റിയാദ് - സൗദിയിൽ ഇന്ധന ചില്ലറ വ്യാപാര മേഖലയിൽ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്നതിന് സൗദി അറാംകൊയും ഫ്രഞ്ച് എണ്ണ കമ്പനിയായ ടോട്ടലും കരാർ ഒപ്പുവെച്ചു. സൗദി അറാംകോക്കു കീഴിലെ സൗദി അറാംകൊ റീട്ടെയിൽ കമ്പനിയും ടോട്ടലിനു കീഴിലെ ടോട്ടൽ മാർക്കറ്റിംഗ് സർവീസസ് കമ്പനിയും തുല്യഓഹരി പങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന കമ്പനിയാണ് സൗദിയിൽ ഇന്ധന ചില്ലറ വ്യാപാര മേഖലയിൽ പ്രവർത്തിക്കുക. സൗദിയിലെ പെട്രോൾ ബങ്ക് ശൃംഖല വ്യാപിപ്പിക്കുന്നതിന് ആറു വർഷത്തിനുള്ളിൽ 375 കോടി റിയാലിന്റെ നിക്ഷേപം നടത്തുന്നതിന് ഇരു കമ്പനികളും പദ്ധതിയിടുന്നു.
അൽ തസ്ഹീലാത് മാർക്കറ്റിംഗ് കമ്പനിയും സഹ്ൽ ട്രാൻസ്‌പോർട്ടേഷൻ കമ്പനിയുമായും സൗദി അറാംകൊ റീട്ടെയിൽ കമ്പനിയും ടോട്ടൽ മാർക്കറ്റിംഗ് സർവീസസ് കമ്പനിയും മറ്റൊരു കരാറും ഒപ്പുവെച്ചു.
കരാർ പ്രകാരം ഇരു കമ്പനികൾക്കും കീഴിൽ സൗദിയിലുള്ള 270 പെട്രോൾ ബങ്കുകളും ഇന്ധന ടാങ്കറുകളും സൗദി അറാംകൊ റീട്ടെയിൽ കമ്പനിയും ടോട്ടൽ മാർക്കറ്റിംഗ് സർവീസസ് കമ്പനിയും ഏറ്റെടുക്കും. സേവന നിലവാരം ഉയർത്തുന്നതിന് ഈ പെട്രോൾ ബങ്കുകൾ പടിപടിയായി സൗദി അറാംകൊ റീട്ടെയിൽ കമ്പനിയും ടോട്ടൽ മാർക്കറ്റിംഗ് സർവീസസ് കമ്പനിയും ചേർന്ന് നവീകരിക്കും. 2021 ഓടെ സൗദിയിൽ നൂറു കണക്കിന് പെട്രോൾ ബങ്കുകൾ ആരംഭിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് സൗദി അറാംകൊ വൈസ് പ്രസിഡന്റും സൗദി അറാംകൊ റീട്ടെയിൽ കമ്പനി ചെയർമാനുമായ എൻജി. അഹ്മദ് അൽ സുബൈഇ പറഞ്ഞു.