മലപ്പുറം- ഇത്തവണ പൊന്നാനി മണ്ഡലത്തിൽ യു.ഡി.എഫിന് കടുത്ത വെല്ലുവിളികളുയരുമെന്ന പ്രചാരണം നിലനിൽക്കെ യൂത്ത് കോൺഗ്രസ് ഉയർത്തിയ എതിർപ്പ് മുസ്‌ലിം ലീഗിന് വെല്ലുവിളിയാകുന്നു. ഇത്തവണ പൊന്നാനിയിൽ ഇ.ടി. മുഹമ്മദ് ബഷീർ സ്ഥാനാർഥിയാകുന്നതിനെതിരെ യൂത്ത് കോൺഗ്രസ് യോഗത്തിൽ പ്രമേയം പാസാക്കിയതാണ് യു.ഡി.എഫ് നേതൃത്വത്തെയാകെ വെട്ടിലാക്കിയത്. കെ.പി.സി.സി നേതൃത്വം ഇടപെട്ട് പ്രമേയം പിൻവലിച്ചെങ്കിലും മുന്നണിക്കുള്ളിൽ പടലപ്പിണക്കങ്ങൾ സജീവമാണെന്ന രഹസ്യം പുറത്തായി.
ശനിയാഴ്ച തിരൂരിൽ നടന്ന പൊന്നാനി പാർലമെന്റ് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി കൗൺസിൽ യോഗത്തിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ ഇ.ടി മുഹമ്മദ് ബഷീർ വേണ്ടെന്ന പ്രമേയം പാസാക്കിയത്. പി.കെ കുഞ്ഞാലിക്കുട്ടിയോ അതു പോലെയുള്ള നേതാക്കളോ വേണമെന്നാണ് യൂത്ത് കോൺഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.
ഇ.ടി മുഹമ്മദ് ബഷീറിനെ പോലെ മികച്ച പാർലമെന്ററിയനും മതേതര വാദിയും ദളിത് ന്യൂനപക്ഷ വിഭാഗത്തിനായി പോരാടുന്ന വ്യക്തി തുടർന്നും പാർലമെന്റിൽ എത്തേണ്ടത് ആവശ്യമാണെന്നും പൊന്നാനിയിൽ വിജയം സുനിശ്ചിതമാണെന്നും പറയുന്നതോടൊപ്പം പൊന്നാനിയിൽ അനായാസം വിജയിക്കുന്ന ഒരാളെ നിർത്തണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്. സീറ്റ് വിഭജനം പ്രതിസന്ധിയിലാക്കാൻ ചില ഘടകകക്ഷികൾ ശ്രമിക്കുന്നുവെന്നും പ്രമേയത്തിൽ ആരോപണം ഉന്നയിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം ജനറൽ സെക്രട്ടറി ഷെബീറാണ് പ്രമേയം അവതരിപ്പിച്ചത്.
യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രമേയം പാസാക്കുകയും അത് മാധ്യമങ്ങൾക്ക് പ്രസിദ്ധീകരണത്തിന് നൽകുകയും ചെയ്തതോടെ ലീഗ് നേതൃത്വം പ്രതിസന്ധിയിലായി. കെ.പി.സി.സി. നേതൃത്വത്തെ ഇക്കാര്യം മുസ്‌ലിം ലീഗ് നേതാക്കൾ അറിയിക്കുകയും അതൃപ്തി അറിയിക്കുകയും ചെയ്തു. ഇതോടെ യൂത്ത് കോൺഗ്രസിനോട് പ്രമേയം പിൻവലിക്കാനും ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കാനും കോൺഗ്രസ് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.
പൊന്നാനി പാർലമെന്റ് സീറ്റുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് യോഗത്തിൽ അവതരിപ്പിച്ച പ്രമേയം തെറ്റിദ്ധരിക്കപ്പെട്ടതായുംസംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പിൻവലിക്കുന്നതായും മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് യാസർ പൊട്ടിച്ചേലയാണ് അറിയിച്ചത്. ഇ.ടി. മുഹമ്മദ് ബഷീർ വിദ്യാഭ്യാസ മന്ത്രിയായിരിക്കുന്ന സമയത്തും പത്ത് വർഷം എം.പി ആയിരുന്ന സമയത്തും നടത്തിയ പ്രവർത്തനങ്ങൾ മറ്റുള്ളവർക്കുപോലും മാതൃകാ പരമാണെന്ന് യാസിർ പ്രസ്താവനയിൽ പറഞ്ഞു. ഇ.ടി യുടെ പ്രവർത്തന മികവിനെ ചോദ്യം ചെയ്യുന്ന തരത്തിലുളള ദുർവ്യഖ്യാനം ഈ പ്രമേയത്തിന്റെ പശ്ചാത്തലത്തിലുണ്ടായത് ഖേദകരമാണെന്നും പ്രസ്താവനയിലുണ്ട്.
പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെയും അതിന് കീഴിൽ വരുന്ന നിയമസഭാ മണ്ഡലങ്ങളിലെയും ചില പ്രദേശങ്ങളിൽ കുറച്ചുകാലമായി കോൺഗ്രസും മുസ്‌ലിം ലീഗിൽ തമ്മിൽ അസാരസ്യങ്ങളുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇ.ടി.മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞത് കോൺഗ്രസിന്റെ പൂർണപിന്തുണ ലഭിക്കാത്തതിനാലാണെന്ന ആരോപണമുയർന്നിരുന്നു.ഇ.ടി.മുഹമ്മദ് ബഷീറിനെതിരെ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് വിമർശനം ഉന്നയിച്ചത് മുസ്‌ലിം ലീഗിനെ പ്രതിരോധത്തിലാക്കിയിരുന്നു.
യൂത്ത് കോൺഗ്രസിന്റെ പ്രമേയത്തെ കുറിച്ച് കോൺഗ്രസിലും മുസ്‌ലിം ലീഗിലും വെവ്വേറെ അന്വേഷണങ്ങൾ അനൗദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കളിലാരെങ്കിലും യൂത്ത് കോൺഗ്രസിന്റെ പ്രമേയത്തിന് പിന്നിൽ ചരടുവലി നടത്തിയിട്ടുണ്ടോ എന്ന് സംശയമുയർന്നിട്ടുണ്ട്. അതേസമയം, മുസ്‌ലിം ലീഗിൽ തന്നെ ഇ.ടി.മുഹമ്മദ് ബഷീർ മൽസരിക്കുന്നതിനെതിരെ പ്രാദേശികമായ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും യൂത്ത്‌കോൺഗ്രസിനെ ഉപയോഗിച്ച് അത് പരസ്യമാക്കിയതാണെന്നുമുള്ള സംശയങ്ങളും ഉയരുന്നുണ്ട്.