മുമ്പൊക്കെ, വിൽപന കുറയുന്ന ചരക്കുകൾ വിറ്റഴിക്കാനായി എന്ത് സർക്കസും കാട്ടാൻ നിർമാതാക്കൾ റെഡിയായിരുന്നു. മുണ്ട് മുക്കിപ്പിഴിയുന്ന 'മേബിൾ നീലം' ആയാലും, മുണ്ടലക്കുന്ന 'പ്ലേ ബോയ്' സോപ്പായാലും ഒരു 'റോഡ് ഷോ' നടത്തും. കെട്ടിയലങ്കരിച്ച പിക്കപ്പ് വാനിൽ രണ്ട് ട്യൂബ് ലൈറ്റുകളും പൊതുജനത്തിന്റെ ചെവി പിളർക്കുന്ന ലൗഡ് സ്പീക്കറുമായാൽ കാര്യം കുശാൽ! പിന്നെപ്പിന്നെ ഇൻഷുറൻസ് കമ്പനി, സ്റ്റീൽ പാത്രക്കാർ, ഫർണിച്ചർ, ചെരിപ്പു കച്ചവടക്കാർ തുടങ്ങി എല്ലാവരും 'റോഡ്‌ഷോ'യ്ക്ക് ഇറങ്ങി. ലക്ഷ്യം കച്ചവടമാണല്ലോ! രാഷ്ട്രീയ പാർട്ടികളുടെ ലക്ഷ്യവും അതല്ലാതെ മറ്റെന്താണ്? തെരഞ്ഞെടുപ്പ് കാലത്ത് കെട്ടിയെഴുന്നെള്ളിച്ച് ആനയെ കൊണ്ടുപോകുന്നത് കാണാം. കൂപ്പിയ കൈകൾ മാത്രം ഇരുവശത്തേക്കും മാറിമാറി ചലിക്കും. മുപ്പത്തിരണ്ടു പല്ലുകൾ സദാ ചിരിതൂകികൊണ്ടേയിരിക്കും. കച്ചവടത്തിന് ജനസാമാന്യത്തെ ആകർഷിക്കാൻ വേണ്ടി തികച്ചും സൗജന്യമായി നൽകുന്നത് ആ ചിരി. തെരഞ്ഞെടുപ്പൊന്നു കഴിഞ്ഞോട്ടെ, ആ ചിരി കാണണമെങ്കിൽ ജനപ്രതിനിധിയെ വല്ല ലോക്കൽ പണച്ചാക്കുകളുടെ വീട്ടുമുറ്റത്തു തന്നെ കണ്ടെത്തണം. എന്നാലെന്ത്? ഇലക്ഷൻ പ്രചാരണത്തിന്റെ കലാശക്കൊട്ടിനു മുമ്പുള്ള അത്യാകർഷകമായ ഇനമായി മാറിക്കഴിഞ്ഞു നമ്മുടെ റോഡ് ഷോ!
