മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്മെന്റിനെക്കുറിച്ചും കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐയെ കുറിച്ചും ഇവയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയരുന്ന വിവാദങ്ങളെകുറിച്ചും മറ്റു പ്രതിപക്ഷ പാർട്ടികളിൽനിന്നു വ്യത്യസ്തമായി സി.പി.എം ഇപ്പോൾ സ്വീകരിക്കുന്ന നിലപാടുകൾ വിചിത്രമാണ്. ഒരു നിർണ്ണായക തെരഞ്ഞെടുപ്പടുക്കുന്ന വസ്തുനിഷ്ഠ സാഹചര്യവും അതുല്പാദിപ്പിക്കുന്ന വർഗ വൈരുദ്ധ്യവും സൂക്ഷ്മമായി വിലയിരുത്താൻ സി.പി.എമ്മിന് ഇപ്പോൾ കഴിയുന്നില്ല. ഏകാധിപത്യവാഴ്ച അവസാനിപ്പിക്കാനുള്ള ജനാധിപത്യ ശക്തികളുടെ യോജിപ്പിന് സി.പി.എം യഥാർത്ഥത്തിൽ തടസം സൃഷ്ടിക്കുകയാണ്.
സി.ബി.ഐ ഷുക്കൂർ വധക്കേസിൽ ഗൂഢാലോചന നടത്തിയതിന് കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനേയും എം.എൽ.എ ടി.വി രാജേഷിനേയും പ്രതികളാക്കി കോടതിയിൽ കഴിഞ്ഞ ദിവസം അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. 'തെരഞ്ഞെടുപ്പ് മുമ്പിൽകണ്ടുകൊണ്ടുള്ള കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും യോജിച്ച രാഷ്ട്രീയനീക്കം' എന്നാണ് സി.പി.എം സംസ്ഥാനസെക്രട്ടറി ഇതിനെ വിലയിരുത്തിയത്.
ഒരാഴ്ച മുമ്പാണ് കൊൽക്കത്തയിൽ പൊലീസ് കമ്മീഷണറെ സി.ബി.ഐ കസ്റ്റഡിയിൽ എടുക്കാൻ മുതിർന്നതും അതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി സത്യഗ്രഹസമരം നടത്തിയതും. അതിനോട് സി.പി.എം പൊളിറ്റ് ബ്യൂറോ പ്രതികരിച്ചത് ഇങ്ങനെ: അന്ന് കൊൽക്കത്തയിൽ നടന്ന ഇടതുമുന്നണിയുടെ 'ഐതിഹാസിക റാലി'യിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും ചേർന്നു നടത്തിയ നാടകം.
ഒരാഴ്ച കഴിഞ്ഞ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഡൽഹിയിൽ ജന്ദർ മന്ദറിൽ മോഡി ഗവണ്മെന്റിന്റെ വാഗ്ദാനലംഘനത്തിൽ പ്രതിഷേധിച്ച് ഒരുദിവസത്തെ നിരാഹാരസമരം നടത്തി. മുൻ പ്രധാനമന്ത്രിമാരായ മൻമോഹൻ സിംഗ്, എച്ച്.ഡി ദേവഗൗഡ, കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി, ശരദ് പവാർ, ഫാറൂഖ് അബ്ദുള്ള, കെജ് രിവാൾ തുടങ്ങി 23 പ്രമുഖ പാർട്ടി നേതാക്കൾ അവിടെയെത്തി ആന്ധ്രാമുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചു. സി.പി.എം നേതാക്കളെ അവിടെ കണ്ടില്ല. ബി.ജെ.പിയുടെ എൻ.ഡി.എ മുന്നണിയിലുള്ള ശിവസേനയുടെ നേതാക്കൾവരെ വന്നിട്ടും.
രാഷ്ട്രീയ വ്യത്യാസം എന്തുതന്നെയായാലും തന്റെ സംസ്ഥാനത്തിന്റെ അവകാശത്തിനുവേണ്ടി ഒരു മുഖ്യമന്ത്രി സമരം നടത്തുമ്പോൾ അദ്ദേഹത്തിനു പിന്തുണ നൽകേണ്ടത് മറ്റു പാർട്ടികളുടെ കടമയാണെന്നു പറഞ്ഞാണ് ശിവസേനയുടെ നേതാവ് സഞ്ജയ് റൗത്ത് അവിടെ സംസാരിച്ചത്.
