മലപ്പുറം- സൈബർ ഹവാല തട്ടിപ്പ് കേസിലെ പ്രധാനിയായ നൈജീരിയൻ സ്വദേശി പിടിയിൽ. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും ഹവാലയുമടക്കം നിരവധി കേസുകളിൽ ഉൾപ്പെട്ട നൈജീരിയയിലെ ഒഗൂൺ സ്റ്റേറ്റ് സ്വദേശിയായ ഒച്ചുബ കിങ്ങ്‌സ്‌ലി ഉഗോണ എന്ന കിങ്സ്റ്റൺ ഡുബെ (35) യെയാണ് മഞ്ചേരി പോലീസ് കഴിഞ്ഞ ദിവസം പുലർച്ചെ ദൽഹി കക്രോലയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇതോടെ ഓൺലൈൻ തട്ടിപ്പ് കേസിൽ മഞ്ചേരി പോലീസ് കഴിഞ്ഞ ഏഴു മാസത്തിനിടെ അറസ്റ്റ് ചെയ്യുന്ന പ്രതികളുടെ എണ്ണം ഒമ്പതായി.
ഡുബേയിൽ നിന്ന് തട്ടിപ്പിനു ഉപയോഗിക്കുകയായിരുന്ന മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, റൂട്ടറുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങി നിരവധി സാധനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ ഇയാൾ മുഖേന നടത്തിയതായും പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവരും മറ്റു രാജ്യക്കാരും തട്ടിപ്പിനിരയായിട്ടുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്.
സൈബർ കുറ്റവാളികളെ പിടികൂടാൻ മഞ്ചേരി പോലീസ് സൈബർ ഫോറൻസിക് ടീം നടത്തുന്ന ഓപ്പറേഷനിലൂടെയാണ് പ്രതി പിടിയിലായത്. ലക്ഷക്കണക്കിനു വിദേശ കറൻസി സമ്മാനമടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ ഉൾപ്പെട്ട സംഘം പണം തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. വിവിധ ഓൺലൈൻ പരസ്യ വെബ്‌സൈറ്റുകൾ നിരീക്ഷിക്കുന്ന പ്രതികൾ വിവിധ സാധനങ്ങൾ വാങ്ങാനെന്ന മട്ടിൽ വ്യാജ പേരിൽ വാട്‌സ് ആപ്പ് തുടങ്ങിയ മെസേജിംഗ് ആപ്ലിക്കേഷൻ ഉപയോഗിച്ച് ആളുകളെ ബന്ധപ്പെടുകയാണ് ചെയ്യുന്നത്. തുടർന്ന് ബന്ധുക്കൾക്കു ഗിഫ്റ്റ് കൊടുക്കാനാണെന്നും മറ്റും പറഞ്ഞു സാധനം അയച്ചു കൊടുക്കാൻ പറയുകയും ഇതനുസരിച്ചു കൊറിയർ ചെയ്ത ശേഷം പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു തരാമെന്നും മറ്റും വാഗ്ദാനം ചെയ്ത് ഏതെങ്കിലും വിലാസം കൊടുക്കും. ഇതു വിശ്വസിച്ചു സാധനം അയച്ചു കൊടുക്കുന്ന ആളുകൾക്കു പണം ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള വിവിധ ചാർജുകളെന്ന പേരിൽ അവർ നൽകുന്ന അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ആളുകളുടെ വിലാസങ്ങൾ തരപ്പെടുത്തി ആഭരണങ്ങൾ, മൊബൈൽ ഫോൺ തുടങ്ങി വിലപിടിപ്പുള്ള വസ്തുക്കളാണെന്ന വ്യാജേന വി.പി.പി ആയി സാധനങ്ങൾ അയക്കുകയും 2000 രൂപ മുതൽ 4000 രൂപ വരെ ചാർജ് കൈക്കലാക്കുകയും ചെയ്യുന്നു.
