ദേവികുളം സബ്കലക്ടർ ഡോ. രേണു രാജുമായി ബന്ധപ്പെട്ട വിഷയം പ്രതിപക്ഷ നേതാവിന്റെ ഉപക്ഷേപമായി സഭയിലെത്തേണ്ടതായിരുന്നു. ഷുക്കൂർ വധ പ്രതിഷേധത്തിൽ സഭ മുങ്ങിപ്പോയതിനാൽ ആ ഉപക്ഷേപം സഭയിലെത്തിയില്ല. രണ്ടു വിഷയങ്ങളിലും വി.എസ്. അച്യുതാനന്ദൻ സി.പി.എമ്മിനും ഭരണ സംവിധാനത്തിനൊപ്പമില്ല. തെരഞ്ഞെടുപ്പിലേക്ക് കടക്കവെ പതിവ് പോലെ വി.എസിനും പാർട്ടിക്കും രണ്ട് വഴി. പാർട്ടിയുടെ മുറിവിലേക്ക് അവസരം നോക്കി മുതിർന്ന നേതാവിന്റെ വക എതിർപ്പിന്റെ മുളക് പ്രയോഗം.
വധഗൂഢാലോചനക്കേസിൽ സി.ബി.ഐയുടെ പ്രതിപ്പട്ടികയിലുള്ള എം.എൽ.എ ടി.വി. രാജേഷ് ഭാവവ്യത്യാസമൊന്നുമില്ലാതെ ചോദ്യോത്തരവേളയിൽ തന്നെ സഭയിലെത്തിയിരുന്നു. 'സി.ബി.ഐ പ്രതിചേർത്ത ടി.വി. രാജേഷ് സഭയിലിരിക്കുമ്പോൾ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച നടപടി ദൗർഭാഗ്യകരമാണ്. സഭയിലെ ഒരു എം.എൽ.എക്കെതിരേയാണ് വധക്കേസിൽ ഗൂഢാലോചനാക്കുറ്റം ചുമത്തിയിരിക്കുന്നത്. എന്തുമാത്രം ഗുരുതരമാണ് സ്ഥിതിവിശേഷം. ഇത്തരം വിഷയങ്ങൾ ഉന്നയിക്കാൻ അനുവദിച്ചില്ലെങ്കിൽ ഞങ്ങൾ എന്തിനാണ് സഭയിൽ വരുന്നത് സർ'? ശാന്തമായി നീങ്ങിയ ചോദ്യോത്തരവേളക്ക് ശേഷം ശൂന്യവേളയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യം.
പഴയ സംഭവമാണ് (2012 ഫെബ്രുവരി 20). സർക്കാരുമായി വിഷയത്തിന് ബന്ധമൊന്നുമില്ല. അതുകൊണ്ട് അടിയന്തര പ്രമേയമില്ല. ആദ്യ സബ്മിഷനായി അനുവദിക്കാം. വർഷങ്ങൾക്ക് മുമ്പുള്ള സംഭവത്തിൽ ഇപ്പോൾ അടിയന്തരപ്രമേയ ചർച്ചയുടെ ആവശ്യമില്ല. അടിയന്തരപ്രമേയ നോട്ടീസിൽ കേസിന് സർക്കാരുമായുള്ള ബന്ധം പറയുന്നില്ല. പല നീതിപീഠങ്ങൾക്ക് മുന്നിലും കുറ്റപത്രങ്ങളുണ്ട്. അതിന്റെ പേരിൽ അടിയന്തരപ്രമേയം കൊണ്ടുവരികയോ പരിഗണിക്കുകയോ ചെയ്യുന്ന കീഴ്‌വഴക്കമില്ല- സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉറച്ച നിലപാടെടുത്തു. അങ്ങനെയൊന്നും പറയുന്നതിനർഥമില്ല. പല ഘട്ടങ്ങളിൽ ഇതുപോലുള്ള വിഷയങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. 2008 ൽ കണ്ണൂരിലെ കൊലപാതകം, സൂര്യനെല്ലി കേസ് നിരവധി വട്ടം. പാമൊയിൽ കേസ് - പ്രതിപക്ഷത്തിന് എടുത്തു നിരത്താൻ നിയമസഭാ ചരിത്രത്തിന്റെ ഏടുകൾ അനവധി.'ഷുക്കൂർ വധക്കേസിൽ ടി. വി. രാജേഷ് എം. എൽ.എയും പി. ജയരാജനും പ്രതികളായിരിക്കുന്നു. 33,32 നമ്പർ പ്രതികളാണവർ. ഇക്കാര്യം സഭയിൽ ചർച്ച ചെയ്യൽ നിർബന്ധം. ഈ ആവശ്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. വിഷയം ചർച്ച ചെയ്യാൻ സ്പീക്കർ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ചാണ് സഭാനടപടികൾ തടസ്സപ്പെടുത്തേണ്ടിവരുന്നത്. സ്പീക്കറുടെ നടപടിയിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നു' ചെന്നിത്തല നിലപാടിലുറച്ചുതന്നെ നിന്നു.
