മലപ്പുറം-ഏത് സ്ഥാനാർഥിക്ക് ലഭിക്കുമെന്ന് മുൻകൂട്ടി ഗണിക്കാനാകാത്ത സമുദായ വോട്ടുകളിൽ കണ്ണുംനട്ട് ഇരുമുന്നണികളും. മുസ്‌ലിം വോട്ടുകൾ ഏറെയുള്ള മലബാറിൽ വ്യത്യസ്ത മുസ്‌ലിം വിഭാഗങ്ങളുടെ വോട്ടുകൾ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ജയപാജയങ്ങളിൽ നിർണായമാകും. ഇരുവിഭാഗം സുന്നികൾ, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി എന്നിവരുടെ നിർണായക സ്വാധീനം മുന്നണികളെ ആശങ്കപ്പെടുത്തുന്നതാണ്.
മുസ്‌ലിം ലീഗിലൂടെ യു.ഡി.എഫ് ഇ.കെ വിഭാഗം സുന്നി വോട്ടുകൾ ഉറപ്പാക്കുന്നുണ്ടെങ്കിലും എ.പി വിഭാഗത്തിന്റെ പിന്തുണ ആർക്കെന്ന് ഇനിയും വ്യക്തമല്ല. മുജാഹിദ് വിഭാഗത്തിന്റെ പിന്തുണയെ കുറിച്ചും വ്യക്തത ലഭിച്ചിട്ടില്ല. വെൽഫെയർ പാർട്ടി ഇത്തവണ മൽസരിക്കുന്നില്ലെങ്കിലും ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ടുകൾ എങ്ങോട്ട് മറിയുമെന്നതും സുപ്രധാനമാണ്.
മലബാറിൽ എ.പി വിഭാഗം സുന്നി വോട്ടുകൾ എല്ലാ തെരഞ്ഞെടുപ്പുകാലത്തും പ്രധാന ചർച്ചാ വിഷയമാണ്. മുസ്‌ലിം ലീഗ് ഇ.കെ വിഭാഗത്തോടൊപ്പമായതിനാൽ എ.പി വിഭാഗം എന്നും ലീഗ് വിരുദ്ധ ചേരിയിലാണ്. എന്നാൽ കോൺഗ്രസിനോട് എന്നും അവർക്ക് അനുഭാവ നിലപാടാണുള്ളത്. മുജാഹിദ് വോട്ടുകളിൽ വലിയൊരു വിഭാഗം മുസ്‌ലിം ലീഗ് പ്രതീക്ഷിക്കുന്നുണ്ട്.
എ.പി വിഭാഗത്തിന്റെ വോട്ടുകൾ സ്വന്തമാക്കാൻ കുറച്ചുകാലമായി ഇടതുമുന്നണി ആസൂത്രിത നീക്കങ്ങൾ നടത്തി വരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മലപ്പുറം ഉൾപ്പെടെയുള്ള മുസ്‌ലിം ഭൂരിപക്ഷ ജില്ലകളിൽ ഇടതു സ്ഥാനാർഥികളുടെ വിജയത്തിൽ എ.പി വിഭാഗത്തിന്റെ രഹസ്യ പിന്തുണ മുന്നണിയെ ഏറെ സഹായിച്ചിട്ടുണ്ട്. 2004 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ചരിത്രത്തിൽ ആദ്യമായി ഇടതുമുന്നണി വിജയിച്ചപ്പോൾ ആ വിജയത്തിന് പിന്നിൽ എ.പി വിഭാഗത്തിന്റെ വ്യക്തമായ രാഷ്ട്രീയമുണ്ടായിരുന്നെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
മലബാർ മേഖലയിൽ ഇടതുമുന്നണിയും മുസ്‌ലിം സമുദായ നേതാക്കളും തമ്മിലുള്ള പാലമായി ഇപ്പോൾ പ്രവർത്തിക്കുന്നത് മന്ത്രി കെ.ടി. ജലീലാണ്. സമുദായ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ജലീലിന് ഇത്തവണയും വ്യത്യസ്ത മുസ്‌ലിം വിഭാഗങ്ങളുടെ വോട്ട് ഇടതുപക്ഷത്തിന് അനുകൂലമാക്കി മാറ്റാനാകുമെന്നാണ് സി.പി.എം.പ്രതീക്ഷിക്കുന്നത്.
രാഷ്ട്രീയ നിലപാടുകൾ ഒരു കാലത്തും എ.പി വിഭാഗം നേതാക്കൾ തുറന്നു പറയാറില്ല. ഇങ്ങോട്ടു സഹായിക്കുന്നവരെ തിരിച്ചു സഹായിക്കുകയെന്നതാണ് നിലപാടായി പല തെരഞ്ഞെടുപ്പുകളിലും കാന്തപുരം എ.പി.അബൂബക്കർ മുസ്‌ല്യാർ പ്രഖ്യാപിച്ച് പോരുന്നത്.
ഇത്തവണ കടുത്ത മൽസരത്തിന് സാധ്യത ഉയരുന്ന പൊന്നാനി മണ്ഡലത്തിൽ മുസ്‌ലിം സാമുദായിക വോട്ടുകൾ ജയപരാജയങ്ങളിൽ നിർണായക ഘടകമാകും.
ലീഗ് വിരുദ്ധതയുടെ പേരിൽ എ.പി വിഭാഗം ഇടതുമുന്നണിയെ പിന്തുണക്കാൻ തയാറായാൽ പൊന്നാനിയിൽ അട്ടിമറി തന്നെ നടന്നേക്കാം. കോഴിക്കോട്, കാസർകോട്, കണ്ണൂർ, വടകര മണ്ഡലങ്ങളിലും ഇത്തവണ സാമുദായിക വോട്ടുകൾ നിർണായകമാകും.
മുസ്‌ലിം ലീഗ് ഇത്തവണ യു.ഡി.എഫിൽ മൂന്നാം സീറ്റ് ചോദിച്ചത് ഇ.കെ വിഭാഗം സമസ്തയുടെ സമ്മർദത്തെ തുടർന്നാണെന്ന വാർത്തകൾ മുസ്‌ലിം സമുദായ സംഘടനകൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. മുസ്‌ലിം ലീഗ് മൂന്നാം സീറ്റ് നേടിയെടുത്താൽ അത് സമസ്തയുടെ സമ്മർദം കൊണ്ടാണെന്ന് ചിത്രീകരിക്കപ്പെടും. മറ്റു സമുദായ വിഭാഗങ്ങളുടെ പിന്തുണ നഷ്ടപ്പെടാൻ പോലും അത് ഇടയാക്കുമെന്ന് മുസ്‌ലിം ലീഗിന് ആശങ്കകളുണ്ട്.