Sorry, you need to enable JavaScript to visit this website.

ആന്ധ്രയിലാണെങ്കിലെന്ത്,  പുതുപ്പള്ളിയിൽ  ആളാരവം ഒഴിയുന്നില്ല 

കോട്ടയം - അധികാരത്തിന്റെ അടയാളങ്ങളില്ലെങ്കിലും പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലിൽ വസതിയിൽ അർധരാത്രിയിലും ആളാരവം. പാർട്ടി ഏൽപ്പിച്ച പുതിയ ദൗത്യവുമായി ആന്ധ്രയിലാണെങ്കിലും പുതുപ്പള്ളിയുടെ ഹൃദയനായകൻ വാരാന്ത്യങ്ങളിൽ നാട്ടിലെത്തുന്നു. ഒരു ചെറിയ ഇടവേളയിൽ. വസതിയിൽ കാത്തു നിൽക്കുന്ന  ജനക്കൂട്ടത്തിലേക്ക്. അവരുടെ ആവലാതികളിലേക്ക്. സങ്കടങ്ങളിലേക്ക് സാന്ത്വനമായി. കരുതലും കാരുണ്യവുമായി.
ഈ ശനിയാഴ്ചയും പുതുപ്പള്ളിയിലെ സ്വവസതിയിലേക്ക് മുടങ്ങാതെ ഉമ്മൻ ചാണ്ടി എത്തി. എത്തുന്ന സമയം പത്തുമണിയെന്നാണ് നേതാക്കൾക്കും വീട്ടുകാർക്കും ലഭിച്ച സന്ദേശം. ചങ്ങനാശേരിയിലും പരിസരത്തുമാണ് അന്നത്തെ പരിപാടികൾ. അതുകൊണ്ടു തന്നെ പത്തരയോടെ ഏവരും പ്രതീക്ഷിച്ചു. 
വീടിനുള്ളിലെ മുറിയിലും, മുറ്റത്തും, കാർഷെഡിലും, റോഡിലുമായി ജനങ്ങൾ. കൈക്കുഞ്ഞിനേയെന്തിയ അമ്മമാർ, പ്രായമേറിയവർ, ക്രൈസ്തവ സഭാ വൈദികർ, എല്ലാവരും ക്ഷമയോടെ കാത്തിരിക്കുന്നു. പുതുപ്പള്ളി കവലയിൽ നിന്നു വസതിയിലേക്കുളള ഇടവഴിയിൽ നിറയെ വാഹനങ്ങൾ. ഇന്ന് തിരക്ക് കുറവാണ്. എങ്കിലും ഒതുക്കിയിട്ടാൽ കഴിയുന്നത്ര വാഹനങ്ങൾ പാർക്ക് ചെയ്യാമല്ലോ. ജനനായകന്റെ കരുതൽ അവിടെ എത്തിയ ഡി.സി.സി ജനറൽ സെക്രട്ടറി യൂജിന്റെ വിനയപൂർവമുളള വാക്കുകളിലും.
ഇടയ്ക്ക് നേതാക്കൾ ഉമ്മൻ ചാണ്ടിയുടെ വാഹനത്തിലെ ഗൺമാനെ വിളിക്കുന്നു. എവിടെയെത്തി എന്നറിയാൻ. അരമണിക്കൂർകൂടി വൈകും. വീണ്ടും അരമണിക്കൂർ കൂടി വൈകി രാത്രി 11.15 ഓടെ വസതിയിലേക്ക് ജനനായകൻ. കാത്തിരുന്നവർക്ക് പരിഭവമില്ല. ഒന്നു കണ്ടാൽ മതി. 


