Sorry, you need to enable JavaScript to visit this website.

ഹർത്താൽ പ്രഖ്യാപിച്ചവർ പ്രത്യാഘാതം നേരിടേണ്ടി വരും-ഹൈക്കോടതി

കൊച്ചി- കേരളത്തിൽ മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഇന്നത്തെ ഹർത്താലിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി ഹർത്താൽ പ്രഖ്യാപിച്ചവർ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി. ആരാണ് ഹർത്താലിന് പിന്നിലെന്ന് ചോദിച്ച കോടതി ഹർത്താൽ നേരിടാൻ എന്ത് നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്നും ആരാഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻകുര്യാക്കോസ് ഉൾപ്പെടെ മൂന്നുപേർക്ക് നോട്ടീസ് അയക്കാനും തീരുമാനിച്ചു. ഹർത്താലിലുണ്ടായ നഷ്ടം ഹർത്താൽ പ്രഖ്യാപിച്ചവരിൽനിന്ന് ഈടാക്കും. മുന്നറിയിപ്പില്ലാതെയുള്ള ഹർത്താൽ പ്രഖ്യാപനം കോടതിയലക്ഷ്യവും ക്രിമിനൽ കുറ്റവുമാണെന്നും കോടതി വ്യക്തമാക്കി. സർക്കാർ സേവനങ്ങൾ നിർത്തിവെക്കരുതെന്നും മോഡൽ പരീക്ഷ എഴുതാൻ കുട്ടികളെ എത്തിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ടു. ഹർത്താലിന് ആഹ്വാനം ചെയ്തുള്ള യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സർക്കാർ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു.
 

Latest News