തിരുവനന്തപുരം- സ്വകാര്യവൽക്കരണത്തിന്റെ മുന്നോടിയായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തെ തകർക്കാൻ ശ്രമമെന്ന സംശയം ബലപ്പെടുന്നു. സർവീസ് റദ്ദാക്കലാണ് പ്രകടമായ നടപടിയായി പുറത്തറിയുന്നത്. നാല് വിമാന കമ്പനികളാണ് ഇതിനോടകം സർവീസ് റദ്ദാക്കുമെന്നറിയിച്ചിട്ടുള്ളത്. സൗദി എയർലൈൻസ്, ഫ്‌ളൈ ദുബായ്, ജെറ്റ് എയർവേസ്, സ്‌പൈസ് ജെറ്റ് എന്നിവയാണ് ഇവ.
ജെറ്റിന്റെ പിന്മാറ്റ കാരണം അവരുടെ തന്നെ സാമ്പത്തിക പ്രതിസന്ധിയാണെങ്കിലും സൗദി എയർലൈൻസിന്റെയും ഫ്‌ളൈ ദുബായിയുടെയും സ്ഥിതി അതല്ല. അവർ കൂടുതൽ യാത്രക്കാരുള്ള കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് ചേക്കേറുകയാണ്. ഒരു വർഷം മുമ്പാണ് സൗദി എയർലൈൻസ് തിരുവനന്തപുരം സർവീസ് തുടങ്ങിയത്. തിരുവനന്തപുരം പനവിളയിൽ വിശാലമായ ഓഫീസും അവർ തുടങ്ങി. ആഴ്ചയിൽ മൂന്ന് ദിവസമായിരുന്നു സൗദി എയർലൈൻസ് സർവീസ്. റിയാദിൽനിന്നും ജിദ്ദയിൽ നിന്നുമായിരുന്നു വിമാനം.
തുടക്കത്തിൽ നല്ല യാത്രക്കാരുണ്ടായിരുന്നെങ്കിലും ക്രമേണ യാത്രക്കാരുടെ എണ്ണം കുറഞ്ഞു. ഫ്‌ളൈ ദുബായിയുടെ അവസ്ഥയും ഇതുതന്നെ. വിമാന കമ്പനികൾ തിരുവനന്തപുരത്തുനിന്ന് പിൻവാങ്ങുന്ന സാഹചര്യത്തിൽ പിടിച്ചുനിൽക്കാനുള്ള ഫലപ്രദ വഴികളൊന്നും ഇതുവരെ ആരും സ്വീകരിച്ചിട്ടില്ല. എല്ലാവരും വരാൻ പോകുന്ന സ്വകാര്യവൽക്കരണം ചൂണ്ടിക്കാണിച്ചാണ് പ്രതിസന്ധിയുടെ കാരണത്തെ നേരിടുന്നത്. യാത്രക്കാർ വർധിച്ചു കൊണ്ടിരിക്കുന്ന എയർപോർട്ടിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണമെന്തെന്ന ചോദ്യത്തിന് എയർപോർട്ട് അതോറിറ്റിക്കും ഉത്തരമില്ല. വിമാന കമ്പനികളുടെ കാര്യങ്ങളിൽ ഇടപെടാനുള്ള പരിമിതിയാണ് അവർ ചൂണ്ടിക്കാണിക്കുന്നത്.
സർവീസ് പുനരാരംഭിക്കണമെന്ന് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ശശി തരൂർ എം.പി അറിയിച്ചത്. പ്രതിസന്ധി ഒഴിവാക്കാൻ ഇടപെടാനുള്ള എയർ ഇന്ത്യയുടെ ഉത്തരവാദിത്തം അവർ മറക്കരുതെന്ന് തരൂർ ഓർമ്മിപ്പിച്ചു. കോഴിക്കോട്, നെടുമ്പാശ്ശേരി, കണ്ണൂർ എയർപോർട്ടുകളും തിരുവനന്തപുരവും തമ്മിലുള്ള ചാർജ് വ്യത്യാസവും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. സ്വകാര്യ വിമാനത്താവളമല്ലാത്തതിനാലുള്ള ഉദാസീനതയും മറ്റൊരു മുഖ്യഘടകമാണ്. സർക്കാർ കാര്യം മുറപോലെ എന്ന സ്ഥിതി. സ്വകാര്യവൽക്കരണത്തിന്റെ വഴിയിലായപ്പോൾ അവഗണന വർധിച്ചു. ഇതിന്റെയെല്ലാം ദോഷഫലം അനുഭവിക്കേണ്ടി വരുന്നത് തിരുവനന്തപുരം വിമാനത്താവളത്തെ ആശ്രയിക്കുന്ന യാത്രക്കാർക്കാണ്. കന്യാകുമാരി ജില്ലക്കാർക്കും ആശ്രയമാണ് തിരുവനന്തപുരം എയർപോർട്ട്.