കോഴിക്കോട് - പി.ടി.എ റഹീം എം.എൽ.എ നേതൃത്വം നൽകുന്ന നാഷണൽ സെക്യുലർ കോൺഫ്രൻസും (എൻ.എസ്.സി) ഇന്ത്യൻ നാഷണൽ ലീഗും (ഐ.എൻ.എൽ) തമ്മിലുള്ള ലയന സമ്മേളനം അടുത്തമാസം 30ന് കോഴിക്കോട്ട് നടക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്ത് മതേതരത്വവും ജനാധിപത്യവും പാരസ്പര്യത്തിലൂന്നിയ ജീവിത സംസ്‌കാരവും കടുത്ത വെല്ലുവിളി നേരിടുന്ന ഘട്ടമാണിത്. ഈ സന്ദർഭത്തിൽ ഇടതുചേരിയിലുള്ള മതേതര ശക്തികൾ ഐക്യപ്പെടുകയെന്നത് സുപ്രധാന നടപടിയും ആവശ്യവുമായതിനാലാണ് സെക്യുലർ കോൺഫ്രൻസിന്റെ ഐ.എൻ.എല്ലിലെ ലയനം- എൻ.എസ്.സി ചെയർമാൻ പി.ടി.എ റഹിം എം.എൽ.എയും ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി അബ്ദുൽ വഹാബും കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇതുവരെ ഇടതു മുന്നണിയുമായി സഹകരിച്ചു പ്രവർത്തിച്ച എൻ.എസ്.സി, ഐ.എൻ.എല്ലിൽ ലയിച്ചു മുന്നോട്ടുപോകാൻ തീരുമാനിച്ചപ്പോൾ ആ നീക്കത്തിന് ഐ.എൻ.എൽ അഖിലേന്ത്യ നേതൃത്വം അംഗീകാരം നൽകുകയായിരുന്നു. വ്യക്തിജീവിതത്തിൽ വിശുദ്ധി, പൊതു ജീവിതത്തിൽ ആദർശനിഷ്ഠ എന്ന തത്വാധിഷ്ഠിത നിലപാട് ഉയർത്തിപ്പിടിച്ചു മുന്നോട്ടുപോവുമെന്നും മുസ്‌ലിംലീഗിലെയടക്കം നിരവധി പ്രമുഖർ വരുംനാളുകളിൽ പാർട്ടിയുടെ ഭാഗമാകുമെന്നും അവർ പറഞ്ഞു.
പാർട്ടിയിലേക്കു വരുന്നതു സംബന്ധിച്ചു കാരാട്ട് റസാഖ്, വി. അബ്ദുറഹിമാൻ തുടങ്ങിയ മറ്റു ഇടതു സ്വതന്ത്ര എം.എൽ.എമാരുമായി ചർച്ചകൾ നടന്നിട്ടില്ല. ഇത്തരം നീക്കങ്ങൾക്കുമുമ്പു സ്പീക്കറുടേയും ഇടതുമുന്നണിയുടേയും നിലപാട് ആരായേണ്ടതുണ്ട്. സി.പി.എം പാർലമെന്ററി പാർട്ടിയുടെ ഭാഗമായ താൻ സി.പി.എമ്മുമായി സംസാരിച്ച ശേഷമാണ് ഐ.എൻ.എല്ലിൽ ചേരുന്നതെന്നും പാർട്ടിയുടെ ഭാരവാഹിത്വം ഏറ്റെടുക്കുന്നതു സംബന്ധിച്ചു പിന്നീട് തീരുമാനമെടുക്കുമെന്നും പി.ടി.എ റഹീം പറഞ്ഞു. സി.പി.എമ്മിനും മുസ്‌ലിം സംഘടനകൾക്കുമിടയിലെ പാലമായി ഐ.എൻ.എൽ മാറില്ലെന്നും മുസ്‌ലിം പ്രശ്‌നങ്ങളോട് നേരിട്ട് ഗവൺമെന്റ് സംവദിക്കുന്ന അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ഐ.എൻ. എൽ അഖിലേന്ത്യാ ജന. സെക്രട്ടറി അഹമ്മദ് ദേവർകോവിൽ, സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ, ട്രഷറർ ബി.ഹംസ ഹാജി, സെക്രട്ടറി നാസർ കോയ തങ്ങൾ, എൻ.എസ്.സി ജന. സെക്രട്ടറി ജലീൽ പുനലൂർ, സെക്രട്ടറി ഒ.പി.ഐ കോയ, പി. പോക്കർ എന്നിവരും സംബന്ധിച്ചു.