കാറിൽനിന്ന് ഇറങ്ങുന്നത് നേതാക്കളുടെ വലയത്തിലേക്ക്. ഒരു പകൽ മുഴുവനുളള വിശ്രമരഹിതമായ യാത്രയുടെ ആലസ്യം നിഴലിക്കുന്ന മുഖം. ജനക്കൂട്ടത്തെ കണ്ടപ്പോൾ ആവേശത്തിരയിളക്കം. നേർത്ത ശബ്ദത്തിൽ ഉമ്മൻ ചാണ്ടി ചുറ്റും കൂടിയവരോട്. ഉദ്ഘാടന സമ്മേളനങ്ങൾക്കായി ക്ഷണിക്കാൻ എത്തിയവരോട് നിസ്സഹായാവസ്ഥ വെളിവാക്കുന്നു. മാർച്ച് ഒമ്പത് വരെ ആന്ധ്രയിലാണ്. ഒപ്പം ഒരു മുന്നറിയിപ്പും. ഇനി  നീട്ടിവയ്‌ക്കേണ്ട. തെരഞ്ഞെടുപ്പ് പടിവാതിൽക്കലാണ്. തന്നെ കാത്തിരിക്കേണ്ട എന്നർഥം.
'പതിനൊന്നരയായി, കഴിക്കേണ്ടേ'. വാതിൽപ്പടിയിൽനിന്നു  ചാണ്ടി ഉമ്മന്റെ ഓർമപ്പെടുത്തൽ. ദൽഹിയിലുളള ചാണ്ടി ഉമ്മൻ ഒരു അടുത്ത ബന്ധുവിന്റെ മരണാനന്തര കർമത്തിൽ പങ്കെടുക്കാൻ നാട്ടിലെത്തിയതാണ്. ഇതോടെ  കൂടിനിന്ന പ്രവർത്തകരിൽ ചിലർ മുന്നോട്ടുപോകാനായി ഒഴിഞ്ഞു നിന്നു. അതിനിടയിൽ കുഞ്ഞിനെയേന്തിയെത്തിയ കുടുംബം മുന്നിൽ. അവരോട് കാര്യങ്ങൾ തിരക്കി. കാരുണ്യത്തിന്റെ കരുതൽ സ്പർശത്തിന്റെ നിമിഷങ്ങൾ. ചാണ്ടി ഉമ്മൻ വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോൾ വേഗത്തിൽ അകത്തേക്ക്. വെറും പത്തുമിനിട്ട്. ഉമ്മൻ ചാണ്ടി വീണ്ടും സ്വീകരണ മുറിയിലേക്ക്. ഓരോരുത്തരായി മുന്നോട്ട്. പരാതികളും നിവേദനങ്ങളും നോക്കി പതിഞ്ഞ ശബ്ദത്തിൽ മറുപടി. ചിലത് ഒപ്പിട്ട് കൈമാറി. മറ്റു ചിലത് കൈയിൽ തന്നെ പിടിച്ചു. ഒരു പരാതിയും അവഗണിക്കപ്പെടുകയില്ലെന്നും കാണാതാവില്ലെന്നും ഒപ്പമുളള നേതാക്കളുടെ അനുഭവ സാക്ഷ്യം.
ആന്ധ്രയിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി സംഘടിപ്പിക്കുന്ന ജാഥകൾ. തിരക്കോട് തിരക്കാണ്. ആന്ധ്രയിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന ശ്രമകരമായ ഉത്തരവാദിത്തമാണ് ഉമ്മൻ ചാണ്ടിക്ക്. വെല്ലുവിളികളിലും പ്രതിസന്ധികളിലും പതറാത്ത ഉമ്മൻചാണ്ടിയുടെ കർമസപര്യയാണ് ആന്ധ്രയുടെ ഉത്തരവാദിത്തം ഏൽപ്പിക്കാനുളള പ്രധാന കാരണമെന്ന് പ്രവർത്തകർ വിശ്വസിക്കുന്നു. കോൺഗ്രസിൽ നെഹ്‌റു കുടുംബം കഴിഞ്ഞാൽ ഏറ്റവും ജനപ്രിയനായ ജനസാരഥിക്ക് ദൗത്യം വിജയിപ്പിക്കാനാവുമെന്ന് രാഹുൽ ഗാന്ധി ഉറച്ചു വിശ്വസിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ നിയോഗമെന്നും പ്രവർത്തകർ. 
അതിനാൽ മാറിനിൽക്കാനാവില്ല. ഇടയ്ക്ക് മൂന്നു ദിവസം മാത്രം കേരളത്തിൽ. ഇടക്ക് ഡേറ്റു നോക്കാനായി പോക്കറ്റിൽനിന്നു ഡയറിയെടുക്കുന്നു. ഉമ്മൻചാണ്ടിയുടെ സന്തത സഹചാരിയായ പോക്കറ്റ് ഡയറി. ഇതിലാണ് എല്ലാം.  കെ.പി.സി.സി പ്രസിഡന്റ് നയിക്കുന്ന ജാഥ കോട്ടയത്ത് എത്തുന്ന ദിനമാണ് അതിലൊന്ന്. അന്ന് ഏറെ സമയം നാട്ടിലില്ല. ഒൻപതാം തീയതി കഴിഞ്ഞാൽ നാട്ടിലുണ്ടാവും. അപ്പോഴേക്കും തെരഞ്ഞെടുപ്പിലേക്ക് എറെക്കുറെ നടന്നടുത്തു കഴിയും. നാട്ടുകാരുടെ തിരക്ക് ഒഴിഞ്ഞപ്പോൾ ഉമ്മൻ ചാണ്ടി നേതാക്കളുടെ സമീപത്തേക്ക്. പതിവ് കുശലങ്ങൾ. രാത്രി 12. 15 ഓടെ തിരക്ക് ഒഴിയുന്നു. രാവിലെ തൃശൂരിലേക്ക് പോകണം. പിന്നെ വൈകുന്നേരം ആന്ധ്രയിലെ ചുട്ടുപൊള്ളുന്ന ചൂടിലേക്ക്. തളരാത്ത അമരക്കാരന്റെ പുതിയ ദൗത്യങ്ങളിലേക്കുളള പറന്നിറക്കം. 

Latest News