ഏറ്റവും നല്ല റോഡ് ഷോയ്ക്ക് മാർക്ക് നൽകുകയാണെങ്കിൽ രാഹുൽ - പ്രിയങ്കമാർ അടിച്ചോണ്ടുപോകും. ഇന്ദിരാഗാന്ധി പുനർജനിച്ച് വന്നതാണോ എന്ന് അന്ധവിശ്വാസികൾ ശങ്കിച്ചു പോകും വിധമാണ് പ്രിയങ്കാജിയുടെ വരവും, വരവേൽപും. ബ്രദറിനാകട്ടെ, ഇന്നും എല്ലാം കുട്ടിക്കളി പോലെ തന്നെ. പാർലമെന്ററിൽ മോഡിജിയെ ഇരിപ്പിടത്തിൽ ചെന്നു കെട്ടിപ്പിടിച്ച ശേഷം, സ്വന്തക്കാരെ നോക്കി കണ്ണിറുക്കി കാട്ടിയ അതേ ഭാവം! രാഷ്ട്രീയം വിൽപനച്ചരക്കായതിനാൽ 'റോഡ് ഷോ'കൾ ഗംഭീരമാക്കിയേ കഴിയൂ. കോൺഗ്രസിൽ വംശാധിപത്യമാകയാൽ ഏട്ടനും അനുജത്തിയും കുറച്ചു സെക്യൂരിറ്റിക്കാരും മാത്രമേ വാഹനത്തിലുണ്ടാകൂ എന്നത് ആശ്വാസകരം! ഭരണകക്ഷി നേതാക്കൾ ഷോ തുടങ്ങിയാൽ, അതു മോണിംഗായാലും മാറ്റിനിയായാലും നൈറ്റ്‌ഷോ ആയാലും സൂക്ഷിക്കണം. ഏതെങ്കിലും വീഥിയിൽ ഏതെങ്കിലുമൊരു ഗോമാതാവ് അലഞ്ഞു നടക്കുന്നുണ്ടെങ്കിൽ, അതിനേം കൂടി വണ്ടിയിൽ കയറ്റി ഒപ്പം നിർത്താൻ മടിച്ചില്ലെന്നു വരും! നാലു വോട്ട് അങ്ങനെ കറന്നെടുക്കാനായാൽ മോശമാവില്ലല്ലോ കാര്യം! മമതാ ചേട്ടത്തി, മായാവതിയും വല്യമ്മ തുടങ്ങിയവരുടെയും ഒരു ഡസൻ സിനിമാ നടികളുടെയും 'ഷോ' ഇനി കാണാനിരിക്കുന്നതേയുള്ളൂ!
**** **** ****
നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ എന്ന് വി.എസ്. അച്യുതാനന്ദൻ സഖാവ് കുറേക്കാലമായി പറയുന്നുണ്ട്. മൂന്നാറിൽ പണ്ടു റിസോർട്ടുകൾ ഇടിച്ചു നിരത്തിയ കാലത്തു പറഞ്ഞ കാര്യം തന്നെ ഇപ്പോഴും ആവർത്തിക്കുന്നു. ഇത് അദ്ദേഹം തന്നെ ഉരിയാടുന്നതാണോ, അതോ, പിന്നിൽ ടേപ്പ് റെക്കോർഡർ ഓൺ ചെയ്തിട്ടു ചുണ്ടനക്കുന്നതാണോ എന്ന് സംശയിക്കണം. സഖാവ് ആരുടെ പക്ഷത്താണെന്ന് സഖാവിനു തന്നെ നിശ്ചയമില്ലാത്ത പ്രായമാണോ ഇപ്പോൾ എന്നത് രണ്ടാമത്തെ പ്രശ്‌നം. ദേവികുളം എമ്മെല്ലേ രാജേന്ദ്രൻ സഖാവ് സബ് കലക്ടർ രേണു രാജിനെ അവഹേളിച്ചു സംസാരിച്ചു. ശരി. അതിന് ഒരു മുതിർന്ന സഖാവ് ചരിത്രപരമായ കടമയല്ലേ ചെയ്യേണ്ടത്? ഒരു പാർട്ടി സഖാവ്, അയാൾ എത്ര വിവര ദോഷിയായിക്കോട്ടെ, എമ്മെല്ലേ ആയിക്കോട്ടെ (രണ്ടും