പ്രതീക്ഷിച്ച പോലെ തന്നെ റഫാൽ പോർവിമാന ഇടപാടിൽ മോഡി സർക്കാരിന് ആശ്വാസമാവുന്ന കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട് പുറത്തു വന്നു. ഇന്നലെ പാർലമെന്റിന്റെ മേശപ്പുറത്തുവെച്ച റിപ്പോർട്ടിൽ കേന്ദ്ര സർക്കാരിന് ക്ലീൻ ചിറ്റാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ യു.പി.എ സർക്കാരിന്റെ കാലത്ത് ഫ്രഞ്ച് കമ്പനിയായ ദസൂ ഏവിയേഷൻസുമായി ഉണ്ടാക്കിയ കരാറിനേക്കാൾ മെച്ചമാണ് ഇപ്പോഴത്തെ എൻ.ഡി.എ സർക്കാർഉണ്ടാക്കിയതെന്നാണ് റിപ്പോർട്ടിൽ സർക്കാരിന് ഏറ്റവും ആശ്വാസം നൽകുന്ന കാര്യം. വിമാനങ്ങളുടെ അടിസ്ഥാന വിലയിൽ കഴിഞ്ഞ സർക്കാർ ഉണ്ടാക്കിയതിനേക്കാൾ 2.86 ശതമാനം കുറഞ്ഞ വിലക്കാണ് ഇപ്പോഴത്തെ സർക്കാർ കരാർ ഒപ്പിട്ടതെന്നും പറയുന്നു.
സ്വാഭാവികമായും റിപ്പോർട്ട് ഉയർത്തിപ്പിടിച്ച് കോൺഗ്രസിനും അതിന്റെ പ്രസിഡന്റ് രാഹുൽ ഗാന്ധിക്കുമെതിരെ തിരിയുന്നുണ്ട് സർക്കാരും ബി.ജെ.പി നേതാക്കളും. രാഹുലിന്റെ എല്ലാ കള്ളവും പൊളിഞ്ഞു എന്നാണവരുടെ വാദം. കഴിഞ്ഞ ഏതാനും മാസങ്ങളായി രാഹുൽ ഗാന്ധിയാണല്ലോ റഫാൽ വിഷയം നിരന്തരം ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ആരോപണത്തിന്റെ മുൾമുനയിൽ നിർത്തിയത്. പിന്നെ ദി ഹിന്ദു പോലെ കേന്ദ്ര സർക്കാരിന്റെ പിണിയാളുകളല്ലാത്ത ചില മാധ്യമങ്ങളും.
ഓർക്കുക, ഇതേ ഹിന്ദുവാണ് മുമ്പ് രാഹുലിന്റെ അച്ഛനും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയെ അധികാര ഭ്രഷ്ടനാക്കാനിടയാക്കിയ ബൊഫോഴ്‌സ് അഴിമതി കേസ് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. അന്ന് ആ പത്രത്തിലെ റിപ്പോർട്ടുകൾ വേദവാക്യമായിരുന്നു ബി.ജെ.പിക്ക്. പക്ഷേ ഇന്ന് റഫാൽ അഴിമതിക്കഥകൾ റിപ്പോർട്ടു ചെയ്യുന്നതിന്റെ പേരിൽ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ ഇതേ പത്രത്തെ തള്ളിപ്പറയുന്നു. രാജീവ് കാലത്തിനു ശേഷം പലപ്പോഴായി പത്ത് വർഷത്തോളം അധികാരം കയ്യിലുണ്ടായിട്ടും ബൊഫോഴ്‌സ് അഴിമതിയുടെ പേരിൽ ആർക്കെങ്കിലുമെതിരെ നടപടിയെടുക്കാൻ ബി.ജെ.പി സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ലെന്നത് പ്രത്യേകം ഓർക്കണം. ആ ബൊഫോഴ്‌സ് തോക്കുകളാണ് കാർഗിൽ യുദ്ധത്തിൽ പാക് സൈന്യത്തെ തുരത്തൻ ഇന്ത്യ വിജയകരമായി ഉപയോഗിച്ചതെന്നതും വേറെ കാര്യം.
