തായിഫ്- ഓഹരിത്തട്ടിപ്പ് കേസിൽ 14 വർഷമായി ജയിലിൽ കഴിയുന്ന സൗദി വ്യവസായിക്ക് കർശന ഉപാധികളോടെ തായിഫ് ജനറൽ കോടതി ജാമ്യം അനുവദിച്ചു. അഞ്ച് മാസത്തിനകം ഏഴായിരം ഓഹരികൾ ഉടമകൾക്ക് മടക്കി നൽകണമെന്ന് വ്യവസ്ഥയോടെയാണ് മോചനം. ഇതിന് 500 ദശലക്ഷം റിയാൽ വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദിയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഈ സാമ്പത്തിക തട്ടിപ്പ് കേസ്. സൗദി വ്യവസായി മുഹമ്മദ് ബിൻ അഹ്മദ് ഹാശിം അൽഅസ്‌ലാനിയാണ് കോടതി വിധിയോടെ ജയിൽമോചിതനായിരിക്കുന്നത്. ഭീമമായ തുക ഓഹരി ഉടമകൾക്ക് വിതരണം ചെയ്യാൻ കോടതി നിശ്ചയിച്ച സമയപരിധി അടുത്ത ശവ്വാലിൽ അവസാനിക്കും. ജയിൽ മോചനത്തിനായി ഓഹരി ഉടമകളുടെ കണക്കെടുപ്പ് പൂർത്തിയാക്കിയ വ്യവസായിയുടെ വക്കീൽ ഇനിയും സാമ്പത്തിക ബാധ്യതയുള്ളവർ തന്റെ ഓഫീസുമായി ബന്ധപ്പെടണമെന്ന് പരസ്യം ചെയ്തിട്ടുണ്ട്. 90 ശതമാനം ഓഹരി ഉടമകളുമായും ബന്ധപ്പെടാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2005 മെയ് മാസത്തിലാണ് ലൈസൻസ് ഇല്ലാതെ റിയൽ എസ്‌റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തുന്നതിന് ഓഹരി സ്വീകരിച്ചുവെന്ന കുറ്റത്തിന് മുഹമ്മദ് അൽ അസ്‌ലാനി അഴിക്കുള്ളിലായത്. രണ്ടാഴ്ചക്ക് ശേഷം അന്നത്തെ മക്കാ ഗവർണർ അബ്ദുൽമജീബ് ബിൻ അബ്ദുൽഅസീസ് രാജകുമാരൻ കുറ്റക്കാരനല്ലെന്ന് കണ്ട് ഇദ്ദേഹത്തെ മോചിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ തായിഫിലെ പ്രമുഖ വ്യവസായികൾ നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടന്നാണ് വ്യവസായി വീണ്ടും അറസ്റ്റിലായത്. ഓഹരി ഉടമകളെ വഞ്ചിച്ച് ഒരു ബില്യൺ റിയാൽ മുതൽ മുടക്കിലായിരുന്നു മുഹമ്മദ് അൽഅസ്‌ലാനി റിയൽ എസ്‌റ്റേറ്റ് വ്യവസായം നടത്തിയിരുന്നത്.