ഏതു ഭരണകൂടവും തങ്ങളുടെ നിയന്ത്രണത്തിലുള്ള സംവിധാനങ്ങളെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കാറുണ്ട്. ജനാധിപത്യസംവിധാനത്തിനു അനുഗുണമല്ല ഈ സമീപനമെന്നതിൽ സംശയമില്ല. എന്നാൽ അക്കാര്യത്തിൽ ആരും പിറകിലല്ല എന്നതാണ് വസ്തുത. രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജൻസിയായ സി.ബി.ഐ പോലും ഈ ആരോപണത്തിൽനിന്ന് വിമുക്തമല്ല. കേന്ദ്രസർക്കാരിന്റെ ചട്ടുകമായി സി.ബി.ഐ പലപ്പോഴും മാറിയിട്ടുണ്ട്. അതിനാൽ തന്നെ തെരഞ്ഞെടുപ്പ് ആസന്നമായ വേളയിൽ പശ്ചിമബംഗാളിലും കേരളത്തിലും സി.ബി.ഐ നടത്തിയിരിക്കുന്ന ഇടപെടലുകളെ ആ രീതിയിൽ കാണുന്നവരെ കുറ്റം പറയാനാകില്ല.
അതേസമയം കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകങ്ങളിൽ ഒന്നായ അരിയിൽ ഷുക്കൂറിന്റെ വധത്തിനു പിറകിലുള്ളവരെ വെളിച്ചത്തുകൊണ്ടുവരികയും ശിക്ഷിക്കുകയും വേണമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. കക്ഷിരാഷ്ട്രീയ കൊലകൾ കണ്ണൂരിൽ പുത്തരിയല്ല. എന്നാൽ ഷുക്കൂർ വധത്തെ വ്യത്യസ്തമാക്കുന്നത് അതു നടപ്പാക്കിയ രീതി തന്നെ. വധശിക്ഷക്കെതിരെ നിലപാടെടുത്തിരിക്കുന്ന സി.പി.എമ്മിന്റെ നേതൃത്വത്തിൽ പട്ടാപ്പകൽ നടന്ന പരസ്യമായ വിചാരണക്കുശേഷം വിധി പ്രസ്താവിച്ച് പരസ്യമായി നടപ്പാക്കിയ ഒന്നായിരുന്നു അത്.
മൊബൈൽ ഫോണിൽ ഷുക്കൂറിന്റെയും കൂട്ടുകാരുടെയും ചിത്രങ്ങളെടുത്ത് ഉറപ്പുവരുത്താൻ പലർക്കായി കൈമാറിയ ശേഷമായിരുന്നു വിധി നടപ്പാക്കിയത്. ഈ സമയം വയൽവരമ്പിൽ സ്ത്രീകളടക്കമുള്ള ഇരുനൂറോളം പേർ കാഴ്ചക്കാരായിരുന്നു. കേരളം അന്നോളം കാണാത്ത ഒന്ന്. ഇതിനിടയിൽ മൂന്നു മണിക്കൂറോളം കടന്നുപോയെങ്കിലും ഷുക്കൂറിനെ രക്ഷിക്കാനായില്ല, പോയവർഷം അരുംകൊലക്കിരയായ മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ പ്രായമായിരുന്നു കൊല്ലപ്പെടുമ്പോൾ ഷുക്കൂറിനും.
തലശ്ശേരി കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഗൂഢാലോചനയിൽ പി. ജയരാജനും രാജേഷിനും വ്യക്തമായ പങ്കുണ്ടെന്ന് പറയുന്നത്. സി.പി.എം. നേതാക്കളായ പി. ജയരാജനും ടി. വി. രാജേഷുമടക്കമുള്ളവർ സഞ്ചരിച്ച വാഹനത്തിനുനേരേ തളിപ്പറമ്പിനു സമീപം പട്ടുവത്ത് കല്ലേറുണ്ടായതിനു പ്രതികാരമായിരുന്നു കൊലപാതകം. ചെറുകുന്ന് കീഴറയിലെ വയലിലാണു ഷുക്കൂറിനെ ബന്ദിയാക്കി കൊലപ്പെടുത്തിയത്. വാഹനം ആക്രമിക്കപ്പെട്ടശേഷം ജയരാജനും രാജേഷും പ്രവേശിപ്പിക്കപ്പെട്ട തളിപ്പറമ്പ് സഹകരണ ആശുപത്രിയിലാണു കൊലപാതകത്തിന്റെ ആസൂത്രണം നടന്നതെന്നു കുറ്റപത്രത്തിൽ പറയുന്നു. ഇക്കാര്യം ജയരാജനും രാജേഷിനും അറിയാമായിരുന്നു. കൊലപാതക നീക്കം അറിഞ്ഞിട്ടും തടയാൻ ശ്രമിച്ചില്ലെന്ന വകുപ്പ് മാത്രമാണു നേരത്തേ ഇരുവർക്കുമെതിരേ പോലീസ് ചുമത്തിയിരുന്നത്. അതുമാറ്റി ഇപ്പോൾ കൊലപാതകത്തിൽ ഇരുവർക്കും പങ്കുണ്ടെന്നു തന്നെയാണ് പറയുന്നത്. ഏറെ വിവാദമായ കതിരൂർ മനോജ് വധക്കേസിലും ജയരാജൻ പ്രതിയാണ്.