അതവിടെ നിൽക്കട്ടെ, റഫാൽ ഇടപാടുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോർട്ടാണല്ലോ വിഷയം. വാസ്തവത്തിൽ എന്താണ് റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണം. ചുരുക്കി പറയാം. ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കേ രണ്ടാം യു.പി.എ സർക്കാരാണ് റഫാൽ പോർവിമാനങ്ങളുടെ നിർമാതാക്കളായ ദസു ഏവിയേഷൻസുമായും ഫ്രഞ്ച് സർക്കാരുമായും ചർച്ചകൾ ആരംഭിക്കുന്നത്. സുദീർഘമായ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ഒടുവിൽ 126 പോർവിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പിടുന്നു. അതനുസരിച്ച് 18 വിമാനങ്ങൾ ഫ്രാൻസിൽ നിർമിച്ച് ഇന്ത്യക്ക് കൈമാറും. ബാക്കിയുള്ളവ ഫ്രഞ്ച് സാങ്കേതിക വിദ്യയിൽ ദസുവിന്റെ ഗുണമേന്മാ മാനദണ്ഡങ്ങൾ പ്രകാരം ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമായ ബംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിൽ നിർമിക്കും. എന്നാൽ കരാർ പ്രാവർത്തികമാകും മുമ്പ് സർക്കാർ മാറുന്നു. മൻമോഹൻ സിംഗ് പോയി നരേന്ദ്ര മോഡി വരുന്നു. വീണ്ടും ചർച്ച. കരാർ മാറ്റിയെഴുതുന്നു. ഇതനുസരിച്ച് 126 പോർവിമാനങ്ങളെന്നത് 36 ആയി കുറയുന്നു. എല്ലാം ഫ്രാൻസിൽ നിർമിച്ചാവും കൈമാറുക. വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും സ്‌പെയർപാർട്ടുകൾ നിർമിക്കുന്നതിനും കൈമാറുന്നതിനുമായി 30,000 കോടി റിയാലിന്റെ കരാറുമുണ്ട്. ഇതുപക്ഷേ എച്ച്.എ.എല്ലിനല്ല. അതുവരെ ആരും കേട്ടിട്ടില്ലാത്ത റിലയൻസ് ഡിഫൻസ് എന്ന സ്ഥാപനത്തിന്. വ്യവസായി അനിൽ അംബാനി ഇങ്ങനെയൊരു സ്ഥാപനം ആരംഭിക്കുന്നതു തന്നെ ഇന്ത്യ ഫ്രാൻസുമായി റഫാൽ കരാർ ഒപ്പിടുന്നതിന് സമാന്തരമായാണ്.
റഫാൽ ഇടപാടിൽ റിലയൻസ് ഡിഫൻസ് പൊടുന്നനെ വന്നുപെട്ടതെങ്ങനെ? പ്രതിരോധ രംഗത്ത് ഒരു മുൻപരിചയവുമില്ലാത്ത ഇത്തരമൊരു സ്വകാര്യ സ്ഥാപനത്തിന് മുപ്പതിനായിരം കോടി രൂപയുടെ ഭീമൻ കരാർ നൽകുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ? റഷ്യയുടെ സുഖോയ് വിമാനങ്ങളടക്കം നിർമിച്ച പരിചയ സമ്പത്തുള്ള നവരത്‌ന കമ്പനികളുടെ ഗണത്തിൽപെടുന്ന എച്ച്.എ.എല്ലിനെ തഴഞ്ഞ്, അംബാനി കമ്പനിയെ തെരഞ്ഞെടുക്കാൻ സർക്കാരിനെ പ്രേരിപ്പിച്ച ഘടകമെന്ത്? തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഇടപാടിൽ അഴിമതിയുണ്ടെന്ന സംശയത്തിലേക്ക് നയിക്കുന്നത്. ആ മർമത്തിൽ തൊടാതെയാണ് സി.എ.ജി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വാർത്തകളിൽനിന്ന് വ്യക്തമാകുന്നത്. അപ്പോൾ പിന്നെ സർക്കാരിന് ക്ലീൻ ചിറ്റ് കിട്ടിയില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ.
