കല്‍പറ്റ-നഗരത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ സിന്ദൂര്‍ ടെക്‌സ്‌റ്റൈല്‍സില്‍ വന്‍ തീപ്പിടിത്തം. ഇന്നലെ രാത്രി ഏഴരയോടെയാണ് അഞ്ചുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയില്‍ തീപ്പിടിത്തമുണ്ടായത്. ജീവനക്കാരെയും വസ്ത്രം വാങ്ങാനെത്തിയവരെയും അപ്പോള്‍ത്തന്നെ ഒഴിപ്പിച്ചതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഗോഡൗണായി ഉപയോഗിച്ചുവരുന്നതാണ് തീ പടര്‍ന്ന അഞ്ചാംനില. അഗ്നിബാധയില്‍ കോടിക്കണക്കിനു രൂപയാണ് നഷ്ടം. രാത്രി പത്തോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
താമരശേരിയില്‍നിന്നു എത്തിയതടക്കം അഗ്നി-രക്ഷാസേനയുടെ ആറു യൂണിറ്റും പോലീസും നാട്ടുകാരും തുര്‍ക്കി ജീവന്‍രക്ഷാ സമിതി അംഗങ്ങളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കല്‍പറ്റ സ്വദേശി പ്രകാശന്റെ മുഖ്യ ഉടമസ്ഥതയിലുള്ളതാണ് ആനപ്പാലത്തിനു സമീപം ദേശീയപാതയോടു ചേര്‍ന്നുള്ള സിന്ദൂര്‍ ടെക്സ്റ്റയില്‍സ്. തൊട്ടടുത്തു കാവുങ്കല്‍ ടെക്‌സ്‌റ്റൈല്‍സ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു മുകളിലേക്ക് തീഗോളങ്ങള്‍ വീണു. ഈ കെട്ടിടത്തിന് തീപ്പിടിക്കാതിരിക്കാന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഫോഴ്‌സ് നടത്തിയ ശ്രമം ഫലം കണ്ടു. പിന്നീട് നാലാം നിലയിലേക്ക് വെള്ളം പമ്പ് ചെയ്താണ് തീ വ്യാപിക്കുന്നതു തടഞ്ഞത്. നാലാം നിലയില്‍ കുടുങ്ങിയ ഉടമകൡ ഒരാളായ ശശിയെ അഗ്നി-രക്ഷാസേന രക്ഷപ്പെടുത്തി.
550 ഓളം ജീവനക്കാരുള്ള സ്ഥാപനത്തില്‍നിന്ന് പകുതിയോളം പേര്‍ ജോലി കഴിഞ്ഞ് ഇറങ്ങിയ ഉടനെയാണ് തീപ്പിടിത്തം ഉണ്ടായത്.