Sorry, you need to enable JavaScript to visit this website.

വയനാട്ടിൽ ടി. സിദ്ദീഖ്  യു.ഡി.എഫ് സ്ഥാനാർഥിയായേക്കും


മലപ്പുറം- യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളിലൊന്നായ വയനാട്ടിൽ കോൺഗ്രസ് നേതാവ് ടി. സിദ്ദീഖ് യു.ഡി.എഫ് സ്ഥാനാർഥിയായേക്കും. കോൺഗ്രസിലെ പ്രമുഖ നേതാക്കൾ കണ്ണുവെക്കുന്ന വയനാട്ടിലേക്ക് സിദ്ദീഖിനെ പരിഗണിക്കാനാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നതെന്നറിയുന്നു. കോൺഗ്രസ് ഹൈക്കമാന്റിന്റെ അംഗീകാരം ഇതിന് ലഭിക്കേണ്ടതുണ്ട്.
കഴിഞ്ഞ തവണ കാസർകോട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മൽസരിച്ച ടി.സിദ്ദീഖ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. വിജയിക്കാനായില്ലെങ്കിലും ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷം കുറക്കാനായി. സി.പി.എമ്മിലെ പി. കരുണാകരനോട് 5825 വോട്ടുകൾക്കായിരുന്നു സിദ്ദീഖിന്റെ തോൽവി. ഇത്തവണ കാസർകോട് മണ്ഡലത്തിൽ യു.ഡി.എഫിന് മികച്ച മൽസരത്തിന് കളമൊരുക്കാൻ സിദ്ദീഖിന്റെ കഴിഞ്ഞ തവണത്തെ പ്രചാരണ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
ഇത്തവണ വയനാട് സീറ്റിനായി കോൺഗ്രസിലെ പ്രമുഖർ ശ്രമങ്ങൾ നടത്തിവരുന്നുണ്ട്. കെ. മുരളീധരൻ, കെ.സി. വേണുഗോപാൽ തുടങ്ങിയ സംസ്ഥാന നേതാക്കൾക്കൊപ്പം വനിതാ നേതാവ് ഷാനിമോൾ ഉസ്മാൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.അബ്ദുൾ മജീദ് എന്നിവരുടെ പേരുകൾ ഉയർന്നുവന്നിരുന്നു. എന്നാൽ വയനാട് മണ്ഡലം ഉൾപ്പെടുന്ന ജില്ലകളിൽനിന്നുള്ള നേതാക്കൾ മൽസരിച്ചാൽ മിതിയെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമായി ഉയർന്നിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി നേതാക്കൾ കെ.പി.സി.സി നേതൃത്വത്തെ സമീപിച്ചിരുന്നു. മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലായി കിടക്കുന്ന വയനാട് മണ്ഡലത്തിൽ ഈ ജില്ലകളിൽനിന്നുള്ള ഏതെങ്കിലും നേതാവ് മതിയെന്ന ആവശ്യമാണ് യൂത്ത് കോൺഗ്രസ് ഉന്നയിച്ചത്. ടി.സിദ്ദീഖ്., കെ.മുരളീധരൻ, കെ.പി. അബ്ദുൾ മജീദ് എന്നിവരുടെതാണ് ഈ ജില്ലകളിൽനിന്ന് ഉയർന്നു വന്ന പേരുകൾ. സിദ്ദീഖിന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ളവരുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. മാത്രമല്ല, കഴിഞ്ഞ തവണ മികച്ച രീതിയിൽ പോരാടിയ സിദ്ദീഖിന് ഇത്തവണ ഉറച്ച സീറ്റുകളിലൊന്ന് നൽകണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാണ്.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് എം.ഐ. ഷാനവാസ് ഇവിടെ വിജയിച്ചത് 20870 വോട്ടുകൾക്കായിരുന്നു. സി.പി.ഐയിലെ സത്യൻ മൊകേരിയായിരുന്നു മുഖ്യ എതിരാളി. 2009 ൽ മണ്ഡലപുനഃക്രമീകരണത്തിന് ശേഷം വയനാട്ടിൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ഷാനവാസിന്റെ വിജയം ഒന്നര ലക്ഷത്തിലേറെ വോട്ടുകൾക്കായിരുന്നു. 
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി അസംബ്ലി മണ്ഡലം, വയനാട്ടില്ലെ മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, മലപ്പുറം ജില്ലയിലെ നിലമ്പൂർ, വണ്ടൂർ, ഏറനാട് നിയമസഭാ മണ്ഡലങ്ങളും ഉൾപ്പെട്ടതാണ് വയനാട് ലോക്‌സഭാ മണ്ഡലം.

 

Latest News