- എസ്.ഐക്ക് പിരിച്ചുവിടൽ നോട്ടീസ്
കോട്ടയം - കെവിൻ വധക്കേസിൽ ഗുരുതര കൃത്യവിലോപം നടത്തിയ ഗാന്ധിനഗർ മുൻ എസ്.ഐ എം.എസ് ഷിബുവിനെ പിരിച്ചുവിടും. പ്രതിയിൽനിന്നു കോഴ വാങ്ങിയ സംഭവത്തിൽ എ.എസ്.ഐ ടി.എം. ബിജുവിനെ പിരിച്ചുവിട്ടു. സി.പി.ഒ എം.എൻ. അജയകുമാറിന്റെ ഇൻക്രിമെന്റ് മൂന്നു വർഷം പിടിച്ചുവെക്കും. കെവിന്റെ മരണത്തിന് കാരണമാകുന്ന തരത്തിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയത് കണ്ടെത്തിയതിനെ തുടർന്ന് കൊച്ചി റേഞ്ച് ഐ.ജി വിജയ് സാക്കറെ ആണ് നടപടിയെടുത്തത്.
െ്രെഡവറായിരുന്ന എം.എൻ. അജയകുമാറിന്റെ മൂന്ന് വർഷത്തെ ആനുകൂല്യങ്ങൾ നേരത്തേ റദ്ദാക്കിയിരുന്നു. കേസിലെ മുഖ്യപ്രതി സാനു ചാക്കോയിൽനിന്ന് 2000 രൂപ കോഴ വാങ്ങിയെന്നാണ് ബിജുവിനും അജയകുമാറിനും എതിരെയുള്ള കുറ്റം.
കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിൻ ജോസഫിനെ കാണാനില്ലെന്ന് കാട്ടി അച്ഛൻ ജോസഫും ഭാര്യ നീനുവും നൽകിയ പരാതിയിൽ ഉടൻ നടപടി എടുത്തില്ല, ഇത് കൊലപാതകത്തിലേക്കും മരണത്തിലേക്കും നയിച്ചു എന്നാണ് പരാതി. ഈ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഗാന്ധിനഗർ മുൻ എസ്.ഐ എം.എസ് ഷിബുവിന് പിരിച്ചുവിടൽ നോട്ടീസ് നൽകിയത്. 15 ദിവസത്തിനുള്ളിൽ ഷിബു മറുപടി നൽകണം.
പരാതി നൽകാനെത്തിയ നീനുവിന് നേരെ വി.ഐ.പി ഡ്യൂട്ടിയുണ്ടെന്ന് പറഞ്ഞ് എസ്.ഐ കയർത്തെന്നു അന്വേഷണത്തിൽ കണ്ടെത്തി. മുഖ്യമന്ത്രിയെ വ്യക്തമായി വിവരം ധരിപ്പിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് എസ്.പി മുഹമ്മദ് റഫീഖിനെ സ്ഥലംമാറ്റിയിരുന്നു.