കക്ഷിരാഷ്ട്രീയ കൊലകളിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് കേരളം. കേരളത്തിൽ കണ്ണൂരും. നൂറുകണക്കിനു പേർ ഇതിനകം കുടിപ്പക രാ്രഷ്ടീയത്തിന്റെ കൊലക്കത്തിക്കിരയായിരിക്കുന്നു. ഭൂരിഭാഗവും പാവപ്പെട്ടവരും പിന്നോക്കക്കാരും. കൊല്ലപ്പെട്ടവരിലും കൊന്നവരിലും മഹാഭൂരിപക്ഷവും സി.പി. എം, ബി.ജെ.പിക്കാർ. അതേസമയം അപൂർവ്വമായി ഈ പട്ടികയിൽ കോൺഗ്രസുകാരും ലീഗുകാരും എസ്.ഡി.പി.ഐക്കാരും മറ്റുമുണ്ട്.
അപൂർവമായി മാത്രം നേതാക്കൾക്കെതിരേയും കണ്ണൂരിൽ ആക്രമണം നടക്കാറുണ്ട്.
പി. ജയരാജനെ ഒരിക്കൽ ഭീകരമായി ആക്രമിച്ച് മരിച്ചെന്നു കരുതി ഉപേക്ഷിച്ചിരുന്നു. എന്നാൽ ജയരാജൻ രക്ഷപ്പെട്ടു എന്നു മാത്രമല്ല, ആ സംഭവത്തിൽ ഉൾപ്പെട്ട ആർ. എസ്. എസുകാരെ ഒന്നൊന്നായി വകവരുത്തി. ഇ. പി ജയാരാജന് ഒരിക്കൽ വെടിയേറ്റതായും ഇല്ല എന്നും പറയപ്പെടുന്നു. മറുവശത്ത് യുവമോർച്ച നേതാവ് ജയകൃഷ്ണൻ മാസ്റ്ററെ സ്‌കൂളിൽ കയറി കുട്ടികളുടെ മുന്നിൽ വെച്ച് വെട്ടിക്കൊന്ന സംഭവം ഏവരേയും ഞെട്ടിച്ചു. എസ്. എഫ്. ഐ നേതാവ് സുധീഷിനെ ആർ. എസ്. എസുകാർ കൊന്നത് മാതാപിതാക്കളുടെ മുന്നിൽ വെച്ച്. സി.പി.എമ്മിൽനിന്ന് എൻ.ഡി.എഫിലേക്കുപോയ ഫസലിന്റെ വധക്കേസിലെ പ്രതികൾ സി.പി.എമ്മോ ആർ.എസ്.എസോ എന്ന വിഷയത്തിൽ തർക്കം തുടരുകയാണ്. യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കഴിഞ്ഞ വർഷം ഈ സമയത്ത് കൊന്നുകളഞ്ഞത് കാര്യമായ ഒരു കാരണവുമില്ലാതെ. കണ്ണൂരിനു തൊട്ടുകിടക്കുന്ന വടകരയിൽ ടി.പി. ചന്ദ്രശേഖരനെ കൊന്നത് വേറെ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചതിന്.
ഒരു ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട് കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിലിരിക്കുന്ന രണ്ടുപാർട്ടികളാണ് പ്രധാനമായും പരസ്പരം കൊന്നൊടുക്കുന്നത് എന്നതാണ് ഏറ്റവും വലിയ വൈരുധ്യം. രണ്ടു കൂട്ടർക്കുമുള്ള ന്യായീകരണം തങ്ങൾ പ്രതിരോധിക്കുകയാണെന്നാണ്. ആക്രമിക്കാൻ വരുമ്പോൾ സ്വയംരക്ഷയ്ക്കായുള്ള പ്രതിരോധമാണോ നടക്കുന്നത്? അല്ല. കൃത്യമായി പ്ലാൻ ചെയ്ത് കൊന്നൊടുക്കുകയാണ്. ഇത്തരത്തിൽ പ്രതിരോധിക്കാൻ ജനാധിപത്യത്തിൽ ഏതെങ്കിലും പാർട്ടിക്ക് അവകാശമുണ്ടോ? കുറ്റവാളികളെ പിടികൂടി ശിക്ഷിക്കാൻ പോലീസും കോടതിയുമടക്കമുള്ള സംവിധാനം പിന്നെന്തിനാണ്? മാത്രമല്ല, ഇത്തരത്തിൽ കൊലപാതകങ്ങളിലൂടെ ഏതെങ്കിലും പ്രസ്ഥാനത്തെ തകർക്കാൻ പറ്റിയതായി ലോകചരിത്രത്തിൽ കാണുമോ? സത്യത്തിൽ പരസ്പരം വളർത്തുകയാണ് ഇരുകൂട്ടരും ചെയ്യുന്നത്. ഒന്നുകിൽ ഞങ്ങൾ, അല്ലെങ്കിൽ അവർ എന്ന മട്ടിൽ സമൂഹത്തിൽ ധ്രുവീകരണമുണ്ടാക്കാനുള്ള ആസൂത്രിത നീക്കമാണോ നടക്കുന്നതെന്നുപോലും സംശയിക്കേണ്ട സാഹചര്യമാണ് ഉരുത്തിരിയുന്നത്. ഇതു തിരിച്ചറിഞ്ഞ് പ്രതികരിക്കാനാണ് ജനാധിപത്യശക്തികൾ ശ്രമിക്കേണ്ടത്. കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടണമെന്നതു മാത്രമാണ് ഇവിടെ ശരിയായിട്ടുള്ളത്.