റിയാദ് - ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനികര്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായി വിദേശ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ഭീരുത്വപരമായ ഇത്തരം ഭീകരപ്രവര്‍ത്തനങ്ങളെ സൗദി അറേബ്യ നിരാകരിക്കുന്നു. ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരെ സൗദി അറേബ്യ സൗഹൃദ രാജ്യമായ ഇന്ത്യക്കൊപ്പം നിലയുറപ്പിക്കും. ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കളെയും ഇന്ത്യന്‍ ഗവണ്‍മെന്റിനെയും ഇന്ത്യന്‍ ജനതയെയും അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ക്ക് എത്രയും വേഗം പരിക്കുകള്‍ ഭേദമാകട്ടെയെന്ന് ആശിക്കുന്നതായും വിദേശ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
കൂടുതൽ വാർത്തകൾക്കും വിശകലനങ്ങൾക്കും മലയാളം ന്യൂസ് ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
ശ്രീനഗര്‍-ജമ്മു ഹൈവേയിലെ അവന്തിപോറയില്‍ സൈനികര്‍ സഞ്ചരിച്ച വാഹനവ്യൂഹം ലക്ഷ്യമിട്ടാണ് ഭീകരാക്രമണുണ്ടായത്. കാര്‍ സ്‌ഫോടനത്തില്‍ സൈനികര്‍ സഞ്ചരിച്ച ബസുകളിലൊന്ന് പൂര്‍ണമായും തകര്‍ന്നു. ആക്രമണത്തില്‍ 44 സൈനികര്‍ വീരമൃത്യുവരിച്ചതായാണ് കണക്ക്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. അവധി കഴിഞ്ഞ് ജമ്മുകശ്മീരിലെ യൂനിറ്റില്‍ പ്രവേശിക്കാന്‍ പോവുകയായിരുന്ന 2,500 ലേറെ സി.ആര്‍.പി.എഫ് ജവാന്മാര്‍ 78 വാഹനങ്ങളിലായി ഹൈവേയില്‍ നീങ്ങുമ്പോഴാണ് അവന്തിപോറയില്‍ പതിയിരുന്ന ഭീകരരുടെ കാര്‍ ഇടിച്ചുകയറ്റിയത്.