ചാവക്കാട്- പതിനാറുകാരിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി മൊബൈൽ ഫോണിൽ ചിത്രം പകർത്തി പ്രചരിപ്പിക്കുകയും, പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഇരിങ്ങാലകുട കണ്ണംപുള്ളി സന്തോഷ്‌കുമാർ (53), ഇരട്ടപ്പുഴ കറുത്താണ്ടൻ രാജേഷ് (21) എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സംഭവം. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തത്. മൊബൈൽ ഫോൺ വഴിയാണ് പ്രതികൾ പെൺകുട്ടിയുമായി പരിചയപ്പെടുന്നത്. അടുപ്പം കൂടിയപ്പോൾ ബൈക്കിൽ പലതവണകളായി കയറ്റി പലസ്ഥലങ്ങളിലും സഞ്ചരിക്കുകയും ഒന്നിച്ചും ഒറ്റക്കുമുള്ള വിവിധ ഫോട്ടോകൾ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയവഴി പ്രചരിപ്പിക്കുകയും പീഡനശ്രമം നടത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. മുമ്പ് മൂന്നു വയസുകാരിയെ പീഡിപ്പിച്ച കേസിൽ രാജേഷ് പ്രതിയാണന്ന് പൊലീസ് പറഞ്ഞു. പ്രതികൾ ഉപയോഗിച്ച ഫോൺ കണ്ടെത്താൻ പോലീസ് ശ്രമം നടത്തിവരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.