രണ്ടുദിവസം കഴിഞ്ഞപ്പോൾ ആം ആദ്മി പാർട്ടി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാൾ ഡൽഹിയിൽ മറ്റൊരു റാലി സംഘടിപ്പിച്ചു. 'ഏകാധിപത്യത്തെ നീക്കുക, ജനാധിപത്യം സംരക്ഷിക്കുക' എന്ന മുദ്രാവാക്യവുമായി. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ശരദ് പവാർ, ശരദ് യാദവ്, ഫാറൂഖ് അബ്ദുള്ള, കോൺഗ്രസ് നേതാവ് ആനന്ദ് ശർമ്മ തുടങ്ങി ഒട്ടേറെപേർ പിന്തുണയുമായെത്തി. അവർക്കൊപ്പം വേദി പങ്കിടാൻ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും! പശ്ചിമ ബംഗാളിൽ കോൺഗ്രസും സി.പി.എമ്മും സഹകരിക്കാൻ തയാറില്ലെങ്കിലും ദേശീയതലത്തിൽ മോഡിയുടെ ഏകാധിപത്യ ഭരണം അവസാനിപ്പിക്കാൻ തൃണമൂൽ കോൺഗ്രസ് സഹകരിക്കുമെന്ന് മമതാ ബാനർജി വ്യക്തമാക്കി.
മോഡി ഗവണ്മെന്റിന്റെ ഏകാധിപത്യ നീക്കങ്ങൾ കൂടുതൽ കൂടുതൽ പ്രകടമാകുന്നതിനനുസരിച്ച് എൻ.ഡി.എയിൽനിന്നുള്ള കക്ഷികളും ബി.ജെ.പിയിൽനിന്നുള്ള മുതിർന്ന നേതാക്കളുംവരെ മോഡിയെ നീക്കണമെന്ന ആവശ്യത്തിനു പിന്നിൽ പ്രതിപക്ഷ പാർട്ടികൾക്കൊപ്പം ഒന്നിച്ച് അണിചേരുന്നതാണ് ഇപ്പോൾ ദൃശ്യമാകുന്നത്. ശിവസേനാ നേതാക്കളുടെ പങ്കാളിത്തം, ശത്രുഘ്‌നൻ സിഹ്ന, യശ്വന്ത് സിഹ്ന തുടങ്ങിയ ഇപ്പോഴും പേരിന് ബി.ജെ.പിയിൽ തുടരുന്ന നേതാക്കൾപോലും ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തിനു പിന്നിൽ അണിനിരക്കുകയാണ്. ഇതിന്റെ മറ്റൊരു ദൃശ്യമാണ് തെക്കെ ഇന്ത്യയിൽ പോണ്ടിച്ചേരിയിൽ സംസ്ഥാന സർക്കാറിനെതിരായുള്ള ഗവർണർ കിരൺ ബേദിയുടെ ഇടപെടലിനെതിരെ കോൺഗ്രസ് മുഖ്യമന്ത്രി നാരായണസ്വാമി രാജ് ഭവനുമുമ്പിൽ നടത്തുന്ന സത്യഗ്രഹം. സാധാരണ തെരഞ്ഞെടുപ്പുകാലത്ത് കാണാത്ത അസാധാരണ രാഷ്ട്രീയ പ്രതിഭാസമാണ് രാജ്യത്തിന്റെ നാനാഭാഗങ്ങളിലും ജനാധിപത്യ സംരക്ഷണത്തിന്റെ പേരിൽ പ്രധാനമന്ത്രിക്കെതിരെ ഉയരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഉത്തര-പൂർവ്വ സംസ്ഥാനങ്ങളിൽ സഞ്ചരിച്ച പ്രധാനമന്ത്രിയെ വ്യാപകമായ ബന്ദും പ്രതിഷേധവും കൊണ്ടാണ് ജനങ്ങൾ നേരിട്ടത്. അവിടങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി അഭൂതപൂർവ്വ വിജയം നേടിയിരുന്നെങ്കിലും സഖ്യകക്ഷികളടക്കം ഇപ്പോൾ മോഡിയുടെ പൗരത്വ ബില്ലിനെതിരെ ശക്തമായി രംഗത്തുവന്നിരിക്കയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനു മുമ്പ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്നത്തെ പ്രധാനമന്ത്രിക്കെതിരെ പടർന്നുപിടിച്ച പ്രതിഷേധവും ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യവും മറ്റൊരു രൂപത്തിൽ മുഴങ്ങുന്നതാണ് ഇപ്പോൾ കാണുന്നത്.
കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എയിലടക്കം മോഡി ഗവണ്മെന്റിന്റെ നയങ്ങൾക്കെതിരായ വൈരുദ്ധ്യം മൂർച്ഛിക്കുകയാണെന്നാണ് ഇതു കാണിക്കുന്നത്. ജനങ്ങളുടെ അനുഭവവും പ്രധാനമന്ത്രിയുടെ അവകാശവാദവും തമ്മിലുള്ള ഏറ്റമുട്ടലും ഈ രാഷ്ട്രീയ പ്രതിഭാസത്തെ കൂടുതൽ ശക്തമാക്കുന്നു.
