കിംഗ്, കമ്മീഷണർ പോലുള്ള മലയാളം സൂപ്പർ ഹിറ്റ് ചിത്രങ്ങൾ കേരളത്തിലെ സിനിമാശാലകളിൽ മാസങ്ങളോളം പ്രദർശിപ്പിച്ചു. മമ്മൂട്ടിയും സുരേഷ് ഗോപിയും രാഷ്ട്രീയ പുംഗവന്മാരുടെ മുഖത്ത് നോക്കി ഡയലോഗ് വീശുന്നത് കണ്ട നമുക്ക് മുടക്കിയ പണം മുതലായി.
ഓർമയുണ്ടാവില്ല ഈ മുഖം, ഒരു പാട് മുഖങ്ങൾ...എന്നുള്ള സുരേഷ് ഗോപിയുടെ പ്രയോഗം ഒരു കാലത്ത് കൊച്ചു കുട്ടികൾക്ക് പോലും ഏറെ ഇഷ്ടമായിരുന്നു.
ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പ്രതിഛായ വളർത്തുന്നതിൽ ജനകീയ മാധ്യമങ്ങളെന്ന നിലയിൽ സിനിമ കാര്യമായ പങ്ക് വഹിച്ചു. സ്വപ്‌ന ലോകത്ത് ജീവിക്കുന്ന സാധാരണ മനുഷ്യർക്ക് സിനിമ നൽകുന്ന ആശ്വാസം ചെറുതൊന്നുമല്ല. ഫാസിലിന്റേയും ജോഷിയുടേയും സിനിമകളിൽ നായകന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട പല തരം കാറുകൾ കാണുമ്പോൾ തന്നെ സമാധാനമായി. നമുക്ക് സാധിക്കാത്തത് ഇഷ്ട താരങ്ങളെങ്കിലും വെള്ളിത്തിരയിൽ അനുഭവിക്കുന്നത് കാണുന്നതിലെ സുഖം.
മൂന്നാറിലെ കാലാവസ്ഥയാണോ കാരണമെന്നറിയില്ല. അവിടെ സത്യസന്ധരായ ഐ.എ.എസ് ഉദ്യോഗസ്ഥർ ജോലിക്കെത്തിയാൽ ആകെ പ്രശ്‌നമാണ്. ശ്രീരാം വെങ്കിട്ടരാമന്റെ അനുഭവം നമുക്കറിയാം. അതു കഴിഞ്ഞിതാ മെഡിസിൻ പഠനം കഴിഞ്ഞെത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥ സബ് കലക്ടർ രേണു രാജ് ജനങ്ങളുടെയും സഹപ്രവർത്തകരുടെയും വീരനായികയായി. എം.എൽ.എയുടെ വാക്ചാതുര്യം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തു. മറ്റൊരു സബ് കലക്ടർ ദിവ്യ എസ്. അയ്യർ
തിരുവനന്തപുരത്ത് ജോലി ചെയ്യവേ
നിയമവിരുദ്ധമായി പതിച്ചു നൽകിയ ഭൂമി ഏറ്റെടുത്ത് പോലീസ് സ്‌റ്റേഷനു നൽകാൻ സംസ്ഥാന സർക്കാർ ഇപ്പോൾ ഉത്തരവിട്ടിരിക്കുകയാണ്. ശബരീനാഥ് എം.എൽ.എയുടെ ഭാര്യയായ ദിവ്യ ഭൂമി പതിച്ച് നൽകിയത് കോൺഗ്രസ് കുടുംബത്തിനായിരുന്നു എന്ന് ചൂണ്ടിക്കാട്ടി സി.പി.എം ശക്തമായി രംഗത്ത് വന്നിരുന്നു. കലക്ടർമാർക്ക് ജനപിന്തുണ കൂടുമ്പോൾ എതിർപക്ഷത്ത് നിൽക്കുന്നതാരാണ്? സൗന്ദര്യവും വിദ്യാഭ്യാസവുമില്ലാത്ത കറുത്ത നിറമുള്ള ജനപ്രതിനിധികൾ. നിറം കുറഞ്ഞതിന്റെ പേരിൽ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയോ എന്ന് ന്യായീകരണ തൊഴിലാളികൾക്ക് സംശയിക്കാം. ജിദ്ദയിൽ കഴിഞ്ഞ വർഷം വരെ സർവീസ് നടത്തിയിരുന്ന മിനി ബസുകളിൽ പോക്കറ്റടി നടന്നാൽ ഉടൻ ആരെങ്കിലും വിളിച്ചു പറയും. അത് കറപ്പന്മാരുടെ പണിയായിരിക്കും. അങ്ങനെയെങ്കിൽ വെള്ളക്കാർ മാത്രമുള്ള യൂറോപ്പിൽ എല്ലാവരും സാവിത്രിയുടെ പുതിയാപ്ലമാരായിരിക്കും. അന്നാട്ടിലെ പോലീസ് സ്റ്റേഷനുകളെല്ലാം വേഗം വൃദ്ധ സദനങ്ങളാക്കി മാറ്റുകയും ചെയ്യാം.
