ഒരു രൂപയുടെ നോട്ട് വാങ്ങാൻ ഒരാൾ 33,000 രൂപ ചെലവാക്കിയെന്ന് പറഞ്ഞാലോ? അതിശയമാണോ അതോ അവിശ്വാസമാണോ അത് കേൾക്കുമ്പോൾ നിങ്ങൾക്ക് തോന്നുന്നത്? അതെന്തായാലും സംഗതി സത്യമാണ്. കോഴിക്കോട് നടക്കാവിലെ എം.കെ. ലത്തീഫ് എന്ന കറൻസി-നാണയ-പുരാവസ്തു ശേഖരണം ജീവിത വ്രതമാക്കിയ ആളാണ് കക്ഷി. ദീർഘകാലമായി നിലവിലില്ലാതിരുന്ന ഒരു രൂപ നോട്ട് 2015-ൽ റിസർവ് ബാങ്ക് വീണ്ടുമിറക്കുന്നത് അറിഞ്ഞാണ് അതു വാങ്ങാൻ അദ്ദേഹം ദുബായിൽനിന്നും ദൽഹിയിൽ പറന്നെത്താൻ ഇത്രയും വലിയൊരു തുക ചെലവഴിച്ചത്!
കറൻസി-നാണയ ശേഖരണം ഒരു വിനോദമായിട്ടാണ് സമൂഹം കാണുന്നതെങ്കിലും തനിക്കത് അങ്ങനെയല്ല എന്നാണ് ലത്തീഫിന്റെ വാദം. അദ്ദേഹത്തിനത് സമൂഹത്തിന് പലതരത്തിലുള്ള അറിവുകൾ പകരുന്ന ശ്രമകരമായ യജ്ഞമാണ്. ലാഭേച്ഛ കൂടാതെയുള്ള ഒരു സാമൂഹ്യ സേവനം എന്നും പറയാം. കുട്ടിക്കാലത്ത് ഫാൻസി നമ്പറുകളുള്ള കറൻസി നോട്ടുകൾ കൗതുകത്തിന് ശേഖരിച്ചു തുടങ്ങിയതാണ് ലത്തീഫ്. സുഹൃത്തുക്കളും ബന്ധുക്കളും പരിചയക്കാരും സഹായിക്കാൻ തുടങ്ങിയതോടെ അതൊരു ഹരമായി.
ദുബായിലെ നായിഫ് സൂഖിൽ ഫാൻസി സാധനങ്ങളുടെ ഒരു കട ആരംഭിച്ചപ്പോൾ അതിന്റെ ആവശ്യാർഥം പല രാജ്യങ്ങളിലും സഞ്ചരിക്കേണ്ടിവന്നു. അപ്പോൾ അവിടങ്ങളിലെ കറൻസി-നാണയ പ്രദർശനശാലകളും ക്ലബുക ളും സന്ദർശിച്ചു. അങ്ങനെ പല രാജ്യങ്ങളുടെയും പലതരം നോട്ടുകളും ശേഖരിക്കാൻ തുടങ്ങി. കഴിഞ്ഞ 20 വർഷത്തിലേറെ കാലത്തെ ഊർജിത ശ്രമത്തിനിടയിൽ അദ്ദേഹം ശേഖരിച്ചത് ലോകത്തിലെ 195 രാജ്യങ്ങളിൽനിന്നുള്ള 180 ഓളം പഴയതും പുതിയതുമായ കറൻസികളും നാണയങ്ങളുമാണ്.
