മദീന - ലൈസൻസില്ലാതെ പ്രാക്ടീസ് ചെയ്ത അറബ് വംശജനായ ഡോക്ടറെ പോലീസുമായി സഹകരിച്ച് മദീന ആരോഗ്യ വകുപ്പ് പിടികൂടി. ഹായിലിലെ ഹെൽത്ത് സെന്ററിൽ ദന്ത ഡോക്ടറായി ജോലി ചെയ്യുന്ന ഭാര്യയുടെ സ്‌പോൺസർഷിപ്പിൽ കഴിയുന്ന വിദേശ ഡോക്ടർ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം ചെയ്താണ് ഉപയോക്താക്കളെ കണ്ടെത്തിയിരുന്നത്.
മദീന നിവാസിയായ സൗദി പൗരന്മാരിൽ ഒരാൾ പിതാവിന്റെ ചികിത്സക്ക് ഫോണിൽ ബന്ധപ്പെട്ട് ഡോക്ടറുടെ സേവനം തേടുകയായിരുന്നു. രോഗിയെ പരിശോധിച്ച ഡോക്ടർ ലാബ് ടെസ്റ്റുകളോ എക്‌സ്‌റെയോ നടത്താതെ മരുന്നുകളും ഇൻജക്ഷനും രോഗിക്ക് നൽകി. എന്നാൽ ചികിത്സാ ഫീസിനെ ചൊല്ലി സൗദി കുടുംബവും ഡോക്ടറും തമ്മിൽ തർക്കം ഉടലെടുത്തു. തുടർന്ന് ഡോക്ടർ ഹായിലിലേക്കു തന്നെ മടങ്ങുകയും ചെയ്തു.
ഇതിനു പിന്നാലെ കുടുംബം ടോൾഫ്രീ നമ്പറിൽ ബന്ധപ്പെട്ട് മദീന ആരോഗ്യ വകുപ്പിന് പരാതി നൽകുകയായിരുന്നു. സൗദി കുടുംബവുമായി സഹകരിച്ച് പ്രത്യേകം കെണിയൊരുക്കി തന്ത്രപൂർവം മദീനയിലേക്ക് വീണ്ടും വിളിച്ചുവരുത്തിയാണ് ഡോക്ടറെ കഴിഞ്ഞ ദിവസം പിടികൂടിയതെന്ന് മദീന ആരോഗ്യ വകുപ്പ് വക്താവ് ഹാതിം സമാൻ പറഞ്ഞു.