*** *** ***
ശബരിമല വിവാദ വേളയിൽ കേരളത്തിൽ ആദ്യമായി അഭിപ്രായ വോട്ടെടുപ്പ് നടത്തിയ അർണബിന്റെ ചാനൽ റിപ്പബ്ലിക് ടി.വി അന്നേ വിധിയെഴുതി. അമിത് ഷാജി ഇടക്കിടെ കേരളത്തിലെത്തിയതുകൊണ്ട് ഒരു കാര്യവുമില്ല. സംസ്ഥാനത്തെ ഇരുപതിൽ പതിനാറും യു.ഡി.എഫ് കൊണ്ടുപോകും. ബാക്കി നാലാണ് എൽ.ഡി.എഫിന് ലഭിക്കുക. പിന്നീട് ഇന്ത്യാ ടുഡേ നടത്തിയ സർവേയിലും ഇത് ശരിവെച്ചു.
ദേശീയ ചാനലായ ടൈംസ് നൗ കണക്കെടുത്തപ്പോൾ കേരളത്തിൽ യു.ഡി.എഫിന് പതിനാറും എൽ.ഡി.എഫിന് മൂന്നും ബി.ജെ.പിക്ക് ഒന്നും എന്ന നിലയിലായി. ഈ കോലാഹലമെല്ലാം കഴിഞ്ഞപ്പോഴതാ ഏഷ്യാനെറ്റ് ചാനൽ ഒറ്റ ദിവസം കൊണ്ട് അഭിപ്രായ വോട്ടെടുപ്പ് നടത്തി. ഫലം നേരത്തേ ഹിന്ദിക്കാർ വന്ന് നടത്തിയതിന്റെ ട്രൂ കോപ്പി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പോപ്പുലാരിറ്റി ഉയർന്നു നിൽക്കുകയാണെന്നും ഈ സർവേയിൽ വ്യക്തമായി. മലബാർ മേഖലയിൽ എൽ.ഡി.എഫിന് ഒറ്റ സീറ്റും ലഭിക്കില്ലെന്ന ഏഷ്യാനെറ്റ് പ്രവചനത്തെ സമൂഹ മാധ്യമങ്ങളിൽ സഖാക്കൾ കണക്കിന് പെരുമാറുകയും ചെയ്തു. അപ്പോഴതാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി ഉപതെരഞ്ഞെടുപ്പ് ഫലം വരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ തകർച്ച പ്രവചിച്ച അഭിപ്രായ സർവേകൾക്ക് കേരളം നൽകിയ മറുപടിയായി ഉപതെരഞ്ഞെടുപ്പ് ഫലം മാറുകയും ചെയ്തു.
എൽ.ഡി.എഫ് മികച്ച പ്രകടനം കാഴ്ട വെച്ചപ്പോഴും ന്യൂസ് 18 ചാനലിന്റെ ശീർഷകം യു.ഡി.എഫ് അഞ്ച് കൂടുതൽ പിടിച്ചെടുത്തുവെന്ന്.
