മക്ക - ഓഫാക്കാതെ നിര്‍ത്തിയിട്ട് ഉടമകള്‍ പുറത്തിറങ്ങുന്ന തക്കത്തില്‍ കാറുകള്‍ കവരുന്നത് പതിവാക്കിയ വിദേശി യുവാവിനെ മക്ക പോലീസ് അറസ്റ്റ് ചെയ്തു. ബര്‍മക്കാരനാണ് അറസ്റ്റിലായത്. കാറുകള്‍ കവര്‍ച്ച ചെയ്യപ്പെട്ടതായി അടുത്തിടെ പോലീസില്‍ പരാതികള്‍ ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം പട്രോളിംഗിനിടെ സംശയ സാഹചര്യത്തില്‍ കണ്ട കാര്‍ പോലീസുകാര്‍ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഡ്രൈവര്‍ കാറുമായി കടന്നുകളയാന്‍ ശ്രമിച്ചു. പോലീസുകാര്‍ പിന്തുടര്‍ന്ന് വളഞ്ഞതോടെ കാര്‍ നിര്‍ത്തി പുറത്തിറങ്ങി പ്രതി ഓടിരക്ഷപ്പെട്ടു. ഈ കാര്‍ മോഷണം പോയതാണെന്നും കാറിന്റെ രൂപത്തില്‍ പ്രതി മാറ്റങ്ങള്‍ വരുത്തിയതായും വ്യക്തമായി. തുടര്‍ന്ന് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിലൂടെ പ്രതിയെ തിരിച്ചറിഞ്ഞ് കെണിയൊരുക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. പത്തിലേറെ കവര്‍ച്ചകളില്‍ പ്രതിയായ യുവാവ് നേരത്തെ പലതവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും വ്യക്തമായി.