കോട്ടയം - കോട്ടയത്തെ പോരാട്ടത്തിന് ഉണർവേകി ആദ്യ സ്ഥാനാർഥി പ്രഖ്യാപനവുമായി കേരള കോൺഗ്രസ്. ബിജെപി മുന്നണിയിലെ കേരള കോൺഗ്രസ് വിഭാഗമാണ് അപ്രതീക്ഷിതമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പേ പ്രചാരണത്തിന് ഇറങ്ങുന്നത്. വാജ്‌പേയി സർക്കാരിൽ മന്ത്രിയായിരുന്ന പി.സി തോമസാണ് കേരള കോൺഗ്രസ് സ്ഥാനാർഥി. എൻഡിഎ സീറ്റു വിഭജനം പൂർത്തിയാവും മുമ്പേ തന്നെ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് പി.സി തോമസ് രംഗത്തു വരികയായിരുന്നു. ഏതായാലും പി.സി തോമസ് എത്തുന്നതോടെ കോട്ടയത്ത് ശക്തമായ ത്രികോണ പോരാട്ടം ഉറപ്പായി.
ഇന്നലെ ഉച്ചയ്ക്ക് പാർട്ടി യോഗം ചേർന്നാണ് പി.സി തോമസിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. മൂവാറ്റുപുഴ ലോക്‌സഭാ സീറ്റിൽ മൂന്നുതവണ വിജയിച്ച പി.സി തോമസ് പിന്നീട് ബിജെപി മുന്നണിയിലേക്ക് ചേക്കേറുകയായിരുന്നു. 2004 ൽ എൻഡിഎ മുന്നണി സ്ഥാനാർഥിയായി മത്സരിച്ച പി.സി തോമസ് ഇരുമുന്നണികളെയും പിന്നിലാക്കി അട്ടിമറി വിജയം നേടി. കേരളത്തിൽ ബിജെപി മുന്നണി ലോക്‌സഭാ എംപി പി.സി തോമസായിരുന്നു. കേരള കോൺഗ്രസ് എം വിട്ട് എൻഡിഎ മുന്നണിയിൽ എത്തിയ പി.സി തോമസ് മൂവാറ്റുപുഴയിൽ കെ.എം മാണിയുടെ മകൻ ജോസ് കെ മാണിയെയാണ് പരാജയപ്പെടുത്തിയത്. അടുത്ത തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ മണ്ഡലം കോട്ടയം പത്തനംതിട്ട മണ്ഡലങ്ങളിൽ ലയിച്ചു ചേർന്ന് ഇല്ലാതായി. മൂവാറ്റുപുഴയിൽ ഉണ്ടായിരുന്ന അട്ടിമറി വിജയം കോട്ടയത്ത് ആവർത്തിക്കാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നതായി പി.സി തോമസ് ഇന്നലെ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
മറ്റു മുന്നണികൾക്കും ഒരുപടി മുന്നേ കോട്ടയത്ത് തെരഞ്ഞെടുപ്പു പ്രവർത്തനം തുടങ്ങുകയാണ് കേരളകോൺഗ്രസ് പി.സി തോമസ് വിഭാഗം. എൻഡിഎയുടെ നിർദ്ദേശം അംഗീകരിച്ചാണ് കോട്ടയത്ത് പി.സി തോമസിനെ സ്ഥാനാർഥിയാക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതത്രെ.എൻഡിഎ സംസ്ഥാന നേതൃത്വം ഔദ്യോഗിക പ്രഖ്യാപനം നടത്തിയ ശേഷമായിരിക്കും തെരഞ്ഞെടുപ്പ് പ്രവർത്തനവും ഔദ്യോഗികമായി തുടങ്ങുക.
കേരള കോൺഗ്രസ് സ്ഥാപക നേതാവ് പി.ടി ചാക്കോയുടെ മകനായ പി.സി തോമസ് കോട്ടയം വാഴൂർ സ്വദേശിയാണ്. അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച പി.സി തോമസ് കേരള കോൺഗ്രസ് എമ്മിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. കെ.എം മാണിയുടെ കുടുംബവുമായി അമ്മവഴി അടുത്ത ബന്ധമുളള പി.സി തോമസ് മാണിയുമായി തെറ്റിപിരിഞ്ഞ് പാർട്ടി വിടുകയായിരുന്നു. പിന്നീട് എൻഡിഎ സ്ഥാനാർഥിയായി വിജയിച്ചു. ഐഎഫ്ഡിപി എന്ന പാർട്ടി രൂപീകരിച്ച് എൻഡിഎയിൽ ഘടകകക്ഷിയായി. പിന്നീട് അത് പിരിച്ചുവിട്ട് ജോസഫ് വിഭാഗത്തിൽ ലയിച്ചു. ജോസഫ് ഗ്രൂപ്പ് മാണിഗ്രൂപ്പുമായി ചേർന്നതോടെ പി.സി തോമസ് വീണ്ടും എൻഡിഎ പാളയത്തിൽ എത്തുകയായിരുന്നു.
പി.സി തോമസ് എത്തുന്നതോടെ കോട്ടയത്ത് മത്സരചൂടേറുകയാണ്. ഇനി ഇടത് വലതുമുന്നണികളുടെ സ്ഥാനാർഥികളെയാണ് അറിയാനുളളത്. ഇടതുമുന്നണി സീറ്റ് ജനാധിപത്യ കേരള കോൺഗ്രസിന് നൽകിയാൽ ഫ്രാൻസിസ് ജോർജ് എത്തും. പിന്നെ കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ സ്ഥാനാർഥിയുടെ ഊഴമാണ്. അതും വൈകാതെ പ്രഖ്യാപിക്കുമെന്നാണ് സൂചന.