കൊണ്ടോട്ടി- കാടിന്റെ പച്ചിലകൾക്കിടയിലൂടെ ആകാശത്ത് കണ്ട വിമാനങ്ങൾ കൺമുമ്പിൽ നേരിട്ടു കണ്ടും കയറിയും കാടിന്റെ കുരുന്നുകൾ. നിലമ്പൂർ പോത്തുകല്ല് മുണ്ടേരി വാണിയംപുഴ ആദിവാസി കോളനിയിലെ ഏകാധ്യാപക വിദ്യാലയത്തിലെ വിദ്യാർത്ഥികളാണ് ആകാശത്ത് വട്ടമിട്ട് പറക്കുന്ന വിമാനത്തെ നേരിട്ട് കണ്ടും കയറിയും ആസ്വദിച്ചത്.
ജില്ലാ പോലീസിന്റെയും മലപ്പുറം മേൽമുറി എം.എം.ഇ.ടി സ്‌കൂൾ എൻ.എസ്.എസ് യൂനിറ്റിന്റെയും സഹകരണത്തോടെയാണ് ആദിവാസി കുട്ടികൾക്ക് കരിപ്പൂർ വിമാനത്താവളത്തിലേക്ക് പഠന യാത്രക്കുള്ള അവസരം കൈവന്നത്. വിമാനത്താവള അതോറ്റിയുടെ പ്രത്യേക അനുമതിയോടെ കുട്ടികൾ വിമാനത്താവളത്തിനുള്ളിൽ കയറി വിമാനമിറങ്ങുന്നതും പറന്നുയരുന്നതും കണ്ടു. വിമാനത്തിനകത്ത് കയറിയ അവർ ആദ്യകാഴ്ചയുടെ ആത്മസംതൃപ്തിയോടെയാണ് കരിപ്പൂർ വിട്ടത്. വാണിയംപുഴ ഏകാധ്യാപക വിദ്യാലയത്തിലെ ഒന്നു മുതൽ നാലു വരെയുള്ള 29 കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്.
വിമാനത്താവളത്തിലെ കാഴ്ചകൾക്ക് ശേഷം കുട്ടികൾ പിന്നീട് ബേപ്പൂർ തുറമുഖം, ട്രെയിൻ എന്നിവയും കണ്ടാണ് മടങ്ങിയത്. കുരുന്നുകളുടെ ഏറെക്കാലത്തെ ആഗ്രഹമാണ് ഇതോടെ പൂവണിഞ്ഞത്. പോത്തുകല്ല് സ്റ്റേഷനിലെ സി.പി.ഒ രാജേഷ്, എം.എം.ഇ ടി പ്രിൻസിപ്പൽ അബൂബക്കർ, എൻ.എസ്.എസ് കോ ഓഡിനേറ്റർ മുജീബ്, ബദൽ സ്‌കൂൾ അധ്യാപകൻ അബ്ദുൾ ഗഫൂർ നേതൃത്വം നൽകി.