കടലാസ് ഡോളറാക്കുന്ന രാസലായനി വിൽപന തുടങ്ങി വ്യാജ വെബ്‌സൈറ്റുകളുണ്ടാക്കിയും ഹാക്കിംഗിലൂടെയും മൊബൈൽ ആപ്ലിക്കേഷനുകളും സിം സ്വാപ്പിംഗും എ.ടി.എം ക്ലോണിംഗും വഴിയും സാമ്പത്തിക കുറ്റകൃത്യങ്ങൾ നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ കിംഗ്സ്റ്റൺ ഡുബെയെന്ന് പോലീസ് പറഞ്ഞു. നൈജീരിയക്കാരനായ ഇയാൾ സൗത്ത് ആഫ്രിക്കയുടെ വ്യാജ പാസ്‌പോർട്ടും വിസയും ഉപയോഗിച്ചാണ് ഇന്ത്യയിൽ താമസിച്ചിരുന്നത്. സൈബർ, ഹവാല കേസുകളിൽപ്പെട്ട പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്ന് ദൽഹിയിലെത്തിയ പോലീസ് ഇയാൾ താമസിക്കുന്ന സ്ഥലം നീരിക്ഷിച്ചാണ് സാഹസികമായാണ് പിടികൂടിയത്. ആപ്പിൾ ഐപാഡ്, ലാപ്‌ടോപ്, പ്രൊട്ടീൻ പൗഡർ, ഡയമണ്ട് ആഭരണങ്ങൾ തുടങ്ങി വിവിധ സാധനങ്ങൾ കുറഞ്ഞ വിലക്ക് ലഭ്യമെന്ന് ഇന്റർനെറ്റിൽ പരസ്യം ചെയ്ത് അതിനായി ബന്ധപ്പെടുന്നവരെ പല അക്കൗണ്ടുകളിലേക്കും പണം നിക്ഷേപിപ്പിച്ച് പണം തട്ടിയെടുത്തിരുന്നു ഇയാൾ.
പല കാര്യങ്ങളുടെ പേരിൽ ബാങ്ക് അക്കൗണ്ട് ഹോൾഡർമാരെ ഫോണിൽ വിളിച്ച് എ.ടി.എം കാർഡ് നമ്പർ, ഒ.ടി.പി നമ്പർ എന്നിവ ചോദിച്ചും പണം കൈക്കലാക്കിയിരുന്നു. രാജ്യത്തിനകത്തും പുറത്തും വിവിധ ജോലികൾ വാഗ്ദാനം നൽകി ഓൺലൈനിൽ പരസ്യം നൽകുകയും ബന്ധപ്പെടുന്നവരോട് പ്രൊസസിംഗ്, ക്ലിയറൻസ് എന്നിങ്ങനെ പറഞ്ഞ് പണം നിക്ഷേപിപ്പിക്കുക, വിദേശ പുരുഷൻമാരുടെയും സ്ത്രീകളുടെയും ഫോട്ടോകൾ ഉപയോഗിച്ചു വിദേശികളുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകൾ സൃഷ്ടിച്ച് മറ്റുള്ളവരുടെ ഫേസ്ബുക്കിലേക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ച് വ്യാജ സൗഹൃദവും പ്രണയവും സ്ഥാപിച്ചെടുക്കുകയും ഇതിൽ വീഴുന്ന ആളുകളെ കാണാൻ ഇന്ത്യയിലേക്ക് വരുമ്പോൾ എയർപോർട്ടിൽ പിടിച്ചു വെച്ചിരിക്കുന്നുവെന്ന് പറഞ്ഞും രക്ഷപ്പെടാൻ സഹായം അഭ്യർഥിച്ചും അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി കെ.പ്രതീഷ് കുമാറിന്റെ നിർദേശ പ്രകാരം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ, മഞ്ചേരി സി.ഐ എൻ.ബി. ഷൈജു, എസ്.ഐ ജലീൽ കറുത്തേടത്ത് എന്നിവരുടെ മേൽനോട്ടത്തിൽ സൈബർ ഫോറൻസിക് ടീം അംഗം എൻ.എം.അബ്ദുല്ല ബാബു, സ്‌പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം അംഗങ്ങളായ കെ.പി.അബ്ദുൽ അസീസ്, ഹരിലാൽ, ലിജിൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.