Sorry, you need to enable JavaScript to visit this website.

സൂപ്പർ ചെയ്‌സ്, ഇംഗ്ലണ്ട് ജയിച്ചു

വിജയം പൂർത്തിയാക്കിയ സന്തോഷത്തിൽ റൂട്ടും മോർഗനും

ലണ്ടൻ - ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവുമുയർന്ന റൺ ചെയ്‌സിലൂടെ ആതിഥേയരായ ഇംഗ്ലണ്ട് എട്ടു വിക്കറ്റിന് ബംഗ്ലാദേശിനെ തകർത്തു. ഓപണർ തമീം ഇഖ്ബാലിന്റെ ഉജ്വല സെഞ്ചുറിയിലൂടെ ബംഗ്ലാദേശ് പടുത്തുയർത്തിയ ആറിന് 305 റൺസ് 16 പന്തും എട്ടു വിക്കറ്റും ശേഷിക്കെ ഇംഗ്ലണ്ട് മറികടന്നു. ജോ റൂട്ടും ക്യാപ്റ്റൻ ഓയിൻ മോർഗനും തമ്മിലുള്ള അഭേദ്യമായ മൂന്നാം വിക്കറ്റിലെ 143 റൺസാണ് ഭീമൻ ലക്ഷ്യം മറികടക്കാൻ ഇംഗ്ലണ്ടിനെ സഹായിച്ചത്. ഓപണർ അലക്‌സ് ഹെയ്ൽസ് (86 പന്തിൽ 95) സിക്‌സറിലൂടെ സെഞ്ചുറി തികക്കാനുള്ള ശ്രമത്തിനിടെ പുറത്തായി. 2013 ൽ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്ക നേടിയ മൂന്നിന് 297 റൺസാണ് ഇതുവരെ ചാമ്പ്യൻസ് ട്രോഫിയിലെ ഉയർന്ന റൺ ചെയ്‌സ്. റൂട്ട് ഒരു സിക്‌സറും 11 ബൗണ്ടറിയും സഹിതം പുറത്താവാതെ 133 റൺസെടുത്തപ്പോൾ 61 പന്തിൽ രണ്ട് സിക്‌സറും എട്ട് ബൗണ്ടറിയുമായി മോർഗൻ പുറത്താവാതെ 75 റൺസ് നേടി. റൂട്ടിന്റെ കരിയർ ബെസ്റ്റ് സ്‌കോറാണ് ഇത്. ഹെയ്ൽസ് രണ്ട് സിക്‌സറും 11 ബൗണ്ടറിയും പായിച്ചു. സ്വന്തം ഗ്രൗണ്ടിൽ കളിക്കുന്ന ഓപണർ ജെയ്‌സൻ റോയിയെ (1) മൂന്നാം ഓവറിൽ മശ്‌റഫെ മുർതസ പുറത്താക്കിയിരുന്നു. 24 ലുള്ളപ്പോൾ മോർഗനെ മുർതസയുടെ പന്തിൽ ലോംഗോണിൽനിന്ന് ഓടിയെത്തി തമീം ഇഖ്ബാൽ ഡൈവു ചെയ്ത് പിടിച്ചെങ്കിലും പന്ത് ചെറുതായി നിലത്ത് സ്പർശിച്ചുവോയെന്ന സംശയത്തിൽ ഔട്ട് വിധിച്ചില്ല. ഉദ്ഘാടന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് അയക്കപ്പെട്ട ബംഗ്ലാദേശ് മനോഹരമായാണ് ബാറ്റ് ചെയ്തത്. ഏഴു വർഷത്തിനിടെ ഇംഗ്ലണ്ട് മണ്ണിൽ ആദ്യ ഏകദിനം കളിക്കുന്ന അവർ ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ എട്ടാമത്തെ മികച്ച സ്‌കോർ പടുത്തുയർത്തി. ഓപണർ തമീം ഇഖ്ബാലും (142 പന്തിൽ 128) വിക്കറ്റ്കീപ്പർ ബാറ്റ്‌സ്മാൻ മുശ്ഫിഖുറഹീമുമാണ് (72 പന്തിൽ 79) ബംഗ്ലാദേശ് ബാറ്റിംഗിന് ചുക്കാൻ പിടിച്ചത്. മൂന്നാം വിക്കറ്റിൽ ഇരുവരും 166 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും നാൽപത്തഞ്ചാം ഓവറിൽ തുടർച്ചയായ പന്തുകളിൽ പുറത്തായി. അവസാന കുതിപ്പിൽനിന്ന് ഇത് ബംഗ്ലാദേശിനെ തടഞ്ഞു. 59 റൺസിന് നാലു വിക്കറ്റെടുത്ത ലിയാം പ്ലങ്കറ്റ് ഇംഗ്ലണ്ട് ബൗളിംഗിൽ തിളങ്ങി. 
 

Latest News