മക്ക- വിദേശ ഉംറ തീര്‍ഥാടകര്‍ക്കിടയില്‍ ഇതുവരെ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മക്ക പ്രവിശ്യ ആരോഗ്യ വകുപ്പ് മേധാവി ഡോ.വാഇല്‍ ബിന്‍ ഹംസ മുതൈര്‍ പറഞ്ഞു. മക്ക പ്രവിശ്യ നിവാസികള്‍ക്കിടയിലും ഈ വര്‍ഷം ഇതുവരെ കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സര്‍ക്കാര്‍ ആശുപത്രികളുടെ സ്വകാര്യവല്‍ക്കരണ പദ്ധതി പുരോഗമിക്കുകയാണ്. ഇതിന്റെ ആദ്യ പടിയായി സര്‍ക്കാര്‍ ആശുപത്രികളെ ഉള്‍പ്പെടുത്തി ഗ്രൂപ്പുകള്‍ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ആദ്യമായി സ്ഥാപിച്ച ഗ്രൂപ്പില്‍ മക്കയിലെ ഏതാനും ആശുപത്രികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ പരിവര്‍ത്തന പദ്ധതി-2020 ന്റെ അവസാനമാകുമ്പോഴേക്ക് മക്കയിലെ മുഴുവന്‍ ആശുപത്രികളെയും ഹെല്‍ത്ത് സെന്ററുകളെയും ആദ്യ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തും.
മക്കയിലെ ആശുപത്രികളിലെ തിരക്ക് കുറക്കുന്നതിന് പുണ്യസ്ഥലങ്ങളിലെ ആശുപത്രികള്‍ സ്വകാര്യ നിക്ഷേപകരുടെ പങ്കാളിത്തത്തോടെ പ്രവര്‍ത്തിപ്പിക്കുന്നതിനെ കുറിച്ച് ആരോഗ്യ മന്ത്രാലയം പഠിക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് രൂപീകരിക്കുന്നത് ആശുപത്രികളിലെ നിയമനങ്ങളുമായും ആശുപത്രികള്‍ പ്രവര്‍ത്തിപ്പിക്കുന്നതുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ സഹായകമാകും.
സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ ജീവനക്കാരുടെ കുറവ് നികത്തുന്നതിന് ആരോഗ്യ കോഴ്‌സുകള്‍ പഠിച്ചിറങ്ങിയ സൗദി യുവതീ യുവാക്കളെ നിയമിക്കും. വിസിറ്റിംഗ് ഡോക്ടര്‍ പ്രോഗ്രാം മക്ക ആരോഗ്യ വകുപ്പ് നടപ്പാക്കുന്നുണ്ട്. കടുത്ത തിരക്ക് അനുഭവപ്പെടുന്ന വിശുദ്ധ റമദാനിലും ഹജ് സീസണിലും മാത്രമാണ് വിസിറ്റിംഗ് ഡോക്ടര്‍ പ്രോഗ്രാം നടപ്പാക്കുന്നത്. സീസണുകളിലെ കടുത്ത തിരക്ക് നേരിടുന്നതിന് ചില സന്നദ്ധ സംഘടനകളും ആരോഗ്യ വകുപ്പുമായി സഹകരിക്കുന്നുണ്ടെന്ന് ഡോ.വാഇല്‍ ബിന്‍ ഹംസ മുതൈര്‍ പറഞ്ഞു.