ടീനേജ് സെന്‍സേഷന്‍ നിക്കോളൊ സനിയോളൊ രണ്ടു ഗോള്‍ സ്‌കോര്‍ ചെയ്തതോടെ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ പ്രി ക്വാര്‍ട്ടറില്‍ റോമ 2-1 ന് പോര്‍ടോയെ തോല്‍പിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ ഇരട്ട ഗോളടിക്കുന്ന പ്രായം കുറഞ്ഞ ഇറ്റാലിയന്‍ താരമായി പത്തൊമ്പതുകാരന്‍. ഈ സീസണിലാണ് ആദ്യമായി ഇറ്റാലിയന്‍ ഫസ്റ്റ് ഡിവിഷനില്‍ പോലും സനിയോളൊ കളിക്കുന്നത്. ഇന്റര്‍ മിലാനില്‍ നിന്ന് കഴിഞ്ഞ സീസണില്‍ റോമയിലെത്തിയതു മുതല്‍ ഇറ്റലിയിലെ ഏറ്റവും പ്രതീക്ഷയുള്ള യുവ താരമായി മാറിയിരിക്കുകയാണ് സനിയോളൊ. എഴുപതാം മിനിറ്റിലായിരുന്നു സനിയോളോയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് ഗോള്‍. എഴുപത്താറാം മിനിറ്റില്‍ വീണ്ടും സ്‌കോര്‍ ചെയ്തു. കളി തീരാന്‍ മൂന്ന് മിനിറ്റുള്ളപ്പോള്‍ അഡ്രിയന്‍ ലോപസ് ഒരു എവേ ഗോള്‍ നേടി പോര്‍ടോയുടെ പ്രതീക്ഷ നിലനിര്‍ത്തി.