റിയാദ്- ഹർത്താലിനെ തുടർന്ന് നാശനഷ്ടം നേരിടുന്നവർ രാഷ്ട്രീയ പാർട്ടികൾക്ക് നേരെ കോടതികളിൽ പരാതി നൽകണമെന്നും നേതാക്കൾ കോടതി കയറിയിറങ്ങേണ്ട അവസ്ഥയുണ്ടായാൽ പിന്നീട് ഹർത്താൽ പ്രഖ്യാപിക്കില്ലെന്നും റിട്ട. ജസ്റ്റിസ് കമാൽ പാഷ. പൊതു റോഡിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം ആർക്കും തടയാനുള്ള അവകാശമില്ല. നിലവിലുള്ള നിയമങ്ങൾ കൊണ്ട് തന്നെ ഹർത്താലിനെ തടയാൻ സാധിക്കും. കേസ് നടത്തിപ്പിനുള്ള ചെലവ് പിന്നീട് ലഭിക്കുന്ന നഷ്ടപരിഹാരത്തിൽ നിന്ന് നൽകിയാൽ മതിയെന്നും നീതിബോധമുള്ള ജനങ്ങൾ വിചാരിച്ചാൽ ഹർത്താൽ ഇല്ലാതാക്കാൻ സാധിക്കുമെന്നും 'നിയമ ഇടപെടലുകളും സാമൂഹിക വ്യതിയാനങ്ങളും' എന്ന വിഷയത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ കമാൽ പാഷ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പുതിയ പ്രഖ്യാപനങ്ങൾ കേൾക്കാനാകും. കേന്ദ്ര സർക്കാർ കൊണ്ടുവന്ന മുത്തലാഖ് ബിൽ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരാണ്. മുത്തലാഖ് കൊണ്ട് വിവാഹം വേർപെടില്ലെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുള്ളതിനാൽ നിയമ പ്രാബല്യമില്ലാത്ത ബില്ലായിരുന്നു അത്. സ്ത്രീക്കും പുരുഷനും സമത്വം വേണമെന്ന ആവശ്യം ഇപ്പോൾ കോടതികൾക്ക് പകരം തെരുവിലാണ് മുഴങ്ങുന്നത്.വിവാഹേതര ബന്ധം, സ്വവർഗ രതി എന്നിവ കുറ്റകരമല്ലെന്ന വിധി ധാർമിക അധഃപതനത്തിന് വഴിയൊരുക്കും. അനാവശ്യമായ കാര്യങ്ങളുമായാണ് പലരും കോടതികളുടെ മുമ്പിലെത്തുന്നത്. വിധി പറയാൻ ജഡ്ജിമാർ നിർബന്ധിതരാവുകയാണ്. അവസര സമത്വം സ്ത്രീക്കും പുരുഷനും നിഷേധിക്കപ്പെടരുത്. സാമൂഹിക വിഷയങ്ങൾ പാർലമെന്റിൽ കൂടുതൽ ചർച്ച ചെയ്യേണ്ടതാണ്.
മുന്നോക്ക സാമ്പത്തിക സംവരണമെന്നതും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കെതിരാണ്. സാമൂഹിക, വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിൽക്കുന്നവർക്ക് മാത്രമേ ഭരണഘടന സംവരണത്തിന് അനുവദിക്കുന്നുള്ളൂ. വിദ്യാഭ്യാസവും പാർപ്പിടവും പണമില്ലാത്തതിന്റെ പേരിൽ നിഷേധിക്കപ്പെടുന്ന ലക്ഷക്കണക്കിന് ജനങ്ങളുള്ള ഇന്ത്യ മഹാരാജ്യത്ത് നാം ചർച്ച ചെയ്യുന്നത് ആചാര സംരക്ഷണമാണ്. ഇത് വലിയൊരു വിരോധാഭാസമാണ്. ഭൂപരിഷ്‌കരണ നിയമം, വിവരാവകാശ നിയമം, ഗാർഹിക പീഡന നിരോധന നിയമം തുടങ്ങിയവ സാമൂഹിക മാറ്റങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
ലെജിസ്ലേറ്റീവ് അംഗങ്ങൾ, രാഷ്ട്രപതി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരൊന്നും ഇന്ത്യയിൽ പരമാധികാരികളല്ല. വോട്ടു ചെയ്യുന്ന പട്ടിണിപ്പാവങ്ങളാണ് പരമാധികാരികൾ. പക്ഷേ അവരുടെ അവസ്ഥ പരിപാതപകരമാണ്. എം.പിയോ ഗവർണറോ മറ്റു സർക്കാർ പദവികളോ അലങ്കരിക്കാൻ താൻ ആഗ്രഹിക്കാത്തതിനാൽ കാര്യങ്ങൾ തുറന്നു പറയുമെന്നും അദ്ദേഹം പറഞ്ഞു.
പി.എം.എഫ് ഗ്ലോബൽ പ്രസിഡന്റ് റാഫി പാങ്ങോട് അധ്യക്ഷത വഹിച്ചു. വി.ജെ നസ്‌റുദ്ദീൻ മോഡറേറ്ററായിരുന്നു. പ്രോഗ്രാം കോഡിനേറ്റർ ഷിബു ഉസ്മാൻ ആമുഖ പ്രഭാഷണം നടത്തി. നാഷണൽ കമ്മിറ്റി വളന്റിയർ ക്യാപ്റ്റൻ ഷരീക്ക് തൈക്കണ്ടികുളം കമാൽ പാഷക്ക് ഉപഹാരം നൽകി. റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രവർത്തകർക്കുള്ള ഉപഹാരവും പി.എം.എഫ് റിയാദ് സെൻട്രൽ കമ്മിറ്റി പ്രവർത്തകർക്കുള്ള സർട്ടി ഫിക്കറ്റുകളും കമൽ പാഷ കൈമാറി. റിയാദ് പി.എം.എഫ് ജ. സെക്രട്ടറി അലോഷ്യസ് വില്യം സ്വാഗതവും ജോൺസൻ മാർക്കോസ് നന്ദിയും പറഞ്ഞു. ഷാജഹാൻ ചാവക്കാട്, മുജീബ് കായംകുളം, രാജു പാലക്കാട്, ബിനു കെ.തോമസ്, രാജേഷ് പറയങ്കുളം, അസ്‌ലം പാലത്ത്, നസീർ തൈക്കണ്ടി, നാസർ മുക്കം, റസൽ, രാധാകൃ ഷ്ണൻ പാലത്ത്, ജലീൽ ആലപ്പുഴ, ജിബിൻ സമദ്, സമീർ എന്നിവർ നേതൃത്വം നൽകി.