Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരം സീറ്റ് വിട്ടുകൊടുക്കില്ലെന്ന് സി.പി.ഐ 

കാസർകോട് - ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം വിടില്ലെന്ന് ഉറപ്പിച്ചു സി.പി.ഐ. തിരുവനന്തപുരം സീറ്റ് സി.പി.ഐയിൽനിന്ന് ഏറ്റെടുത്തു ഇടതു മുന്നണിയിലെ ജനതാദൾ-എസ് അടക്കമുള്ള മറ്റേതെങ്കിലും ഘടകകക്ഷിക്ക് നൽകുന്നതിന് സി.പി.എം നീക്കം നടത്തുന്നുവെന്ന അഭ്യൂഹത്തിന്റെ വേരറുത്താണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തങ്ങളുടെ നിലവിലുള്ള സീറ്റിന്റെ കാര്യത്തിൽ സ്വരം കടുപ്പിച്ചത്. തിരുവനന്തപുരം സീറ്റിൽ സി.പി.ഐ തന്നെ മത്സരിക്കുമെന്നും കാസർകോട് പ്രസ് ക്ലബിൽ മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. 
ഇടതുമുന്നണിയിൽ സീറ്റ് ചർച്ചകൾ തുടങ്ങാതെ പിന്നെങ്ങിനെയാ സീറ്റുകളുടെ കാര്യത്തിൽ അഭിപ്രായം പറയുന്നതെന്നും ചോദ്യങ്ങളോട് പ്രതികരിച്ചു കൊണ്ട് കാനം പറയുകയുണ്ടായി. തിരുവനന്തപുരം സീറ്റ് വിട്ട് കൊടുക്കുന്ന കാര്യം മുന്നണിയിൽ ചർച്ച ആയിട്ടില്ല. 
തിരുവനന്തപുരത്ത് ആനിരാജയാണോ കാനമാണോ മത്സരിക്കുന്നതെന്ന കാര്യം ഏഴിന് ശേഷം അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണിയിൽ പതുതായി എത്തിയ ഘടക കക്ഷികൾക്ക് സീറ്റ് നൽകുമോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ല. അത് പറയേണ്ടത് ഞാനുമല്ല. മുന്നണിയോഗം കൂട്ടായി എടുക്കേണ്ടുന്ന തീരുമാനമാണ്. അതെല്ലാം സീറ്റു ചർച്ചയുടെ ഭാഗമായി വരും. ഉചിതമായ തീരുമാനം കൈക്കൊള്ളുകയും ചെയ്യും. ഒറ്റക്കെട്ടായി ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്ന എൽ.ഡി.എഫ് കേരളത്തിലെ മുഴുവൻ സീറ്റുകളിലും ഉജ്വല വിജയം നേടുമെന്ന കാര്യത്തിൽ യാതൊരു സംശയവും ആർക്കും വേണ്ട, അഭിപ്രായ സർവേകളിലൊന്നും വലിയ കാര്യമില്ല. ഒരു ചെറിയ ന്യൂനപക്ഷത്തിന്റെ വാക്കുകൾ മാത്രം കേട്ട് തയാറാക്കുന്നതാണ് സർവേകൾ. 
അതൊന്നും തെരഞ്ഞെടുപ്പിനെയോ വോട്ടെടുപ്പിനെയോ സ്വാധീനിക്കാനും പോകുന്നില്ല. എല്ലാ സർവേകളുടെയും അപ്പുറത്തായിരിക്കും ഇടതുമുന്നണിയുടെ വിജയമെന്നും കാനം പറഞ്ഞു. ശബരിമല വിഷയമല്ല കേരളത്തിന്റെ പ്രധാന പ്രശ്‌നം. വിശ്വാസികളുടെയും അവിശ്വാസികളുടെയും കാര്യം പറഞ്ഞു കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ബി.ജെ.പിയും കോൺഗ്രസും ശ്രമിക്കുന്നത്. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങൾ മറന്നുകൊണ്ടാണ് ബി.ജെ.പിയെ കോൺഗ്രസ് സഹായിക്കുന്നത്. ശബരിമല വിഷയമൊന്നും തെരഞ്ഞെടുപ്പിൽ ഒരു ഘടകമാകില്ല. 
അവിടെ ശരിയായ നിലപാട് എടുത്ത ഈ സർക്കാരിനെയാണ് ജനങ്ങൾ പിന്തുണക്കുക. വികസന കാര്യത്തിലും പ്രളയക്കെടുതി നേരിടുന്നതിലും കേരളത്തെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ സ്വീകരിക്കുന്നത്. പ്രളയ സഹായം നൽകുമെന്ന് പ്രഖ്യാപിച്ചു കേരളത്തെ കേന്ദ്രം വഞ്ചിച്ചു. കടം വാങ്ങാനുള്ള കേരളത്തിന്റെ പരിധി കേന്ദ്രം വെട്ടിക്കുറച്ചത് അംഗീകരിക്കാനാവില്ല. രാജ്യത്തിന്റെ അതിർത്തി കാക്കുന്ന സൈനികർക്ക്‌പോലും സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ട സർക്കാർ ആണ് രാജ്യം ഭരിക്കുന്നത്. 
ജമ്മു കശ്മീരിൽ അധികാരത്തിന് വേണ്ടി ഉണ്ടാക്കിയ ബി.ജെ.പി-പി.ഡി.പി ബാന്ധവത്തിന്റെ ഫലം ആണ് ഇപ്പോൾ അവിടെ കാണുന്നത്. തീവ്രവാദികളുടെ ആക്രമണം ശക്തമാവുകയാണ്. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം തടയാൻ കേന്ദ്രത്തിന് കഴിയുന്നില്ല. വിദേശ നയത്തിന്റെ പരാജയം കൂടിയാണിതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ.വി സുരേഷ് സ്വാഗതം പറഞ്ഞു. 

 

Latest News