Sorry, you need to enable JavaScript to visit this website.

ബിനാമി ബിസിനസ് തടയാൻ  സമഗ്ര പദ്ധതികൾക്ക് അംഗീകാരം

റിയാദ്- ദേശീയ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന ബിനാമി ബിസിനസ് പ്രവണതക്ക് തടയിടുന്നതിനുള്ള സമഗ്ര പദ്ധതികൾക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അംഗീകാരം നൽകി. വിവിധ മേഖലകളിൽനിന്ന് ബിനാമി വ്യവസായം തുടച്ചു നീക്കുന്നതിന് പുറമെ, ഇ ട്രേഡിംഗ് പരിപോഷിപ്പിക്കുന്നതിനും അത്യാധുനിക സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തുന്നതിനും ആവിഷ്‌കരിച്ച പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. നിയമാനുസൃതമല്ലാതെ വിദേശികൾ സ്വകാര്യ മേഖലയിൽ സ്വാധീനം ചെലുത്തുന്നത് തടയിടുന്നതിന് പുറമെ, സ്വദേശി യുവാക്കൾക്ക് ജോലി ലഭ്യമാക്കുന്നതും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. 
ബിനാമി വ്യവസായ വിരുദ്ധ നിയമം നിരീക്ഷിക്കുന്നതിന് വാണിജ്യ നിക്ഷേപ മന്ത്രാലയം മേൽനോട്ടം വഹിക്കണമെന്നതാണ് പ്രധാന നിർദേശം. 90 ദിവസത്തിനകം നിയമാവലിയിൽ ആവശ്യമായ ഭേദഗതികൾ വരുത്തണമെന്നും രാജവിജ്ഞാപനത്തിൽ വ്യക്തമാക്കി. 
ബിനാമി വ്യവസായം തടയുന്നതിന് മന്ത്രാലയങ്ങൾ ഉൾപ്പെടെ 10 സർക്കാർ വകുപ്പുകൾ ഏകോപനം നടത്തണമെന്നും രാജാവ് നിർദേശിച്ചു. വാണിജ്യ നിക്ഷേപ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം, നഗരവികസന ഗ്രാമകാര്യ മന്ത്രാലയം, ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, സ്മാൾ ആന്റ് മീഡിയം എന്റർപ്രൈസസ് ജനറൽ അതോറിറ്റി, സക്കാത്ത് ടാക്‌സ് അതോറിറ്റി, സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി (സാമ), സോഷ്യൽ ഡെവലപ്‌മെന്റ് ബാങ്ക്, ദേശീയ തൊഴിൽ സാങ്കേതിക പരിശീലന കേന്ദ്രം എന്നീ വകുപ്പുകൾ ഏകോപിച്ചാണ് ബിനാമി വ്യവസായ വിരുദ്ധ നിയമാവലിക്ക് രൂപം നൽകേണ്ടത്. സ്വകാര്യ, ഗവൺമെന്റ് സെക്ടറുകളുടെ സാമ്പത്തിക വികാസം മുന്നിൽ കണ്ട് സ്മാൾ ആന്റ് മീഡിയം എന്റർപ്രൈസസ് ജനറൽ അതോറിറ്റി പ്രവർത്തിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി. വിദേശികൾ തന്ത്രപ്രധാന ചുമതലകൾ വഹിക്കുന്നതിന് പകരം സ്വദേശികൾക്ക് ഇടപെടൽ നടത്തുന്നതിന് ഇതുവഴി അവസരം ലഭിക്കും. 
ബിനാമി വ്യവസായത്തിന് കൂടുതൽ സാധ്യതയുള്ള മേഖലകൾ പഠിച്ച്, അത്തരം മേഖലകളിൽ സ്വദേശിവത്കരണം ഉയർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക എന്നതാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ കർത്തവ്യം. റീട്ടെയിൽ സെക്ടറുകളിൽ പരിശീലന പദ്ധതികൾ ആരംഭിക്കുക, പരിശീലനങ്ങൾക്ക് ആവശ്യമായ സാമ്പത്തിക ചെലവ് വഹിക്കുക എന്നിവക്കും തൊഴിൽ മന്ത്രാലയം മേൽനോട്ടം വഹിക്കേണ്ടതുണ്ട്. പോയന്റ് ഓഫ് സെയിൽസ് മേഖല കാര്യക്ഷമമാക്കുന്നതിന് നഗരവികസന, ഗ്രാമകാര്യ മന്ത്രാലയത്തിന് പുതിയ തീരുമാനം അംഗീകാരം നൽകി. 
വിദേശികളിൽനിന്ന് നിക്ഷേപം സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് ജനറൽ ഇൻവെസ്റ്റ് അതോറിറ്റി ആവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. കച്ചവട സ്ഥാപനങ്ങളെ ബില്ലുകൾ ഇഷ്യൂ ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും സക്കാത്ത്, ടാക്‌സ് അതോറിറ്റി നിഷ്‌കർഷിക്കുന്നതും ബിനാമി വ്യവസായം ചെറുക്കുന്നതിന് സഹായകമാകും. 
കള്ളപ്പണം, ബിനാമി ഇടപാടുകൾ എന്ന് സംശയിക്കുന്ന ധനവിനിയോഗം കർശനമായി നിരീക്ഷിക്കുന്നതിന് കേന്ദ്ര ബാങ്കായ സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി (സാമ) ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് ആവശ്യമായ പദ്ധതികൾ ആവിഷ്‌കരിക്കണം. ചെറുകിട പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിന് സോഷ്യൽ ഡെവലപ്‌മെന്റ് ബാങ്ക് ലോൺ അനുവദിക്കണമെന്നും രാജവിജ്ഞാപനം വ്യക്തമാക്കി. 
 

Latest News