*** *** ***
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ദിരയെന്ന പേര് പ്രിയങ്ക ഗാന്ധിക്ക് ചാർത്തി നൽകിയത് സോഷ്യൽ മീഡിയയാണ്. ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ ഞെട്ടിക്കുന്ന പിന്തുണയാണ് പ്രിയങ്കയ്ക്ക് ലഭിച്ചിരിക്കുന്നത്. ഒരു ലക്ഷം ഫോളോവേഴ്‌സ് ആണ് പ്രിയങ്ക ഗാന്ധിക്ക് വെറും 10 മണിക്കൂർ കൊണ്ട് ലഭിച്ചത്. പ്രിയങ്കയുടെ ട്വിറ്റർ പ്രവേശനത്തെ വാഴ്ത്തി കോൺഗ്രസ് എം.പി ശശി തരൂരും രംഗത്തെത്തി. വെറും 12 മണിക്കൂർ കൊണ്ട് ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സ്, പ്രിയങ്കയാണ് യഥാർത്ഥ സോഷ്യൽ മീഡിയ സൂപ്പർ സ്റ്റാറെന്ന് തരൂർ പറഞ്ഞു.
*** *** ***
മോഡിജിക്ക് അടുത്തിടെ ഛത്തീസ്ഗഢിൽ വെച്ച് അനുയായികൾ വിശേഷപ്പെട്ട ഒരു സമ്മാനം നൽകി. മാതൃഭൂമി ഇതിന്റെ ചിത്ര സഹിതം വാർത്ത നൽകിയിരുന്നു. ഇപ്പോൾ പാർട്ടിക്കാരും മോഡിജിയെ ട്രോളാൻ തുടങ്ങിയോ എന്നായിരുന്നു ചിലരുടെ കമന്റ്. തൊട്ടടുത്ത ദിവസം പ്രധാനമന്ത്രി ഹരിയാനയിലെ കുരുക്ഷേത്രയിൽ ഒരു ചടങ്ങിൽ സംസാരിക്കവേ ഒരു കാര്യം തുറന്നു പറഞ്ഞു. ഇന്ത്യയിലെ ടോയ്‌ലറ്റുകൾ കാണാൻ ധാരാളം ടൂറിസ്റ്റുകളെത്തുമെന്നായിരുന്നു പ്രഖ്യാപനം. ടോയ്‌ലറ്റിലെ ചിത്രപ്പണികൾ സഞ്ചാരികളെ ആകർഷിക്കും. നല്ല കാര്യം.
മൂപ്പരെങ്ങാനും പണ്ട് മലബാറിൽ പരശുരാം എക്‌സ്പ്രസിൽ യാത്ര ചെയ്ത് കാര്യം സാധിക്കാൻ ടോയ്‌ലറ്റിൽ കയിറിയിരുന്നുവോ എന്നാർക്കറിയാം? മനോഹരമായ ശൗചാലയങ്ങൾ കാണാൻ ഒരുനാൾ വിനോദ സഞ്ചാരികൾ കൂട്ടത്തോടെ ഇന്ത്യയിലേക്ക് എത്തുമെന്ന് മോഡിജി പറഞ്ഞത് സീ ന്യൂസ് ആദ്യം റിപ്പോർട്ട് ചെയ്തു. ഇക്കാര്യം പ്രാധാന്യം കുറയാതെ മലയാളം വാർത്താ ചാനലുകളും നൽകി.
*** *** ***
മലയാളം ചാനലുകളിലെ അന്തിച്ചർച്ചയ്ക്ക് ഇടക്കാലത്ത് കൈമോശം വന്ന തമാശയുടെ നാളുകൾ തിരിച്ചു വരുന്നു.
ചാനൽ ചർച്ചകളിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ ട്രോളുകൾക്ക് ഇരയാവാറുളളത് ബി.ജെ.പി പ്രതിനിധികളാണ്. കുറച്ച് കാലമായി ബി.ജെ.പി നേതാക്കൾ ചാനൽ ചർച്ചകളിൽ പങ്കെടുക്കാറില്ല. പാർട്ടി വിലക്കിയതാണ് കാരണം. തെരഞ്ഞെടുപ്പ് അടുത്തതോടെ ബി.ജെ.പി വിലക്ക് പിൻവലിച്ചിരിക്കുകയാണ്.
