Sorry, you need to enable JavaScript to visit this website.

57 ലക്ഷം തീർഥാടകർ  പുണ്യഭൂമിയിലെത്തി

ജിദ്ദ- ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ച ശേഷം വിദേശങ്ങളിൽനിന്ന് 57,12,372 ഉംറ തീർഥാടകർ പുണ്യഭൂമിയിലെത്തിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. മുഹറം ഒന്നിനും റമദാൻ മൂന്നിനുമിടയിലാണ് ഇത്രയും തീർഥാടകർ എത്തിയത്. ഇതിൽ 52,45,704 പേർ ഉംറ നിർവഹിച്ച് സ്വദേശങ്ങളിലേക്ക് തിരിച്ചുപോയി. 
ഉംറ തീർഥാടകർ കൃത്യസമയത്ത് തിരിച്ചുപോകണമെന്ന് ജവാസാത്ത് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ, മേജർ ജനറൽ ഖാലിദ് അൽജുഅയ്ദ് ആവശ്യപ്പെട്ടു. നിശ്ചിത സമയത്ത് സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാതെ അനധികൃതമായി സൗദിയിൽ തങ്ങുന്ന തീർഥാടകർക്ക് അര ലക്ഷം റിയാൽ വരെ പിഴയും ആറു മാസം വരെ തടവും ലഭിക്കും. ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്തും. ഉംറ തീർഥാടകർ വിസാ കാലാവധിക്കു ശേഷം സൗദിയിൽ തങ്ങുന്നത് നിയമ വിരുദ്ധമാണ്. ഇവർക്ക് സൗദിയിൽ ജോലി ചെയ്യുന്നതിനും മക്കക്കും മദീനക്കും ജിദ്ദക്കും പുറത്ത് സഞ്ചരിക്കുന്നതിനും വിലക്കുണ്ട്. വിസാ കാലയളവിൽ മക്കയിലും ജിദ്ദയിലും മദീനയിലും യാത്ര ചെയ്യുന്നതിനു മാത്രമാണ് ഉംറ തീർഥാടകർക്ക് അനുമതിയുള്ളത്. 
അനധികൃതമായി തങ്ങുന്ന ഉംറ തീർഥാടകർക്ക് ജോലിയും അഭയവും യാത്രാ സൗകര്യവും മറ്റു സഹായങ്ങളും ആരും നൽകരുത്. നിയമ ലംഘകരെ സഹായിക്കുന്നവർക്കെതിരെയും ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മേജർ ജനറൽ ഖാലിദ് അൽജുഅയ്ദ് അറിയിച്ചു. 
ഇന്നലെ ജിദ്ദ എയർപോർട്ടിലെ ഹജ് ടെർമിനൽ സന്ദർശിച്ച ജവാസാത്ത് അസിസ്റ്റന്റ് ഡയറക്ടർ ജനറലിനെ മക്ക പ്രവിശ്യ ജവാസാത്ത് മേധാവി മേജർ ജനറൽ അബ്ദുറഹ്മാൻ അൽഹർബി, ജിദ്ദ എയർപോർട്ട് ജവാസാത്ത് മേധാവി കേണൽ സുലൈമാൻ അൽയൂസുഫ് എന്നിവർ സ്വീകരിച്ചു. തീർഥാടകർക്ക് ഏറ്റവും മികച്ച സേവനം നൽകുന്നതിന് കഠിനാധ്വാനം ചെയ്യണമെന്ന് ജവാസാത്ത് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിയിൽ അദ്ദേഹം ആവശ്യപ്പെട്ടു.
 

Latest News