പരിക്ക് വേട്ടയാടിയതിന്റെ യാതൊരു സൂചനയുമില്ലാതെ രാജകീയമായി കളിച്ച പി.എസ്.ജി യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ അവരുടെ ഗ്രൗണ്ടില്‍ 2-0 ന് തകര്‍ത്തു. പ്രി ക്വാര്‍ട്ടര്‍ ആദ്യ പാദത്തിലെ തോല്‍വിയില്‍ നിന്ന് കരകയറാന്‍ യുനൈറ്റഡിന് പെടാപ്പാട് വേണ്ടി വരും. പ്രത്യേകിച്ചും മാര്‍ച്ച് ആറിന് പാരിസില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ പോള്‍ പോഗ്ബക്ക് കളിക്കാനാവില്ല. കളി തീരാന്‍ ഒരു മിനിറ്റ് ശേഷിക്കെ പോഗ്ബ ചുവപ്പ് കാര്‍ഡ് കണ്ടു.
ജോസെ മൗറിഞ്ഞോയെ പുറത്താക്കി ഓലെ ഗുണ്ണര്‍ സോള്‍സ്‌ക്ജയര്‍ കോച്ചായി വന്ന ശേഷം യുനൈറ്റഡിന്റെ ആദ്യ തോല്‍വിയാണ് ഇത്. 11 കളികളില്‍ പത്തും യുനൈറ്റഡ് ജയിച്ചിരുന്നു. ഒരെണ്ണം സമനിലയായി. എന്നാല്‍ യുനൈറ്റഡ് എവിടെ നില്‍ക്കുന്നുവെന്ന് പി.എസ്.ജി തെളിയിച്ചു കൊടുത്തു. രണ്ടാം പകുതിയില്‍ ഏഴു മിനിറ്റിനിടെ യുവ സെന്‍സേഷന്‍ കീലിയന്‍ എംബാപ്പെയും പ്രസ്‌നല്‍ കിംപെംബെയുമാണ് സ്‌കോര്‍ ചെയ്തത്. നെയ്മാറും എഡിന്‍സന്‍ കവാനിയുമില്ലാതിരുന്നിട്ടും പി.എസ്.ജി കരുത്തു കാട്ടി. ഇരുവരും പരിക്ക് ഭേദമായി തിരിച്ചെത്തുന്നതോടെ പി.എസ്.ജി വമ്പന്മാര്‍ക്ക് വെല്ലുവിളിയാവും. മുന്‍ യുനൈറ്റഡ് താരമായ എയിംഗല്‍ ഡി മരിയയെ യുനൈറ്റഡ് ആരാധകര്‍ കൂവി വിളിച്ചാണ് സ്വീകരിച്ചത്. എന്നാല്‍ രണ്ടു ഗോളിനും വഴിയൊരുക്കി അര്‍ജന്റീനക്കാരന്‍ ഗാലറിയെ നിശ്ശബ്ദമാക്കി.