റിപ്പോർട്ട് ഇത്തരത്തിലേ വരികയുള്ളൂവെന്ന് കോൺഗ്രസിനും പ്രതിപക്ഷ കക്ഷികൾക്കും നേരത്തെ തന്നെ അറിയമായിരുന്നു. അതുകൊണ്ടാണ് ചൗക്കീദാർ ഓഡിറ്റർ റിപ്പോർട്ടെന്ന് കഴിഞ്ഞ ദിവസം തന്നെ രാഹുൽ പരിഹസിച്ചതും.
റിപ്പോർട്ട് തയാറാക്കിയ സി.എ.ജി രാജീവ് മഹർഷി രാജസ്ഥാൻ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. റഫാൽ കരാറിന് കേന്ദ്ര സർക്കാർ അനുമതി നൽകുമ്പോൾ അതേക്കുറിച്ച് സൂക്ഷ്മപരിശോധന നടത്തേണ്ട ധനമന്ത്രാലയ സെക്രട്ടറിയായിരുന്നു അദ്ദേഹം. തനിക്കു കൂടി പങ്കാളിത്തമുള്ള കരാറിൽ കുഴപ്പമുണ്ടെന്ന് ആരും പറയില്ലല്ലോ.
ഏതായാലും സുപ്രീം കോടതിക്കു പിന്നാലെ സി.എ.ജിയും സംരക്ഷണം നൽകിയതോടെ റഫാൽ ഇടപാടിൽ ഒരഴിമതിയും നടന്നിട്ടില്ലെന്ന് മോഡിക്കും കേന്ദ്ര സർക്കാരിനും സധൈര്യം പറയാം. അങ്ങനെയുള്ള പ്രചാരണം അവർ ആരംഭിച്ചുകഴിഞ്ഞു. പക്ഷേ അപ്പോഴും സംശയങ്ങൾ ബാക്കിനിൽക്കുകയാണ്. സുപ്രീം കോടതി, റഫാൽ ഇടപാടിൽ അഴിമതി നടന്നതായി പറയുന്നില്ലെന്നതു ശരി തന്നെ. പക്ഷേ കോടതി വാസ്തവത്തിൽ പറഞ്ഞതെന്താണ്? പ്രതിരോധ ഇടപാടുമായി ബന്ധപ്പെട്ട ഈ വിഷയം സുപ്രീം കോടതിയുടെ പരിധിയിൽ വരുന്നതല്ലെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധിയിൽ പറയുന്നത്. വിമാനങ്ങളുടെ വില സംബന്ധിച്ച കാര്യങ്ങൾ സി.എ.ജിയും പാർലമെന്റിന്റെ അക്കൗണ്ട്‌സ് കമ്മിറ്റിയും പരിശോധിച്ചതാണെന്ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലം നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ആ വിധി. പക്ഷേ തന്റെ മുന്നിൽ അങ്ങനെയൊരു രേഖയും വന്നിട്ടില്ലെന്ന് പി.എ.സി ചെയർമാനായ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പറയുന്നു. തുടർന്ന് വിധിയിലെ പരാമർശത്തിൽ തിരുത്ത് വരുത്തണമെന്നും തങ്ങൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പിശക് സംഭവിച്ചിരുന്നുവെന്നും പറഞ്ഞ് സുപ്രീം കോടതിക്ക് വീണ്ടും അപേക്ഷ നൽകേണ്ട ഗതികേടും സർക്കാരിനുണ്ടായി.