ഒന്നുതന്നെയാണ് ഫലത്തിൽ!), ~ഒരു തെറ്റ് ചെയ്താൽ, അത് വനിതാ കമ്മീഷനല്ല പരിശോധിക്കേണ്ടത്. നമ്മൾ തന്നെയാണ്. എന്നിട്ട് സഖാവിന് തൂക്കിക്കൊല്ലുന്നതിനേക്കാൾ മോശമായ ശിക്ഷ കൊടുക്കണം, പ്രത്യയശാസ്ത്ര പുരാണങ്ങളിൽ 'ശാസന' എന്നു പറയുന്ന അതിഘോരമായ ആ ശിക്ഷ കിട്ടുന്നതോടെ സഖാവ് പത്തി താഴ്ത്തും. പിന്നെ അടുത്ത ശാസന കിട്ടേണ്ട കാലമെത്തും വരെ തല പൊക്കില്ല. അതു വി.എസിനും കിട്ടിയിട്ടുള്ളതാണ്. പണ്ട് ഇന്തോ - ചൈന യുദ്ധകാലത്ത് രക്തം ദാനം ചെയ്തതിന് അങ്ങനെ ഒരെണ്ണം കിട്ടിയിട്ടുണ്ടെന്നും ഇല്ലെന്നും കേൾക്കുന്നുണ്ട്. ഏതായാലും, മൂന്നാറിലെ പഞ്ചായത്തുവക അനധികൃത നിർമാണവും സബ് കലക്ടർ എന്ന 'അവളുടെ' വിവരമില്ലായ്മയും വിവരവും വിവരാവകാശവുമുള്ള എമ്മെല്ലേയുടെ ശകാരവും ഒത്തുവന്ന അസുലഭ വേളയിൽ നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്നു പറഞ്ഞ് വി.എസ്. സഖാവ് വിശ്വാമിത്രനെപ്പോലെ മേനകയെ കൈയൊഴിഞ്ഞതു ശരിയായില്ല. മൂന്നാറിലെ വളവും തിരിവും കയറ്റിറക്കങ്ങളും കടന്ന് നിയമത്തിന് അങ്ങോട്ടു ചെന്ന് എമ്മെല്ലേ സഖാവിനെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് അകക്കണ്ണ് കൊണ്ട് ദർശിച്ചിട്ടാണോ വി.എസ് അതു പറഞ്ഞതെന്നറിയില്ല. അങ്ങനെയെങ്കിൽ 'സുല്ല്' പറയുന്നു. പക്ഷേ, പി. ജയരാജനെതിരെ സി.ബി.ഐ കോടതിയിൽ കൊലക്കുറ്റപത്രം സമർപ്പിച്ചപ്പോഴും സഖാവ് അതു തന്നെ പറഞ്ഞുവല്ലോ! വെറുതെ പാർട്ടിയുടെ ഒരു 'മലബാർ സിംഹ'ത്തെ അഴിക്കൂട്ടിനുള്ളിലാക്കണമോ? അതോ, ഇതെല്ലാം മാധ്യമങ്ങൾ വളച്ചൊടിക്കുന്നതാണോ? ഏതായാലും പ്രായാധിക്യം സഖാവിനു വലിയൊരു തുണയാണ്. അല്ലെങ്കിൽ, പണ്ടു ഗൗരിയമ്മയെ പറഞ്ഞു വിട്ടത് പോലെ എന്തെങ്കിലും സംഭവിക്കുമായിരുന്നു!
**** **** ****
സ്വന്തം കണ്ണിലെ കൃഷ്ണമണി പോലെ, ശരീരത്തിലെ രോമങ്ങളെപ്പോലെ, ക്ഷീണവും നരയുമേൽക്കാതെ സർക്കാർ ജീവനക്കാരെ സ്‌നേഹിക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ഒരേയൊരു മുഖ്യനേ കേരളത്തിൽ പിറന്നിട്ടുള്ളൂ, അതു സാക്ഷാൽ പിണറായി വിജയനല്ലാതെ മറ്റൊരുമല്ല.