സമീപകാലത്തൊന്നും വധക്കേസിലെ കുറ്റപത്രത്തിൽ എം.എൽ.എയുടെ പേരുവന്നിട്ടില്ലെന്ന കാര്യവും പ്രതിപക്ഷം അവരുടെ വാദത്തിന് ന്യായം നിരത്തി. എം.എൽ.എയെ ക്രിമിനൽ കേസിൽ അറസ്റ്റ് ചെയ്യാൻ സ്പീക്കറുടെ അനുമതിയൊന്നും ആവശ്യമില്ല. അരിയിൽ ഷുക്കൂറിന്റേത് ആൾക്കൂട്ട കൊലപാതകമാണ്. എങ്ങനെയാണ് ഒരാളെ ഇങ്ങനെ കൊലപ്പെടുത്താനാകുന്നത്. ആൾക്കൂട്ട കൊലപാതകം സി.പി.എം നടത്തിയാലും ബി.ജെ.പി നടത്തിയാലും എതിർക്കപ്പെടേണ്ടതാണ് - ഭരണ ബെഞ്ച് പ്രതിഷേധത്തിൽ തിളയ്ക്കവേ പ്രതിപക്ഷ നേതാവിന്റെ രൂക്ഷമായ പരാമർശം. പഴയ കേസാണ് എന്ന വാദമെടുത്തിട്ട് പ്രതിപക്ഷ പ്രതിഷേധത്തെ ഭരണബെഞ്ച് നേരിട്ടപ്പോൾ പ്രതിഷേധം വീണ്ടും കനത്തു. പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലേക്ക്. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെയുള്ള പതിവ് മുദ്രാവാക്യം അകമ്പടി-കൊലയാളി പാർട്ടി മുർദ്ദാബാദ്. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട കേരള സഹകരണ സംഘം ഭേദഗതി ബില്ലിന്റെ കോപ്പി പ്രതിപക്ഷ അംഗങ്ങൾ കീറിയെറിഞ്ഞു. പിന്നെ പുറത്ത് നിയമസഭ കവാടത്തിലേക്ക്.
സഭാനടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്ന തിരക്കിലായിരുന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. പതിനാലാം നിയമ സഭയുടെ പതിനാലാം സമ്മേളനം നടപടികൾ പൂർത്തിയാക്കി അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.അപ്പോഴും സഭക്ക് പുറത്ത് കവാടത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ കുത്തിയിരിപ്പ് തുടരുകയായിരുന്നു. സഭ പിരിഞ്ഞതോടെ അവരുടെ സമരവും അവസാനിപ്പിച്ചു. കോൺഗ്രസിലെ വി.പി. സജീന്ദ്രൻ മുൻനിരയിലിരുന്ന് എഴുതിക്കൊണ്ടിരുന്നത് മുദ്രാവാക്യമായിരുന്നുവെന്ന് ആൾ തന്നെ അത് വിളിച്ചു കൊടുത്തപ്പോഴാണ് മനസ്സിലായത്. താളത്തിലുള്ള മുദ്രാവാക്യത്തിലെ ഒരു ഭാഗം ഇങ്ങനെയായിരുന്നു- ബില്ലും വേണ്ടൊരു പുല്ലും വേണ്ട.
ദേവികുളം സബ്കലക്ടർ ഡോ. രേണു രാജുമായി ബന്ധപ്പെട്ട വിഷയം പ്രതിപക്ഷ നേതാവിന്റെ ഉപക്ഷേപമായി സഭയിലെത്തേണ്ടതായിരുന്നു. ഷുക്കൂർ വധ പ്രതിഷേധത്തിൽ സഭ മുങ്ങിപ്പോയതിനാൽ ആ ഉപക്ഷേപം സഭയിലെത്തിയില്ല. രണ്ടു വിഷയങ്ങളിലും വി.എസ്. അച്യുതാനന്ദൻ സി.പി.എമ്മിനും ഭരണ സംവിധാനത്തിനൊപ്പമില്ല. തെരഞ്ഞെടുപ്പിലേക്ക് കടക്കവെ പതിവ് പോലെ വി.എസിനും പാർട്ടിക്കും രണ്ട് വഴി. പാർട്ടിയുടെ മുറിവിലേക്ക് അവസരം നോക്കി മുതിർന്ന നേതാവിന്റെ വക എതിർപ്പിന്റെ മുളക് പ്രയോഗം.