വനിതാ മാധ്യമ പ്രവർത്തകർ ഉൾപ്പെടെ നിരവധി മാധ്യമ പ്രവർത്തകർ ശബരിമല പ്രക്ഷോഭത്തിനിടെ ബി.ജെ.പിക്കാരുടെ ആക്രമണത്തിന് ഇരയായി. ഇതോടെ ബി.ജെ.പി നേതാക്കളുടെ വാർത്താ സമ്മേളനങ്ങൾ ബഹിഷ്‌കരിക്കാൻ മാധ്യമങ്ങൾ തീരുമാനമെടുത്തു. പിന്നാലെയാണ് മാധ്യമങ്ങൾക്കുളള മറുപടി എന്നോണം ചാനൽ ചർച്ചകളിൽ പങ്കെടുക്കില്ല എന്ന തീരുമാനം ബി.ജെ.പി എടുത്തത്. ഇതോടെ ചർച്ചാ പാനലുകളിലെ സ്ഥിരം സാന്നിധ്യങ്ങളായ കെ. സുരേന്ദ്രനും ശോഭാ സുരേന്ദ്രനും ഗോപാലകൃഷ്ണനുമെല്ലാം അപ്രത്യക്ഷരായി. എന്നാൽ വിലക്ക് നീക്കിയതോടെ ഇവർക്കെല്ലാം വീണ്ടും ചർച്ചകളിൽ വരാം. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിളളയാണ് ഇക്കാര്യം അറിയിച്ചത്.
*** *** ***
പ്രേമം എന്ന ചിത്രത്തിലൂടെ ജനഹൃദയം കീഴടക്കിയ നടിയാണ് സായി പല്ലവി. മലയാള സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ നടി കേരളക്കരയും തമിഴകവും കടന്ന് പേരും പ്രശസ്തിയും നേടി.
ഫിദ എന്ന തെലുങ്ക് ചിത്രത്തിലൂടെ തെലുങ്കിലും ഹിറ്റാണ് ഇപ്പോൾ സായി പല്ലവി. സായി പല്ലവിയെ കുറിച്ച് പറയുമ്പോൾ സഹപ്രവർത്തകർക്ക് നൂറ് നാവാണ്. അത്രയേറെ ഡൗൺ ടു ഏർത്ത് ആണ് സായി പല്ലവി എന്നാണ് എല്ലാവരുടെയും അഭിപ്രായം.
അടുത്തിടെ തന്റെ ചിത്രം പരാജയപ്പെട്ടതിനെ തുടർന്ന് നിർമാതാവിനുണ്ടായ നഷ്ടം അറിഞ്ഞ് സായി പല്ലവി പ്രതിഫലം തിരച്ചു നൽകിയിരുന്നു. മലയാളത്തിന്റെ നിത്യവസന്തം പ്രേംനസീർ പണ്ട് ചെയ്യാറുള്ളത് പോലെ.
സ്വന്തം അച്ഛനമ്മമാർക്ക് വേണ്ടിയാണ് മനസ്സ് നിറയുന്ന സുപ്രധാന തീരുമാനം താരം എടുത്തത്. ഒരു അഭിമുഖത്തിലൂടെ നടി തന്നെ ഇത് വെളിപ്പെടുത്തുകയും ചെയ്തു. എല്ലാ കാലവും അച്ഛനും അമ്മയ്ക്കുമൊപ്പം നിന്ന് അവരെ സംരക്ഷിക്കാനാണ് ഡോക്ടർ കൂടെയായ സായി പല്ലവിയുടെ ആഗ്രഹം. വിവാഹം അതിനൊരു തടസ്സമാവും. അതിനാൽ വിവാഹം കഴിക്കില്ല എന്നാണ് സായി പല്ലവി പറയുന്നത്.