ഇങ്ങനെ നേടിയ കറൻസികളിൽ പലതും അപൂർവങ്ങളിൽ അപൂർവമാണ് എന്നതും ശ്രദ്ധേയമാണ്. ഗ്രീക്ക് അധീനതയിലായിരുന്ന ഒലിബിയ എന്ന രാജ്യം ബി സി 500-200 കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന ഡോൾഫിൻ നാ ണയം അതിലൊന്നാണ്. ആഫ്രിക്കയിലെ പുരാതന കിസ്സി വർഗക്കാർ ഉപയോഗിച്ചിരുന്ന കിസി പെന്നി എന്ന ഇരുമ്പു നാണയമാണ് ശേഖരത്തിലുള്ള മറ്റൊരു അപൂർവ ഇനം. സ്വന്തമായി കറൻസിയില്ലാത്ത ഫലസ്തീൻ ഇന്ന് ഉ പയോഗിക്കുന്നത് ഇസ്രായേലിന്റെ നോട്ടുകളാണ്. എന്നാൽ മുമ്പ് ഫലസ്തീ ൻ ഉപയോഗിച്ചിരുന്ന പൗണ്ട് എന്ന കറൻസി ലത്തീഫിന്റെ കൈയിലുണ്ട്. അപൂർവ കറൻസികളും നാണയങ്ങളും സ്വന്തമാക്കാൻ ഏതു രാജ്യത്ത് വേണമെങ്കിലും യാത്ര ചെയ്യാനും എത്ര പണം ചെലവഴിക്കാനും ഒരു മടിയുമില്ല ലത്തീഫിന്. അതിനായി ചൈന, കൊറിയ, മലേഷ്യ, തായ്‌ലാന്റ്, സിങ്കപ്പൂർ എന്നിവിടങ്ങളിലൊക്കെ സഞ്ചരിക്കാറുണ്ട്. 2017 - ൽ മലേഷ്യ, ബ്രട്ടീഷുകാരിൽ നിന്നും തങ്ങളുടെ സ്വാതന്ത്ര്യം വീണ്ടെടുത്തതിന്റെ 60-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി 600 റിങ്ക്വിറ്റ്‌സിന്റെ കറൻസി ഇറക്കിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ നോട്ടാണിത് (1998-ൽ ഫിലിപ്പീൻസ് പുറത്തിറക്കിയ 1 ലക്ഷം പെസോയുടെ കറൻസി ആയിരുന്നു അതുവരെ ഏറ്റവും വലുത്) ആ റെക്കോർഡ് ആണ് മലേഷ്യ മറികടന്നത്. 37 സെന്റി മീറ്റർ നീളവും 22 സെന്റി മീറ്റർ വീതിയും വരും ഈ നോട്ടിന്. അത്തരം 6000 നോട്ടുകളാണ് സർക്കാർ പുറത്തിറക്കിയത്. അതിൽ തന്നെ 500 എണ്ണം മാത്രമെ മറ്റ് രാജ്യങ്ങൾക്ക് നൽകിയുള്ളൂ. 1700 റിങ്ക്വിറ്റ്‌സിന് (ഇന്ത്യൻ രൂപ 30,000) മലേഷ്യ വിൽപനയ്ക്ക് വച്ച അതിലൊരെണ്ണം ഏകദേശം 70,000 രൂപയോളം ചിലവാക്കി മലേഷ്യയിൽ നേരിട്ട് ചെന്നാണ് ലത്തീഫ് വാങ്ങിയത് എന്നു പറയുമ്പോൾ അപൂർവ കറൻസികളോടുള്ള അദ്ദേഹത്തിന്റെ ക്രേസ് മനസിലാക്കാമല്ലൊ!
1955-ൽ ഇന്ത്യ ഗവൺമെന്റ് ഇറക്കിയ 1000 രൂപയുടെ വലിയ നോട്ട് മുംബൈയിലുള്ള ഒരാളുടെ കൈയിൽ നിന്നും 65,000 രൂപ മുടക്കിയാണ് അദ്ദേഹം കരസ്ഥമാക്കിയത്. തഞ്ചാവൂർ ക്ഷേത്രത്തിന്റെ ആയിരാം വാർഷികത്തിൽ ഇന്ത്യാ ഗവൺമെന്റ് പുറത്തിറക്കിയ 1000 രൂപയുടെ നാണയം 4775 രൂപ നൽകി ബുക്ക് ചെയ്തിട്ടാണ് അദ്ദേഹം നേടിയെടുത്തത്. ഇന്ത്യയുടെ ക്രിക്ക റ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ 200-ാം ടെസ്റ്റ് പൂർത്തിയാക്കിയതിന്റെ ഭാഗമായി ഇറങ്ങിയ 200 ഗ്രാം വെള്ളിനാണയത്തിന്റെ 15,921 എണ്ണത്തിലൊന്ന് ലത്തീഫ് വാങ്ങിയത് 25,000 രൂപയോളം കൊടുത്താണ്. അച്ചടിക്കിടയിൽ എ ങ്ങനെയോ നീളം കൂടിപ്പോയ ഒരു 2000 രൂപ നോട്ടു സംഘടിപ്പിക്കാൻ അദ്ദേഹം ചെലവാക്കിയത് 20,000 രൂപയാണ്!