സി.എ.ജി റിപ്പോർട്ടിലാവട്ടെ, മുൻ സർക്കാർ ഉറപ്പിച്ചതിനേക്കാൾ കുറഞ്ഞ വിലയ്ക്കാണ് ഈ സർക്കാർ വിമാനങ്ങൾ വാങ്ങുന്നതെന്ന് പറയുന്നുണ്ടെങ്കിലും മുൻ സർക്കാർ നിശ്ചയിച്ച വിലയും, ഇപ്പോഴത്തെ സർക്കാർ നിശ്ചയിച്ച വിലയും എത്രയാണെന്ന് പറയുന്നില്ല. വിമാനത്തിന്റെ വില പുറത്തു പറഞ്ഞാൽ അതിൽ ഘടിപ്പിച്ചിരിക്കുന്ന യുദ്ധോപകരണങ്ങൾ ഏതൊക്കെയാണെന്ന വിവരം പുറത്തു വരുമെന്നും അത് ശത്രുരാജ്യങ്ങൾക്ക് സഹായകമാകുമെന്നുമാണ് സർക്കാരിന്റെ വാദം. അങ്ങനെയെങ്കിൽ നമ്മൾ ഇടയ്ക്കിടെ പരീക്ഷിക്കുന്ന അഗ്നി അടക്കമുള്ള മിസൈലുകളുടെ പ്രഹരശേഷിയെക്കുറിച്ചും ദൂരപരിധിയെക്കുറിച്ചുമെല്ലാം ഔദ്യോഗികമായി തന്നെ പുറത്തു വിടുന്നത് ശത്രുക്കൾക്ക് ഗുണകരമാവില്ലേ, ഒരു സംശയമാണ്.
ഏതായാലും ലോകത്തെ ഏറ്റവും മികച്ച പോർവിമാനങ്ങളുടെ ഗണത്തിൽ പെടുന്നതാണ് ഫ്രാൻസിന്റെ റഫാൽ എന്നത് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. അവയുടെ വരവ് ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് കൂട്ടുമെന്ന കാര്യത്തിലും തർക്കമില്ല. ഇന്ത്യൻ വ്യോമസേനയുടെ പ്രധാന പോർവിമാനങ്ങളായ മിഗ്, സുഖോയ് എന്നിവയുടെ കാലപ്പഴക്കവും ഇടക്കിടെ അവ തകർന്നുവീഴുന്നതും പ്രതിരോധ മേഖലക്ക് വലിയ തലവേദനയായിരുന്നു. അതേത്തുടർന്നാണ് കൂടുതൽ അത്യാധുനിക പോർവിമാനങ്ങൾ വേണമെന്ന് വ്യോമസേന മുൻ യു.പി.എ സർക്കാരിനോട് ആവശ്യപ്പെട്ടതും സർക്കാർ അതിന് അനുമതി നൽകിയതും. വ്യോമസേനയിലെയും പ്രതിരോധ മന്ത്രാലയത്തിലെയും ഉന്നതർ നടത്തിയ ചർച്ചകൾക്കും പരിശോധനകൾക്കും ശേഷമാണ് റഫാൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനിക്കുന്നതും. മുമ്പ് റഷ്യയിൽനിന്ന് പോർവിമാനങ്ങൾ വാങ്ങിയിരുന്നപ്പോഴെന്ന പോലെ കുറച്ചു വിമാനങ്ങൾ അവിടെ നിർമിക്കുകയും ഭൂരിഭാഗവും എച്ച്.എ.എല്ലിൽ നിർമിക്കുകയും ചെയ്യാനായിരുന്നു ധാരണ.
സർക്കാർ മാറിയപ്പോൾ റഫാൽ വിമാനങ്ങൾ വാങ്ങുന്നതിനെതിരെ ആദ്യം വെടിപൊട്ടിച്ചത് ബി.ജെ.പി നേതാവായ സുബ്രഹ്മണ്യം സ്വാമി ആയിരുന്നു. അതുപക്ഷേ മോഡി സർക്കാർ കാര്യമാക്കിയില്ല. തുടക്കത്തിൽ ഇടപാടുമായി സംബന്ധിച്ച എല്ലാ ചർച്ചകളിലും സജീവ പങ്കാളിത്തം വഹിച്ചിരുന്ന എച്ച്.എ.എൽ ഒരു സുപ്രഭാതത്തിൽ അപ്രത്യക്ഷമാവുന്നു, പകരം അംബാനി വരുന്നു. അതെങ്ങനെ സംഭവിച്ചു എന്നിടത്താണ് അഴിമതി കിടക്കുന്നത്. ഈയൊരു കാര്യം തൊടാതെ റിപ്പോർട്ട് തയാറാക്കിയാൽ, അതിനി രാഹുൽ ഗാന്ധിയാണെങ്കിൽ പോലും മോഡിക്ക് ക്ലീൻ ചിറ്റേ ലഭിക്കൂ.