മനാമ- ബോട്ടില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന 721 കിലോ മയക്കു മരുന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും പിടികൂടി. ഇതില്‍ 455 കിലോ ഗ്രാം കഞ്ചാവും 266 കിലോ ഗ്രാം ഹെറോയിനുമാണ്. ഇവക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 65 ദശലക്ഷം യൂറോ വിലവരും. ബഹ്‌റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംയുക്ത ദൗത്യ സേന (സി.ടി.എഫ് 150)യിലെ അംഗമായ ബ്രിട്ടീഷ് യുദ്ധകപ്പല്‍ എച്ച്.എം.എസ് മോണ്‍മൗത്താണ് മയക്കുമരുന്ന് പിടികൂടിയത്.
സംശയകരമായ നിലയില്‍ കണ്ട ബോട്ടിനെ രണ്ടു സൈനിക ബോട്ടുകളയച്ച് തടയുകയായിരുന്നു. സാധാരണ മത്സ്യ ബന്ധനം നടക്കാത്ത മേഖലയിലായിരുന്നു ബോട്ട്. ഏറെ നേരത്തെ തെരച്ചിലിനു ശേഷവും ഒന്നും കണ്ടെത്താത്തിനെ തുടര്‍ന്ന് ബോട്ട് ജീവനക്കാരെ ചോദ്യം ചെയ്തു. അവരുടെ മറുപടിയില്‍ സംശയം തോന്നിയ കമാന്‍ഡോകളും തെരച്ചില്‍ വിദഗ്ധരും വീണ്ടും പരിശോധന നടത്തുകയായിരുന്നു. ബോട്ടില്‍ 60 മണിക്കൂറോളം നീണ്ട തെരച്ചിലിനു ശേഷം ഫ്രീസറില്‍ മൂന്നു ടണ്‍ ഐസിനു കീഴില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കു മരുന്ന്. ഇവ പിന്നീട് കടലിലേക്ക് എറിഞ്ഞ് നശിപ്പിച്ചു.
മെയ് 25നും 30നും ഇടയിലായിരുന്നു മയക്കുമരുന്നു വേട്ട. സംയുക്ത ദൗത്യസംഘം മെയില്‍ നടത്തിയ മൂന്നാമത്തെ വന്‍കിട മയക്കുമരുന്നു വേട്ടയാണ്. ഓസ്‌ട്രേലിയന്‍ യുദ്ധ കപ്പല്‍ എച്ച്.എം.എ.എസ് അരുന്ധ മെയ് 10ന് ആഫ്രിക്കന്‍ തീരത്തുവെച്ച് 250 കിലോ ഹെറോയിനും മെയ് മൂന്നിനു ഫ്രഞ്ച് യുദ്ധകപ്പലായ സര്‍കൗഫ് 400 കിലോ ഹെറോയിനും പിടികൂടിയിരുന്നു. സമീപകാലത്തായി വന്‍ മയക്കുമരുന്നു വേട്ടയാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നടക്കുന്നത്. മാര്‍ച്ച് മൂന്ന്, മാര്‍ച്ച് 13ന്, ഏപ്രില്‍ 28, മെയ് 3 എന്നീ തീയതികളില്‍ എല്ലാം വന്‍തോതില്‍ മയക്കുമരുന്നു പിടികൂടിയിരുന്നു. മാര്‍ച്ച് 13ന് അറബിക്കടലില്‍ ബോട്ടില്‍ കടത്തിയ 270 കിലോ ഹെറോയിന്‍ അമേരിക്കന്‍ യുദ്ധ കപ്പലായ യു.എസ്.എസ് ലബൂണ്‍ പിടികൂടിയിരുന്നു.
ബഹ്‌റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംയുക്ത സമുദ്ര സേന(സി.എം.എഫ്)ക്കു കീഴിലാണ് സി.ടി.എഫ് പ്രവര്‍ത്തിക്കുന്നത്. കടല്‍ കൊള്ളയും കടല്‍ വഴിയുള്ള ഭീകരതയും തടയാനായി രൂപീകരിച്ച സി.എം.എഫില്‍ 31 രാജ്യങ്ങളുടെ പങ്കാളിത്തമുണ്ട്. ഇതിനു കീഴിലെ മൂന്നു സമുദ്ര ദൗത്യ സംഘങ്ങളില്‍ ഒന്നാണ് സി.ടി.എഫ് 150. സമുദ്രമേഖലയിലെ ഭീകര പ്രവര്‍ത്തനം തടയുക എന്ന ലക്ഷ്യത്തോടെ 2002ലാണ് സി.ടി.എഫ് 150 രൂപീകരിച്ചത്. അറബിക്കടല്‍, ഒമാന്‍ ഉള്‍ക്കടല്‍, ഏദന്‍ ഉള്‍ക്കടല്‍, ചെങ്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളിലായി 20 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് പ്രവര്‍ത്തന പരിധി.