ടിപ്പു സുൽത്താൻ കോഴിക്കോട്ട് ഇറക്കിയ സ്വർണ നാണയം, സാമൂതിരിമാരുടെയും കൊച്ചി രാജാക്കന്മാരുടെയും കാലത്തെ നാണയങ്ങൾ, സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രീട്ടീഷുകാർ ഭരിക്കുമ്പോൾ ഇന്ത്യയിൽ ഉണ്ടായിരുന്ന 10 രൂപ നോട്ട്, ഇന്ത്യ വിവിധ കാലങ്ങളിലിറക്കിയ 500, 100, 50, 20 രൂപയുടെ നാ ണയങ്ങൾ എന്നിവയും ലത്തീഫിന്റെ ശേഖരത്തിലുണ്ട്. അതുപോലെ തന്നെ അച്ചടി നേരാംവണ്ണം പതിയാത്ത നോട്ടുകൾ, കട്ടു ചെയ്യുമ്പോൾ അബദ്ധത്തി ൽ നീളം കൂടിപ്പോയതോ കുറഞ്ഞതോ ആയ നോട്ടുകൾ, ഒരു മുഴുവൻ നോ ട്ടിനൊപ്പം മറ്റൊരു നോട്ടിന്റെ ഭാഗങ്ങൾ കടന്നു വന്നവ, അച്ചടിപ്പിശകിൽ ക റൻസിയുടെ മൂല്യം ചെരിഞ്ഞു പോയവ തുടങ്ങി പറഞ്ഞാൽ തീരാത്തത്ര പ്ര ത്യേകതകളുള്ള നോട്ടുകളുണ്ട് അദ്ദേഹത്തിന്റെ പക്കൽ. ഇന്ത്യയിൽ ഇതുവ രെ ഇരുന്ന എല്ലാ റിസർവ് ബാങ്ക് ഗവർണർമാരും ഒപ്പുവച്ച നോട്ടുകളും കൂട്ടത്തിലുണ്ട്.
ലത്തീഫിന്റെ വൻനോട്ടു ശേഖരത്തിൽ അതിശയിപ്പിക്കുന്ന ഫാൻസി നമ്പരുകളുള്ള ഒരുപിടി നോട്ടുകൾ കാണാം. ഉദാഹരണമായി സീരിയൽ ന മ്പർ 000001 എന്നു തുടങ്ങുന്ന നോട്ടുകൾ, 111111, 222222, 888888, 000786 എന്നിങ്ങനെയുള്ള നോട്ടുകളുമുണ്ട്. അതിശയകരമായ കാര്യം, ഈ അപൂർവയിനം നോട്ടുകൾ-നാണയങ്ങൾ എന്നിവയിൽ ഒരെണ്ണത്തിന് തന്നെ ഇന്ന് പതിനായിരങ്ങൾ വില വരും എന്നതാണ്. ചിലപ്പോൾ ലക്ഷങ്ങളും. അത്തരം നോട്ടുകൾ എത്ര പണം നൽകി എടുക്കാനും ആളുകളിന്ന് മത്സരമാണ്. കൈവശം അപൂർവമായ ഒന്നിലധികം നോട്ടുകളോ നാണങ്ങളോ ഉണ്ടെങ്കിൽ അത് ആ വശ്യക്കാർക്ക് കൈമാറി തന്റെ പക്കലില്ലാത്ത വേറെ കറൻസികളോ നാണയങ്ങളോ അദ്ദേഹം വാങ്ങാറുണ്ട്.
