അബുദാബി- ലോക കേരളസഭയുടെ മിഡില്‍ ഈസ്റ്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.ഇയിലെത്തി.നാലു ദിവസം നീളുന്ന സന്ദര്‍ശനത്തിനെത്തിയ പിണറായി വിജയനെ പ്രശസ്ത വ്യവസായിയും നോര്‍ക്ക ഡയറക്ടറുമായ എം.എ യുസുഫലി, നോര്‍ക്ക റൂട്ട്‌സ് ഡയരക്ടര്‍ ഡോ. ആസാദ് മൂപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ഇന്ന് അബുദാബിയിലെ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി നാളെ മുതല്‍ ദുബായ്, ഷാര്‍ജ, ഫുജൈറ, അജ്മാന്‍ എന്നീ എമിറേറ്റുകളില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ സംബന്ധിക്കും.
വ്യാഴം, വെള്ളി ദിവസങ്ങളിലായി ദുബായ് ഇത്തിസലാത്ത് അക്കാദമിയിലാണ് ലോക കേരള സഭയുടെ മിഡില്‍ ഈസ്റ്റ് മേഖലാ സമ്മേളനം. പ്രവാസികള്‍ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. ലോക കേരള സഭയുടെ ഏഴ് ഉപസമിതികള്‍ തയാറാക്കിയ ശുപാര്‍ശകളും ചര്‍ച്ചക്കു വരും. ആദ്യമായാണ് ലോക കേരള സഭയുടെ മേഖലാതല സമ്മേളനം.
കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മുന്‍ മന്ത്രി കെ.സി ജോസഫ് തുടങ്ങിയവരും സംബന്ധിക്കും.