*** *** ***
വീണ്ടും ഒരു തെരഞ്ഞെടുപ്പു കാലമായപ്പോൾ കേരളത്തിൽ ടി.പി കേസുൾപ്പെടെ പലതും സജീവമായി വരുന്നുണ്ട്. ടി.പിയെ വധിക്കാൻ ചെന്ന സംഘം ഉപയോഗിച്ചത് ഇന്നോവയായിരുന്നു. അതേ ഇന്നോവയ്ക്ക് മറ്റൊരു ഉപയോഗം കണ്ടെത്തിയിരിക്കുകയാണ് ദക്ഷിണ കേരളത്തിലെ ഒരു മൗലവി. വനം കാണണമെന്ന അതിമോഹവുമായി കഴിയുന്ന ബാലികയുമായി മൂപ്പർ കാട്ടിലേക്ക് തിരിച്ചു. അവിടെ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്യുന്ന കുടുംബശ്രീക്കാർ മൂപ്പർക്ക് പണി കൊടുത്തു. മനോരമ ന്യൂസ് വിശദമായി ഈ വിഷയം ചർച്ച ചെയ്തു. വഴി തെറ്റുന്ന യുവത്വത്തെ ഉപദേശിക്കുന്ന അദ്ദേഹത്തിന്റെ പ്രഭാഷണം തേടിപ്പിടിച്ച് റിപ്പോർട്ടർ സൈറ്റിലുൾപ്പെടുത്തുകയും ചെയ്തു.
*** *** ***
സഹായം ചോദിച്ചെത്തുന്ന സ്ത്രീകളെ ലൈംഗിക ചൂഷണം ചെയ്യുകയെന്നത് ആഗോള പ്രതിഭാസമായി മാറിയിട്ടുണ്ടെന്ന് പീഡകർക്ക് വേണമെങ്കിൽ ന്യായം പറയാം. ബി.ബി.സി ന്യൂസ് നൈറ്റിലാണ് 43 കാരി താഹിറ സമാൻ തനിക്ക് നേരിട്ട അവസ്ഥ വെളിപ്പെടുത്തിയത്.
മുൻ ലേബർ എം.പി 61 കാരൻ നാസിർ അഹമ്മദാണ് കഥയിലെ വില്ലൻ.
2017 ൽ ഒരു സുഹൃത്ത് വഴിയാണ് താൻ സമീപിച്ചതെന്ന് താഹിറ വെളിപ്പെടുത്തി.
പ്രദേശത്തെ പുരോഹിതൻ സ്ത്രീകൾക്ക് അപകടകാരിയാണെന്ന പരാതിയാണ് ഇവർ അഹമ്മദ് മുൻപാകെ സമർപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് മെട്രോപൊളിറ്റൻ പോലീസ് ചീഫിന് കത്തയച്ചെന്നാണ് താഹിറയോട് പറഞ്ഞത്. എന്നാൽ കാര്യങ്ങൾ അവിടെയും നിന്നില്ല. ബന്ധം വളർന്ന് പലവട്ടം ലൈംഗിക ബന്ധത്തിലേക്കും എത്തിച്ചേർന്നെന്ന് താഹിറ വ്യക്തമാക്കി.
സമ്മതത്തോടെയാണ് ഇത് സംഭവിച്ചതെങ്കിലും സഹായത്തിനായി എത്തിയ തന്റെ അവസ്ഥ പ്രയോജനപ്പെടുത്തി അധികാര ദുർവിനിയോഗം നടത്തുകയാണ് ചെയ്തതെന്ന് ഇവർ ആരോപിച്ചു.
തന്റെ ഭാര്യയെ വിട്ടുവരാൻ കഴിയില്ലെന്ന് വ്യക്തമാക്കിയതോടെ രണ്ട് മാസം കൊണ്ട് ബന്ധം അവസാനിച്ചെന്നും താഹിറ പറഞ്ഞു. അഹമ്മദിന് പ്രണയമാണെന്ന് ധരിച്ചതാണ് തന്റെ മണ്ടത്തരമെന്ന് ബ്രിട്ടനിലെ വനിതാ ചാനലിൽ തുറന്നു പറഞ്ഞു.