ശേഖരത്തിലുള്ള അപൂർവ ഇനം നോട്ടുകൾക്ക് മോഹവിലയുമായി ആരെങ്കിലും വന്നാൽ കൊടുക്കുമോ എന്നു ചോദിച്ചപ്പോൾ ലത്തീഫിന്റെ ഉറച്ച ഉത്തരം ഇല്ല എന്നായിരുന്നു. അദ്ദേഹത്തിന് വേണമെങ്കിൽ ദൽഹിയിലെയോ കൽക്കത്തയിലെയോ മുംബെയിലെയോ ഉള്ള വമ്പൻ ന്യുമിസ്മാറ്റിക്ക്‌സ് ക്ല ബ്ബുകൾക്കോ വ്യക്തികൾക്കോ ഈ ശേഖരം മുഴുവൻ കൈമാറാം (പലരും പലതവണ അതിനായി സമീപിച്ചതുമാണ്) അങ്ങനെ ഒറ്റയടിക്ക് കോടീശ്വരനോ ശതകോടീശ്വരനോ ഒക്കെ ആകാൻ കഴിയുമെങ്കിലും അദ്ദേഹത്തിന് അതിൽ ഒട്ടും താൽപര്യമില്ല.
ലോകമെമ്പാടുമായി നിരവധി സുഹൃത്തുക്കളുണ്ട് ലത്തീഫിന്. പല രാ ജ്യങ്ങളിലേയും കറൻസി ക്ലബ്ബുകൾ, എക്‌സിബിഷൻ സംഘടനകൾ എന്നിവയുമായും ബന്ധമുണ്ട്. ഇന്ത്യൻ കോയിൻ ആന്റ് കറൻസി എന്ന സംഘടനയി ലെ മെംബറും കോഴിക്കോട് ന്യുമിസ്മാറ്റിക്‌സ് ക്ലബ്ബ് അംഗവുമാണ്. പലതരം കറൻസികൾ കൈയിൽ വരുന്നത് ഇവരിലൂടെയാണ്. റിസർവ് ബാങ്കിന്റെ വി വിധ ശാഖകളിലെ ഉദ്യോഗസ്ഥരുടെ സഹായവും ഇതിനായി അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. ഓൺലൈൻ വഴിയും പ്രദർശന ശാലകൾ സന്ദർശിച്ചും അദ്ദേ ഹം നോട്ടുകൾ ശേഖരിക്കാറുണ്ട്. പലപ്പോഴും നോട്ടിന്റെ യഥാർഥ മൂല്യത്തേക്കാൾ കൂടുതൽ വില നൽകിയാണ് നോട്ടുകളും നാണയങ്ങളും വാങ്ങാറ്.
കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് റഷ്യ പുതിയ റൂബി ളും നാണയവും ഇറക്കുകയുണ്ടായി. പ്രശസ്ത സോവിയറ്റ് ഗോൾകീപ്പർ ലെവ് യാഷിന്റെ ചിത്രം പതിച്ച 100 റൂബിളിന്റെ ക്യൂആർ കോഡുള്ള പ്ലാസ്റ്റിക്ക് നോട്ടായിരുന്നു അത്. ലോക കപ്പിന്റെ ചിത്രങ്ങൾ ആലേഖനം ചെയ്തവയാ ണ് നാണയം. അവ രണ്ടും റഷ്യയിലുള്ള ഒരു സ്‌നേഹിതൻ വഴി കരസ്ഥമാക്കാൻ തനിക്ക് കഴിഞ്ഞു എന്ന് ലത്തീഫ് അഭിമാനത്തോടെ പറയുന്നു.
ഇന്ത്യയിൽ റിസർവ് ബാങ്ക് പുതിയ നോട്ടിറക്കുമ്പോൾ അത് മറ്റാർക്കെ ങ്കിലും കിട്ടുന്നതിന് മുമ്പ് തന്റെ കൈയിലെത്തണം എന്ന നിർബന്ധവും ചി ലപ്പൊഴൊക്കെ അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിൽ പുതിയ 10 രൂപ നോട്ട് പുറത്തു വരുന്നു എന്നറിഞ്ഞ അദ്ദേഹം നോട്ട് ഇറങ്ങുന്ന ദിവസം രാവിലെ നെടുമ്പാശ്ശേരിയിൽ നിന്ന് ഫ്‌ളൈറ്റിൽ ദൽഹിയിലേക്ക് വെച്ചുപിടിച്ചു. 100 എണ്ണം വീതമുള്ള പുതിയ 10 രൂപയുടെ 3 കെട്ടുകളും വാങ്ങി അന്നു രാത്രി തന്നെ തിരിച്ച് കോഴിക്കോട്ട് എത്തുകയും ചെയ്തു!