അഞ്ചു വർഷത്തെ തന്റെ ഭരണത്തിനിടയിൽ അതിർത്തിക്കപ്പുറത്തുനിന്നുള്ള ഭീകരാക്രമണങ്ങൾ കുറഞ്ഞിരിക്കുകയാണെന്ന് പ്രധാനമന്ത്രി പാർലമെന്റിലെ അവസാന ദിവസ പ്രസംഗത്തിൽ അവകാശപ്പെട്ടിരുന്നു. അതിന്റെ മാറ്റൊലി അവസാനിക്കുന്നതിനു മുമ്പാണ് കശ്മീരിൽ പുൽവാമ ജില്ലയിൽ സൈനിക വ്യൂഹത്തിനുനേരെ ഭീകരരുടെ മിന്നലാക്രമണമുണ്ടായതും മലയാളി സൈനികന്റേതടക്കം നിരവധി വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടതും. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭീകരാക്രമണമെന്ന് മാധ്യമങ്ങൾ ആക്രമണത്തെ വിശേഷിപ്പിക്കുന്നു.
രാജ്യത്താകെ നടക്കുന്ന ഈ സംഭവ വികാസങ്ങളെ കമ്മ്യൂണിസ്റ്റു പാർട്ടികളുടെ സ്വതസിദ്ധമായ രാഷ്ട്രീയ വിശകലനത്തിന് വിധേയമാക്കുന്നില്ല. പകരം കോൺഗ്രസിനെയും ബി.ജെ.പിയെയും കൂട്ടിക്കെട്ടി അവതരിപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. മോഡിയുടെ ഏകാധിപത്യ വാഴ്ചയ്‌ക്കെതിരെ ജനാധിപത്യ ശക്തികൾ ഏകോപിച്ച് മുന്നോട്ടുവരികയാണ്. ഈ യോജിപ്പിനെ തന്ത്രപരമായി മോഡി വാഴ്ചയുടെ തകർച്ചയ്ക്ക് ഉപയോഗപ്പെടുത്താൻ സി.പി.എം ആദ്യമായി അറച്ചുനിൽക്കുന്നതാണ് കാണുന്നത്. അവരുടെ കഴിഞ്ഞ പാർട്ടി കോൺഗ്രസ് ആഹ്വാനം ചെയ്തത് ആ ദൗത്യമാണെങ്കിലും.
എന്നാൽ ഒരു മൂന്നാംമുന്നണി ദേശീയതലത്തിൽ മുന്നോട്ടുവെക്കാനുള്ള സാധ്യതയും സി.പി.എമ്മിന്റെ നിയന്ത്രണത്തിലില്ല. അത്തരം യോജിപ്പുകൾ തെരഞ്ഞെടുപ്പിനുശേഷം എന്നാണ് ഇപ്പോൾ അവർ പറയുന്നത്. സി.പി.എമ്മിനും സി.പി.ഐയ്ക്കും കേരളത്തിൽനിന്നുമാത്രം സീറ്റുകൾ എന്ന ഒരവസ്ഥയിൽ എത്തിനിൽക്കേ തെരഞ്ഞെടുപ്പിനുശേഷം നേതൃത്വപരമായി അവർക്കെന്തു ചെയ്യാനാകും എന്നതും കണ്ടറിയേണ്ടിവരും.
ഈ വേറിട്ടുനിൽപ്പിന് സി.പി.എം പറയുന്ന യുക്തിയും അവിശ്വസനീയം. തൃണമൂലും ടി.ഡി.പിയുമൊക്കെ ബി.ജെ.പിയെപ്പോലെ അഴിമതിക്കാർ. കോൺഗ്രസിന്റെ കാര്യം പറയുകയും വേണ്ട. ടു.ജി സ്‌പെക്ട്രം അടക്കമുള്ള അഴിമതി കേസുകൾകൊണ്ട് യു.പി.എ ഗവണ്മെന്റിനെ നാണിപ്പിച്ച ഡി.എം.കെയുമായി സി.പി.എമ്മിന് ധാരണയാകാം.
