റിയാദ് - ആറു ദിവസത്തിനിടെ വിവിധ പ്രവിശ്യകളിൽ കനത്ത മഴക്കിടെയുണ്ടായ പ്രളയത്തിൽ പെട്ട് നാലു പേർ മരിച്ചതായി സിവിൽ ഡിഫൻസ് മീഡിയ സെന്റർ അറിയിച്ചു. തബൂക്കിൽ രണ്ടു പേരും മദീനയിൽ രണ്ടു പേരുമാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച മുതൽ ഇന്നലെ രാവിലെ വരെയുള്ള ആറു ദിവസത്തിനിടെ പ്രളയത്തിൽ പെട്ടവരും വെള്ളം കയറിയ പ്രദേശങ്ങളിൽ കുടുങ്ങിയവരും അടക്കം 154 പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. ഇതിൽ 111 പേരെ മദീന പ്രവിശ്യയിലും 29 പേരെ ഹായിലിലും അഞ്ചു പേരെ റിയാദിലും അഞ്ചു പേരെ തബൂക്കിലും രണ്ടു പേരെ അൽജൗഫിലും രണ്ടു പേരെ അൽഖസീമിലുമാണ് രക്ഷപ്പെടുത്തിയത്.
വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്ന് 30 പേരെ ഒഴിപ്പിച്ചു. തബൂക്കിൽ പതിനാറും ഹായിലിൽ പത്തും റിയാദിൽ നാലും പേരെയാണ് ഒഴിപ്പിച്ചത്. സർക്കാർ ചെലവിൽ 98 പേർക്ക് താൽക്കാലിക താമസസൗകര്യം ഏർപ്പെടുത്തി നൽകി. മഴക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുക്കുന്നതിന് വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്നും സിവിൽ ഡിഫൻസ് മീഡിയ സെന്റർ പറഞ്ഞു.