ധതി നടപ്പാക്കുന്നതിനുള്ള ശ്രമം അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷ നാട്ടുകാർ ഇപ്പോഴും കൈവെടിഞ്ഞിട്ടില്ല.
ഈ അവസ്ഥക്ക് ഉത്തരവാദി ആരെന്നതിനെക്കുറിച്ചാണ് ഇപ്പോഴത്തെ തർക്കം. എൻ.ഡി.എ സർക്കാരിന് കേരളത്തിലുള്ള താൽപര്യക്കുറവിന്റെ തെളിവായാണ് ഇതിനെ എൽ.ഡി.എഫും യു.ഡി.എഫും വിശേഷിപ്പിക്കുന്നത്. എം.പി എന്ന നിലയിൽ കോച്ച് ഫാക്ടറിക്കുവേണ്ടി ആവുന്നതെല്ലാം താൻ ചെയ്തിട്ടുണ്ടെന്നാണ് എം.ബി. രാജേഷ് എം.പിയുടെ വാദം. പൊതുമേഖലാ സ്ഥാപനങ്ങളോട് എൻ.ഡി.എ സർക്കാരിനും നേരത്തേ ഉണ്ടായിരുന്ന യു.പി.എ സർക്കാരിനും ഉള്ള താൽപര്യക്കുറവുമൂലമാണ് പദ്ധതി നടപ്പാകാത്തതെന്ന് അദ്ദേഹം പറയുന്നു. അതേസമയം എം.പി എന്ന നിലയിൽ രാജേഷ് ദയനീയമായി പരാജയപ്പെട്ടതാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണമെന്നാണ് യു.ഡി.എഫും ബി.ജെ.പിയും ആരോപിക്കുന്നത്. പ്രസ്താവനകളിലൂടെ വാർത്താ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാനല്ലാതെ ഫലപ്രദമായി പ്രശ്‌നങ്ങളിൽ ഇടപെടാൻ എം.പിക്ക് സാധിക്കുന്നില്ലെന്നാണ് വിമർശം. 2006 ൽ പ്രഖ്യാപിച്ച കോച്ച് ഫാക്ടറി നടപ്പാക്കാൻ ഒന്നും രണ്ടും യു.പി.എ സർക്കാരുകൾ താൽപര്യം കാണിക്കാതിരുന്നതാണ് പദ്ധതി മരവിക്കാൻ കാരണം എന്ന വിമർശം ബി.ജെ.പി ഉയർത്തുന്നു. ഒന്നാം യു.പി.എ സർക്കാരിന് കേരളത്തിലെ 20 എം.പിമാരുടേയും പിന്തുണ ഉണ്ടായിട്ടും പാലക്കാട്ടുകാർ വഞ്ചിക്കപ്പെട്ടുവെന്നാണ് ബി.ജെ.പി പറയുന്നത്.
ആരോപണ-പ്രത്യാരോപണങ്ങൾ കൊണ്ട് അരങ്ങു തകർത്ത് വീണ്ടും ഒരു തെരഞ്ഞെടുപ്പ് കാലത്തിന് സ്വാഗതമോതുമ്പോഴും കോച്ച് ഫാക്ടറി എന്ന ചിരകാല സ്വപ്‌നവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും പാലക്കാട്ടുകാർക്ക് തമാശയായി മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ തെരഞ്ഞെടുപ്പിനും മുടക്കം കൂടാതെ കടന്നുവരുന്ന ഒരു വഴിപാട്.