Sorry, you need to enable JavaScript to visit this website.

മിന്നല്‍ ഹര്‍ത്താല്‍: യൂത്ത് കോണ്‍ഗ്രസിന് എതിരെ ഹൈക്കോടതി കേസെടുത്തു

തിരുവനന്തപുരം- കാസര്‍കോട് നടന്ന ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് പൊതുവെ സമാധാനപരം. കാസര്‍കോട് ജില്ലയില്‍ മാത്രം പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ രാത്രി വൈകിയാണ് സംസ്ഥാന വ്യാപകമാക്കിയത്. മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച നടപടി കോടതിയലക്ഷ്യമാണ്.
പല ഭാഗങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാനെത്തിയവരെ തടഞ്ഞു. കൊച്ചിയില്‍ യാത്രക്കാരെ ബസ്സില്‍നിന്ന് ഇറക്കിവിട്ടു.
തിരുവനന്തപുരം ആറ്റിങ്ങലില്‍ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റുചെയ്തു. കോഴിക്കോട്ട് കെ.എസ്.ആര്‍.ടി.സി ബസ്സിന് നേരെ കല്ലേറുണ്ടായി.
ഹര്‍ത്താലില്‍ സമാധാനം ഉറപ്പുവരുത്തുന്നതിന് എല്ലാ നടപടികളും സ്വീകരിക്കാന്‍ സംസ്ഥാന പോലിസ് മേധാവി ലോകനാഥ് ബെഹ്റ എല്ലാ ജില്ലാ പോലിസ് മേധാവിമാര്‍ക്കും അടിയന്തര നിര്‍ദേശം നല്‍കി. ഏതെങ്കിലും വിധത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുകയോ സഞ്ചാരസ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍നിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കാന്‍ നിയമനടപടി കൈക്കൊള്ളും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍നിന്നോ സ്വത്തുവകകളില്‍നിന്നോ നഷ്ടം ഈടാക്കാനാണ് നടപടി സ്വീകരിക്കുക.
 സര്‍ക്കാര്‍ ഓഫിസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പോലിസ് സംരക്ഷണം നല്‍കും. അക്രമത്തിന് മുതിരുന്നവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കും. നിര്‍ബന്ധിത ഹര്‍ത്താലായി മാറാതിരിക്കുന്നതിനാവശ്യമായ നടപടികള്‍ വേണമെന്ന ഹൈക്കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എസ്.പിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Latest News