തിരുവനന്തപുരം- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ വനപ്രദേശത്ത് എത്തിച്ച് ലൈംഗികചൂഷണം നടത്തിയ കേസില്‍ പ്രതിയായ തൊളിക്കോട് മുസ്ലിം ജമാഅത്ത് മുന്‍ ഇമാമും പോപുലര്‍ ഫ്രണ്ട് മതപ്രഭാഷകനുമായ ശഫീഖ് ഖാസിമിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ബെംഗളുരൂവിലേക്കു കടന്നിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് അങ്ങോട്ട് തിരിച്ചു. സഹോദരങ്ങളെ കസ്റ്റഡിയിലെടുത്ത ചോദ്യം ചെയ്തപ്പോഴാണ് ഖാസിമി ബെംഗളുരുവിലേക്ക് കടന്നതായി വിവരം ലഭിച്ചത്. മൂന്ന് സഹോദരങ്ങളെ ചോദ്യം ചെയ്‌തെങ്കിലും പരസ്പര വിരുദ്ധമായ മൊഴികളാണ് പൊലീസിനു ലഭിച്ചത്. ഖാസിമി രണ്ടു ദിവസം മുമ്പ് ബെംഗളുരുവിലേക്ക് കടന്നുവെന്നാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത അല്‍ അമീന്‍ എന്ന സഹോദരന്‍ പറഞ്ഞത്. ബെംഗളുരുവിലേക്ക് തിരിച്ച പൊലീസ് സംഘം അമീനേയും കൂടെ കൂട്ടിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം രാത്രി കസ്റ്റഡിയിലെടുത്ത മറ്റു രണ്ടു സഹോദരങ്ങള്‍ പറയുന്നത് ഖാസിമി കേരളം വിട്ടിട്ടില്ലെന്നാണ്. ഖാസിമിയുടെ മറ്റൊരു സഹോദരന്‍ പെരുമ്പാവര്‍ സ്വദേശി നൗഷാദും ഒളിവിലാണ്. ഇദ്ദേഹത്തോടൊപ്പമാണ് ഖാസിമി ബെംഗളുരുവിലേക്ക് കടന്നതെന്നും സംശയിക്കപ്പെടുന്നു. നേരത്തെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ കൊണ്ടു പോയ കാര്‍ എവിടെ എന്നതും സംബന്ധിച്ചും സഹോദരങ്ങള്‍ തെറ്റായ മൊഴി നല്‍കിയിരുന്നു. പെരുമ്പാവൂരിലാണ് കാറെന്ന് ഇവര്‍ പറഞ്ഞിരുന്നെങ്കിലും കാര്‍ കണ്ടെത്തിയത് വൈറ്റിലയില്‍ നിന്നാണ്.