മക്ക - ഈ വര്‍ഷത്തെ ഉംറ സീസണ്‍ ആരംഭിച്ച ശേഷം വിദേശങ്ങളില്‍ നിന്ന് ഇതുവരെ മുപ്പത്തിനാലു ലക്ഷത്തിലേറെ ഉംറ തീര്‍ഥാടകര്‍ എത്തിയതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. മുഹറം ഒന്നു (സെപ്റ്റംബര്‍ 11) മുതല്‍ ജമാദുല്‍ ആഖിര്‍ ഒമ്പതു (ഫെബ്രുവരി 14) വരെയുള്ള കാലത്ത് വിദേശങ്ങളില്‍ നിന്ന് ആകെ 34,54,398 തീര്‍ഥാടകരാണ് എത്തിയത്. ഇക്കാലയളവില്‍ വിദേശ തീര്‍ഥാടകര്‍ക്ക് ആകെ 38,96,580 വിസകള്‍ അനുവദിച്ചു. ഫെബ്രുവരി 14 ലെ കണക്കുകള്‍ പ്രകാരം പുണ്യസ്ഥലങ്ങളില്‍ 4,31,293 തീര്‍ഥാടകരുണ്ട്. ഇക്കൂട്ടത്തില്‍ 2,97,147 പേര്‍ മക്കയിലും 1,34,146 പേര്‍ മദീനയിലുമാണ്. 30,23,105 പേര്‍ ഉംറ കര്‍മം നിര്‍വഹിച്ച് സ്വദേശങ്ങളിലേക്ക് തിരിച്ചുപോയി.
വിദേശ തീര്‍ഥാടകരില്‍ 30,69,062 പേര്‍ വിമാന മാര്‍ഗവും 3,57,165 പേര്‍ കര മാര്‍ഗവും 28,171 പേര്‍ കപ്പല്‍ മാര്‍ഗവുമാണ് എത്തിയത്. ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തിയത് പാക്കിസ്ഥാനില്‍ നിന്നാണ്. പാക്കിസ്ഥാനില്‍ നിന്ന് 8,63,317 തീര്‍ഥാടകര്‍ എത്തി. രണ്ടാം സ്ഥാനത്തുള്ള ഇന്തോനേഷ്യയില്‍ നിന്ന് 5,64,273 പേരും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ നിന്ന് 3,73,781 പേരും നാലാം സ്ഥാനത്തുള്ള യെമനില്‍ നിന്ന് 1,91,214 തീര്‍ഥാടകരും അഞ്ചാം സ്ഥാനത്തുള്ള മലേഷ്യയില്‍ നിന്ന് 1,85,716 പേരും എത്തി.
ആറാം സ്ഥാനത്തുള്ള ഈജിപ്തില്‍ നിന്ന് 1,77,695 പേരും ഏഴാം സ്ഥാനത്തുള്ള തുര്‍ക്കിയില്‍ നിന്ന് 1,43,074 പേരും എട്ടാം സ്ഥാനത്തുള്ള അള്‍ജീരിയയില്‍ നിന്ന് 1,19,545 പേരും ഒമ്പതാം സ്ഥാനത്തുള്ള ജോര്‍ദാനില്‍ നിന്ന് 97,552 പേരും പത്താം സ്ഥാനത്തുള്ള ബംഗ്ലാദേശില്‍ നിന്ന് 86,476 തീര്‍ഥാടകരും അഞ്ചു മാസത്തിനിടെ പുണ്യഭൂമിയില്‍ എത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഉംറ സര്‍വീസ് കമ്പനികളില്‍ 10,124 സൗദി ജീവനക്കാരുണ്ട്. ഇക്കൂട്ടത്തില്‍ 8,386 പേര്‍ പുരുഷന്മാരും 1,738 പേര്‍ വനിതകളുമാണെന്നും ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.