കഴിഞ്ഞ മാസം 8, 9 തീയതികളിൽ എല്ലാ ഓഫീസുകളും പൂട്ടി താക്കോലുകൾ ഒക്കത്തു തിരുകി വെച്ചുകൊണ്ട് ജീവനക്കാർ വീട്ടിലിരുന്നു ചീട്ടുകളിച്ചു. അത്യാവശ്യത്തിന് രണ്ടും പെഗും, കേന്ദ്ര ഭരണത്തോടുള്ള പ്രതിഷേധ സൂചകമായി രണ്ടു കഷ്ണം ബീഫും കഴിക്കാനും പലരും മറന്നില്ല. കേന്ദ്രത്തിന്റെ കാര്യത്തിൽ രണ്ടല്ല, ഒരാഴ്ച പ്രതിഷേധിച്ചാലും അധികമാവില്ല, ആരും കുറ്റപ്പെടുത്തുകയുമില്ല. എന്നാൽ മറ്റു സംസ്ഥാനങ്ങളെപ്പോലെയല്ല, നമ്മൾ ദൈവത്തിന്റെ സ്വന്തം നാട്ടിൽ പിറന്നവർ. സർക്കാർ ജോലിയുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം നീക്കാൻ ഗൾഫിൽ വിയർപ്പൊഴുക്കുന്നവരുടെ പണമുണ്ട്. അതും പോരാഞ്ഞിട്ട്, പണിമുടക്കിയ രണ്ടു ദിവസത്തേയും ശമ്പളം 'ആകസ്മിക' അവധിയുടെ കണക്കിലെഴുതി പ്രജകളെ പിണറായി വാത്സല്യപൂർവം സംരക്ഷിച്ചിരിക്കുന്നു! കേൾക്കുമ്പോൾ ആർക്കാണ് രോമാഞ്ചമുണ്ടാകാത്തത്? ഖജനാവിൽ ആവശ്യത്തിലധികം പണമുണ്ട്. പെട്ടി കവിഞ്ഞ് നോട്ടുകെട്ടുകൾ വരാന്തയിലും കാണപ്പെടുന്നു. പ്രളയ ദുരിതാശ്വാസം, കിഫ്ബി തുടങ്ങി പല ചാനലുകളിലൂടെയും ഒഴുകിയെത്തുന്ന പണം തൂത്തുമാറ്റി ഒതുക്കിയിടാൻ രാവിലെ തൂപ്പുകാരികൾ എന്തുമാത്രം കഷ്ടപ്പെടുന്നുവെന്ന് തലസ്ഥാനത്ത് ചെന്നു നേരിൽ കാണണം.അതിനാലണ് 166 കോടി രൂപ 'അങ്ങു പോട്ടെ' എന്നു സർക്കാർ തീരുമാനിച്ചത്. പഴയ 'ഡയസ് നോൺ' ഒരു പിന്തിരിപ്പൻ ആശയമായതിനാലും ഇത്രയും തുക ജീവനക്കാർക്കായി ചെലവഴിച്ച് ഒരു കേന്ദ്ര വിരുദ്ധ സമരം നടത്തുന്നതിൽ തെറ്റില്ലെന്നാണ് ധനകാര്യ വിദഗ്ധ സഖാക്കൾ ചൂണ്ടിക്കാട്ടിയത്. നമ്മൾ വെറും വടക്കു നോക്കികളല്ലെന്നു ലോകം തിരിച്ചറിഞ്ഞല്ലോ. അത്രയും ആശ്വാസം.
രാജ്യസഭയിൽ സുരേഷ് ഗോപി എം.പി ഒരു അണ്ണാ ഡി.എം.കെ എം.പിയുമായി സംസാരിക്കുന്നതിനിടയിൽ തെന്നി വീഴാൻ തുടങ്ങി. 'ക്യാറ്റ്‌പോ' എന്ന സിനിമാ സ്റ്റണ്ട് വിദ്യ പ്രയോഗിച്ച് അദ്ദേഹം വീഴാതെ പിടിച്ചുനിന്നു. വടക്കൻ പാട്ടുകളിലോ, പയറ്റുമുറകളിലോ പറഞ്ഞിട്ടില്ലാത്ത ഈ വിദ്യ മറ്റു എം.പിമാരെ കൂടി അഭ്യസിപ്പിക്കണം. പലരും തെന്നിമാറാനും വീഴാനും സാധ്യതയുള്ള കാലമാണ്.