15 വർഷം മുമ്പ് മുംബെയിൽ നിന്നും ട്രെയിനിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു, ലത്തീഫ്. യാത്രക്കിടെ പരിചയപ്പെട്ട ഒരാൾ ഒരു ഇന്ത്യൻ കറൻസി എടുത്തു കാണിച്ചിട്ട് പറഞ്ഞു, ഇതിന്റെ സീരിയൽ നമ്പരിൽ തന്റെ ജൻമദിനം അടങ്ങിയിട്ടുണ്ട് എന്ന്. അത് ലത്തീഫിന് പുതിയ അറിവായിരുന്നു. നമ്മുടെ രൂപ നോട്ടുകളിൽ ഗാന്ധിജിയുടെ ചിത്രത്തിനു മുകളിലായി ആറക്ക സീരിയൽ നമ്പരുണ്ട്. അതു വെച്ച് പലരുടെയും ജൻമദിന നോട്ടുകൾ ശേഖരിക്കലും ആൽബമാക്കലുമായി പിന്നീട് ലത്തീഫിന്റെ ഹോബി. ഉദാഹരണത്തിന് ഒരാളുടെ ജൻമദിനം 22.05.67 ആണെങ്കിൽ ആ ആറക്ക സീരിയൽ നമ്പരിലുള്ള നോട്ടുകൾ അദ്ദേഹം തേടിപ്പിടിക്കുന്നു. വളരെ ബുദ്ധിമുട്ടുള്ള പണിയാണിത് എങ്കിലും ലത്തീഫിനത് ആനന്ദകരമാണ്.
സാധാരണ 5 രൂപ, 10 രൂപ, 20 രൂപ നോട്ടുകളാണ് ഇതിനായി ഉപയോഗിക്കാറ്. 50 ന്റെയും 100 ന്റെയും 200 ന്റെയും 2000 ന്റെയും നോട്ടുകളും ചിലപ്പോൾ അതിനായി ശേഖരിക്കാറുണ്ട്. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജൻമദിനമാണ് ഇങ്ങനെ നോട്ടുകൾ കൊണ്ട് ആദ്യം ലത്തീഫ് ഉണ്ടാക്കിയത്. അത് അദ്ദേഹം ഉമ്മൻചാണ്ടിക്ക് തന്നെ സമ്മാനിക്കുകയും ചെയ്തു. അച്യുതാന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഗവർണർ സദാശിവം, സ്പീക്കർ ശ്രീരാമകൃഷ്ണൻ, സിനിമാ നടൻമാരായ മോഹൻലാൽ, മമ്മൂട്ടി, ദുൽക്കർ സൽമാൻ, സുരേഷ് ഗോപി കൂടാതെ രാഹുൽ ഗാന്ധി, പ്രധാനമന്ത്രി മോഡി തുടങ്ങി 10,000 ത്തോളം പ്രമുഖ വ്യക്തികളുടെ ജൻമദിനങ്ങൾ അടങ്ങിയ നോട്ടുകൾ കൊണ്ട് ആൽബമുണ്ടാക്കി അവർക്ക് തന്നെ ലത്തീഫ് സമ്മാനിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഈ വിനോദം കൊണ്ടുനടക്കുന്ന ഒരേ ഒരാൾ താനാണ് എന്ന് അദ്ദേഹം അവകാശപ്പെടുന്നു. അതിന്റെ ബലത്തിൽ ലിംകാ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ ഇടം പിടിക്കാനുള്ള ശ്രമത്തിലാണിപ്പോൾ.
