റിയാദ്- ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിർ സംവിധാനത്തിനെതിരെ വ്യാജ പ്രചാരണം. അബ്ശിറിൽ രഹസ്യ നിരീക്ഷണ സംവിധാനമുണ്ടെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടതായി മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
മന്ത്രാലയത്തിന്റെ 160 ൽ അധികം സേവനങ്ങൾ സ്വദേശികളും വിദേശികളുമായ പൊതുജനങ്ങൾക്ക് സുഗമമായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചതാണ് അബ്ശിർ ഇ സേവനം. സ്ത്രീകൾ, മുതിർന്നവർ, ഭിന്നശേഷിക്കാർ തുടങ്ങി എല്ലാവർക്കും സ്മാർട്ട് ഫോൺ വഴിയോ കംപ്യൂട്ടർ മുഖേനയോ ഏതു ഭാഗത്തുനിന്നും എല്ലാ സമയത്തും ഗവൺമെന്റ് സേവനം പ്രയോജനപ്പെടുത്താൻ അബ്ശിർ സഹായകമാണ്. വസ്തുത ഇതായിരിക്കേ അബ്ശിർ സംവിധാനത്തെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ജനിപ്പിക്കുന്നതിനായി നടത്തുന്ന സംഘടിത ശ്രമങ്ങളെ ശക്തമായി അപലപിക്കുന്നതായും മന്ത്രാലയം അറിയിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.