ഇടതുറാലി പൊളിക്കാൻ തൃണമൂലും ബി.ജെ.പിയും ചേർന്ന് സി.പി.എമ്മിനെതിരെ നടത്തിയ ഗൂഢാലോചനയാണ് കൊൽക്കത്തയിൽ നടന്നതെന്ന സി.പി.എം പി.ബി കണ്ടെത്തൽ അണികൾപോലും വിശ്വസിച്ചിട്ടില്ല. ജയരാജനെ പിടിക്കാൻ തെരഞ്ഞെടുപ്പ് ഉന്നംവെച്ച് കോൺഗ്രസും ബി.ജെ.പിയും ചേർന്ന് സി.ബി.ഐയെ ഉപയോഗിക്കുന്നു എന്ന കണ്ടുപിടിത്തവും അതുപോലെതന്നെ. ജയരാജന്റെ പേരിലുള്ള സി.ബി.ഐ അന്വേഷണം ഹൈക്കോടതി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ട് ഉത്തരവിട്ടതാണ്. കൊല്ലപ്പെട്ട ഷുക്കൂറിന്റെ വൃദ്ധയായ ഉമ്മയുടെ ഹർജിയിൽ. ബി.ജെ.പിയുടെ ആയുധമായ സി.ബി.ഐ തങ്ങളെ ഒഴിവാക്കണമെന്നാണ് കോടതിയോട് ആവശ്യപ്പെട്ടത്. 'ഉന്നത ഗൂഢാലോചനക്കാരെ' രക്ഷപെടുത്തിക്കൂടാ എന്ന് ഷുക്കൂറിന്റെ ഉമ്മയുടെ ചുടുകണ്ണീർ കണ്ട് ഹൈക്കോടതി നിർബന്ധപൂർവ്വം ഉത്തരവിടുകയായിരുന്നു. സി.ബി.ഐ ഫസൽ കേസിലും ജയരാജനെതിരെ കേസ് എടുത്തിട്ടുണ്ട്. ആ കേസിലും കൊൽക്കത്തയിൽ കാണിച്ച ധൃതിയൊന്നും സി.ബി.ഐ കാണിച്ചിട്ടില്ല. അപ്പീൽ സുപ്രിംകോടതിയിലാണ്.
കോടിയേരിയുടെ ജയരാജൻ തിയറിവെച്ചു നോക്കുമ്പോൾ രണ്ടു ചോദ്യം സ്വാഭാവികമായി ഉയരുന്നു. ഒന്ന്, കൊൽക്കത്തയിലേക്ക് ഡൽഹിയിൽനിന്നു നിർദ്ദേശിച്ച് സി.ബി.ഐയെ പ്രത്യേകം അയച്ചത് കേരളത്തേക്കാൾ ഇരട്ടി സീറ്റുകൾ ലോകസഭയിൽ ഉള്ള ബംഗാളിൽ തെരഞ്ഞെടുപ്പു വരുന്നുണ്ടെന്ന് മോദി മനസിലാക്കാതെയാണോ. മമതയും അവരുടെ സർക്കാറും അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്നും ആ സർക്കാറിനെ പിരിച്ചുവിടണമെന്നും ബി.ജെ.പി നേതാക്കൾ ആവശ്യപ്പെടുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കാണാതെയാണോ. രണ്ട്, തെരഞ്ഞെടുപ്പു വരുമ്പോൾ ആയുധമാക്കി ഊതികത്തിക്കുന്ന ഒരു വൻ അഴിമതികേസ് കേരളത്തിലുണ്ടല്ലോ, ലാവ്‌ലിൻ. സുപ്രിം കോടതിയിൽ അതിന്റെ തീയതികൾ നീട്ടിനീട്ടി പോകുകയാണ്. അത് തെരഞ്ഞെടുപ്പിനുമുമ്പ് ബി.ജെ.പി തനിച്ചോ കോൺഗ്രസുമായി ചേർന്നോ എടുക്കാതിരിക്കുന്നത് എന്താണ്. തെരഞ്ഞെടുപ്പ് വരുന്നുണ്ടെന്നറിഞ്ഞിട്ടും.
അഴിമതി ഇടപാടിലെ ഇടനിലക്കാരെ വിദേശത്തുനിന്നു പൊക്കിക്കൊണ്ടുവരുന്ന പ്രധാനമന്ത്രി മോഡി ലാവ്‌ലിൻ ഇടപാടിലെ ഇടനിലക്കാരെയും കനഡയിലുള്ള ലാവ്‌ലിൻ കമ്പനിയെതന്നെയും വിട്ടുകളയുന്നത് എന്തുകൊണ്ട്. 400 കോടിയോളം രൂപ സംസ്ഥാനത്തിന് അവർ നഷ്ടംവരുത്തിയിട്ടും.
ദേശീയ രാഷ്ട്രീയത്തിൽ നേതൃത്വവും നിർണ്ണായകവുമായിരുന്നു 90കൾ തൊട്ട് ഇടതുപാർട്ടികൾ. വിശേഷിച്ച് സി.പി.എം. ഈ തെരഞ്ഞെടുപ്പിൽ ദേശീയ രാഷ്ട്രീയത്തിൽ ഇടം കാണാതെ കേരളത്തിൽ ഒതുങ്ങിത്തീരുകയാണ് പക്ഷെ അവർ.