തലശ്ശേരി- കൊട്ടിയൂർ പീഡന കേസിലെ വിചാരണ കോടതിയിൽ കേസിലെ മുഖ്യ സാക്ഷികളുൾപ്പെടെ കൂട്ടത്തോടെ കൂറുമാറിയതോടെ കേസിന്റെ നിലനിൽപ്പ് തന്നെ ഒരു ഘട്ടത്തിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥരുടെയും പ്രൊസിക്യൂഷന്റെയും അശ്രാന്ത പരിശ്രമമാണ് മുഖ്യ പ്രതിയായ വൈദികന് ശിക്ഷ കിട്ടാൻ സഹായിച്ചത്. കേസിലെ ആറ് പ്രതികളെ വെറുതെ വിട്ടത് പ്രോസിക്യൂഷന് തിരിച്ചടിയുമായി.
പോക്‌സോ കേസിൽ കേരളത്തിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ വൈദികൻകൂടിയായി ഫാ. റോബിൻ വടക്കുംചേരി. ഇത് സഭാ നേതൃത്വത്തിൽ വലിയ ചർച്ചക്കും പുനർചിന്തനത്തിനും ഇടയാക്കും.
കേസിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയുെട പ്രായം തെളിയിക്കാൻ ലൈവ് ബർത്ത് സർട്ടിഫിക്കറ്റ് പോലും സഭയുടെ മേൽനോട്ടത്തിലുള്ള ആശുപത്രിയിൽനിന്ന് നൽകാതിരുന്നത് പ്രോസിക്യൂഷന് വലിയ പ്രഹരമായിരുന്നു. എന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പേരാവൂർ സി.ഐ സുനിൽകുമാർ ജനന സർട്ടിഫിക്കറ്റിന് ബലം നൽകാൻ മറ്റ് ആധികാരിക രേഖകൾ കോടതി മുമ്പാകെ ഹാജാരാക്കാൻ പ്രോസിക്യൂഷനെ സഹായിച്ചു.
രാജീവ് ഗാന്ധി കൊലക്കേസിൽ ഡി.എൻ.എ ടെസ്റ്റ് നടത്തിയ ഡോ. ജി.വി റാവുവിനെ തന്നെ പ്രതിഭാഗം ഡി.എൻ.എ ഫലം എതിരാക്കാൻ രംഗത്തിറക്കിയിരുന്നു. ഡി.എൻ.എ വിഭാഗത്തിൽനിന്ന് വിരമിച്ച ശേഷം അഭിഭാഷകനായി രംഗത്തിറങ്ങിയ ഡോ.ജി.വി റാവുവാണ് പ്രതി ഫാ.റോബിന് വേണ്ടി തലശ്ശേരി കോടതിയിൽ ഹാജരായത.് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകരെയും പ്രതിഭാഗം വിചാരണ വേളയിൽ രംഗത്ത് ഇറക്കിയിരുന്നു.
പ്രായപൂർത്തിയാകാത്ത തന്നെ പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ലീഗൽ സർവീസ് അതോറിറ്റിയിൽനിന്ന് ഇരകൾക്ക് ലഭിക്കുന്ന രണ്ട് ലക്ഷം രൂപ ഈ പെൺകുട്ടി നേരത്തെ വാങ്ങുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് തന്റെ സ്വന്ത ഇഷ്ടപ്രകാരമാണ് ഫാ. റോബിനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും തനിക്ക് വൈദികനെ കല്യാണം കഴിക്കാൻ ഇഷ്ടമാണെന്ന് വരെ പെൺകുട്ടി വിചാരണ കോടതിയിൽ മൊഴി നൽകി.
സർക്കാരിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരല്ലാത്ത മറ്റ് പ്രധാന സാക്ഷികൾ കൂറുമാറിയതാണ് കേസിലെ മറ്റ് പ്രതികളെ കുറ്റവിമുക്തരാക്കാൻ കാരണമെന്നും വിധി പഠിച്ച് അപ്പീൽ നൽകുമെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്‌പെഷൽ പ്രൊസിക്യൂട്ടർ അഡ്വ. ബീന കാളിയത്തും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ബി.പി ശശീന്ദ്രനും പറഞ്ഞു. പീഡനത്തിന് ഇരയായ പെൺകുട്ടി ഉൾപ്പെടെയുള്ള സുപ്രധാന സാക്ഷികൾ കൂറുമാറുകയായിരുന്നെന്ന് പ്രോസിക്യൂഷൻ ഭാഗത്തിന് വേണ്ടി ഹാജരായ അഡീഷണൽ ഗവ. പ്ലീഡർ അഡ്വ. സി.കെ രാമചന്ദ്രൻ പറഞ്ഞു. കേസിലെ വിചാരണക്കിടെ കള്ളസാക്ഷി പറഞ്ഞ പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെ കോടതി നടപടി സ്വീകരിച്ചത് പ്രോസിക്യൂഷന് ഗുണം ചെയ്തു.
പീഡനത്തിന് ഇരയായ പെൺകുട്ടി അനുഭവിച്ച മാനസിക വേദനയെ തുടർന്നാണ് മൊഴിമാറ്റിയ പെൺകുട്ടിക്കെതിരെ നടപടി സ്വീകരിക്കാതിരുന്നതെന്നും കോടതി ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ട.് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി പിഴയടക്കുകയാണെങ്കിൽ അതിൽനിന്ന് ഒന്നര ലക്ഷം രൂപ പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നൽകണമെന്നും പെൺകുട്ടി പ്രസവിച്ച കുട്ടിക്ക് ലീഗൽ സർവീസ് അതോറിറ്റി ബന്ധപ്പെട്ട സഹായം നൽകണമെന്നും വിധിന്യായത്തിൽ എടുത്തു പറഞ്ഞിരുന്നു.
വെറുതെവിട്ട പ്രതികളെ ബൊക്കെ നൽകി സ്വീകരിക്കാൻ സഭാ ആസ്ഥാനത്ത് നിന്നും ഇടവകകളിൽ നിന്നും ആളുകൾ കോടതിയിലെത്തിയിരുന്നു. വെറുതെ വിട്ട കന്യാസ്ത്രീകളുൾപ്പെടെയുള്ളവരെ സന്തോഷം കൊണ്ട് ഇടവകക്കാർ കോടതിവളപ്പിൽ കെട്ടിപ്പിടിക്കുന്നതും ചുംബനം നൽകുന്നതും കാണാമായിരുന്നു.