ഇതിനിടയിലാണ് വിവിധതരം പുരാവസ്തുക്കളും അദ്ദേഹം ശേഖരിച്ചു തുടങ്ങിയത്. ഇവയുടെയൊക്കെ പരിപാലനവും നേരാംവണ്ണമുള്ള സൂക്ഷിപ്പുമാണ് ഇന്ന് ലത്തീഫ് നേരിടുന്ന വലിയ വെല്ലുവിളി. വീട്ടിലെ മുറികളെല്ലാം നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. അവയൊക്കെ ഭദ്രമായി സൂക്ഷിക്കാനുള്ള ഒരു സംവിധാനം ഒരുക്കാൻ കോഴിക്കോട് മേയർ ഉൾപ്പടെ പലരോടും അദ്ദേഹം സഹായം അഭ്യർഥിച്ചിട്ടുണ്ട്. കറൻസി-നാണയ-പുരാവസ്തുക്കളുടെ പ്രദർശനത്തിലാണ് ഇപ്പോൾ ലത്തീഫിന്റെ സമ്പൂർണ ശ്രദ്ധ. സ്‌കൂളുകളും ക്ലബ്ബുകളും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് അവ പ്രധാനമായും നടത്തുന്നത്. കേരളത്തിലും പുറത്ത് ദൽഹിയും കൊൽക്കത്തയും മുംബൈയും ചെന്നൈയും ബംഗളൂരും ഉൾപ്പെടെ 100 ലധികം പ്രദർശനങ്ങൾ അദ്ദേഹം നടത്തിക്കഴിഞ്ഞു.
ഈ രംഗത്ത് തന്നെ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കാൻ മൂന്നു പതിറ്റാണ്ടായി ദുബായിൽ നടത്തി വന്നിരുന്ന കച്ചവടം ഉപേക്ഷിച്ച്, കോഴിക്കോട് നടക്കാവിൽ തിരിച്ചെത്തി ഇപ്പോൾ അവിടെ ഷൂ ക്ലബ്ബ് എന്നൊരു സ്ഥാപനം നടത്തുകയാണ് ലത്തീഫ്. സമൂഹത്തിന് അറിവ് പകരാനുള്ള ഒരു സൽക്കർമ്മമാണ് കറൻസി-നാണയ-പുരാവസ്തുക്കളുടെ പ്രദർശനത്തിലൂടെ ചെയ്യുന്നതെങ്കിലും തനിക്കതൊരു വരുമാന മാർഗമല്ല എന്നദ്ദേഹം പറയുന്നു. എന്നു മാത്രമല്ല, ഏറെ ചെലവുള്ള പണിയുമാണ്. പ്രദർശന സ്ഥലത്ത് ഇവയൊക്കെ വാഹനത്തിൽ എത്തിക്കാനും പ്രദർശനത്തിന് സജ്ജമാക്കാനും തിരിച്ച് കൊണ്ടുവരാനും ഒക്കെയായി സ്വന്തം കീശയിൽനിന്നുതന്നെ വലിയ തുക ചിലവാകും. അതേസമയം സംഘാടകർ അറിഞ്ഞു നൽകുന്ന പ്രതിഫലം അദ്ദേഹം സ്വീകരിക്കാറുണ്ട്; അത് എത്ര ചെറിയ തുക ആയാലും.
ആദ്യകാലത്തൊക്കെ അദ്ദേഹത്തിന്റെ ഈ പ്രവർത്തനത്തിന് കുടുംബത്തിൽനിന്നും വലിയ എതിർപ്പുകൾ നേരിടേണ്ടിവന്നിരുന്നു. പക്ഷെ, ഇന്ന് അതിന്റെ പ്രാധാന്യം മനസിലാക്കി എല്ലാവരും സഹായത്തിനായി കൂടെയുണ്ട്. പ്രത്യേകിച്ചും ഭാര്യ അനീഷയും മകൻ ബി.ബി.എക്ക് പഠിക്കുന്ന മിഷാലും മകൾ പ്ലസ് ടൂവിന് പഠിക്കുന്ന മിനാസയും. അവരുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങളാണ് ഈ പ്രവർത്തനവുമായി സുഗമമായി മുന്നോട്ടു പോകാൻ ഇപ്പോൾ തന്റെ ശക്തി എന്ന് ലത്തീഫ് പറയുന്നു. കറൻസി-നാണയ-പുരാവസ്തുക്കളുടെ ഒരു മ്യൂസിയം ഉണ്ടാക്കി അവിടെ സ്ഥിരം പ്രദർശനം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹമിപ്പോൾ.