ദുബായ്- ജാതിയോ മതമോ വര്‍ണമോ നോക്കാതെ പരസ്പരം സഹകരിച്ച് ഒരമ്മ പെറ്റ മക്കളെ പോലെ ജീവിക്കുന്നത് പ്രവാസ ലോകത്ത് മാത്രമാണെന്ന് പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്‍. ലോക കേരള സഭയുടെ മിഡില്‍ ഈസ്റ്റ് മേഖലാ സമ്മേളനത്തില്‍ പ്രവാസ കേരളം ഒരു മിഡില്‍ ഈസ്റ്റ് അനുഭവം എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ നവോത്ഥാന നായകര്‍ ചെയ്ത സേവനമാണ് ഗള്‍ഫില്‍ പ്രവാസി സമൂഹം ചെയ്യുന്നത്. ഇവിടെ ജാതി ചോദിക്കുന്നതിനു പകരം എവിടെ ജോലി ചെയ്യുന്നു എന്ന് മാത്രമേ ചോദിക്കാറുള്ളൂ. പ്രവാസിക്ക് ഒരാവശ്യം വന്നാല്‍ വിവിധ ദേശക്കാരായ സഹപ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ അത് നേടിയെടുക്കാന്‍ സാധിക്കുമെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ലേബര്‍ ക്യാമ്പില്‍നിന്ന് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
മലയളികളുടെ കഠിനാധ്വാനവും അര്‍പ്പണ മനോഭാവവും വിശ്വാസ്യതയും പ്രവാസ ലോകത്തും തൊഴിലിടങ്ങളില്‍ അംഗീകാരം നേടിത്തരുന്നു. ലോക കേരള സഭയുടെ രൂപീകരണത്തോടെ തങ്ങളുടെ ആവശ്യങ്ങളും പ്രയാസങ്ങളും ചര്‍ച്ച ചെയ്യുന്നതിന് മലയാളികളുടെ ഒരു വേദിയുണ്ടായി എന്നത് പ്രവാസി സമൂഹത്തിനും കൂടുതല്‍ ആത്മവിശ്വാസം പകരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നമ്മുടെ രാജ്യത്തുനിന്ന് വിവിധ കാരണങ്ങളാല്‍ ഇതര രാജ്യങ്ങളിലേക്ക് കുടിയേറിയതോടെയാണ് ഇന്ത്യ സാമ്പത്തിക പുരോഗതി കൈവരിച്ചത്. കേരളത്തിലെ ഓരോ മേഖലയിലും ഉണ്ടായ വളര്‍ച്ച പ്രവാസത്തിന്റെ മാത്രം നേട്ടമാണെന്നും ബെന്യാമിന്‍ പറഞ്ഞു.
ലോകത്താകെയുള്ള മലയാളികളുടെ പൊതുവേദിയായി രൂപീകരിക്കപ്പെട്ട ലോക കേരള സഭയുടെ മിഡില്‍ ഈസ്റ്റ് സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനില്‍ ഗള്‍ഫ് മേഖലയിലെ ജോലി സാധ്യതകളെ കുറിച്ച് നടന്ന ചര്‍ച്ച ക്രിയാത്മകമായി. മേക്കിന്‍സി കണ്‍സള്‍ട്ടന്റ് വിനയചന്ദ്രന്‍ വിഷയം അവതരിപ്പിച്ചു. ആല്‍ബിന്‍ ജോസഫ്, (സൗദി) അജിത്കുമാര്‍ വയല (കുവൈത്ത്) സോമന്‍ ബേബി (ബഹ്റൈന്‍) കെ.പി. മുഹമ്മദ്കുട്ടി (സൗദി), രാജു കല്ലുംപുറം (ബഹ്റൈന്‍) എന്നിവരടക്കം വിവിധ ഗള്‍ഫ് മേഖലയിലെ പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ കെ.വരദരാജന്‍ ആമുഖ പ്രസംഗം നടത്തി. പ്രവാസി ക്ഷേമനിധി ചെയര്‍മാന്‍ പി.ടി. കുഞ്ഞിമുഹമ്മദ് പ്രസംഗിച്ചു. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ സ്വാഗതം പറഞ്ഞു.